വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

Friday 6 April 2018 2:18 am IST
മൂന്നാമത്തേതില്‍ ആത്മനാശം വരുത്തുന്ന (പ്രവൃത്തികള്‍ ചെയ്യുന്ന) ജനങ്ങള്‍ മരണശേഷം അസൂര്യം (സൂര്യനില്ലാത്ത) എന്ന ഇരുട്ടു മൂടിയ ലോകങ്ങളെ പ്രാപിക്കുന്നു എന്നു പറയുന്നു. നാല് മുതല്‍ എട്ടുവരെയുള്ള മന്ത്രങ്ങള്‍ ആത്മസ്വരൂപത്തെയും അതിന്റെ ലക്ഷണത്തെയും ബ്രഹ്മത്തിന്റെ സോപാധിക, നിരുപാധിക ഭാവങ്ങളേയും വിവരിച്ച ശേഷം എല്ലാ വൈരുധ്യങ്ങളേയും അതില്‍ സമന്വയിപ്പിക്കാന്‍ കഴിയുമെന്നും അതോടൊപ്പം ശോകമോഹങ്ങളെ ജയിച്ചവനും സര്‍വത്ര സമദര്‍ശിയുമായ ആത്മജ്ഞാനിയുടെ അവസ്ഥയേയും വിവരിക്കുന്നു.
"undefined"

ദശോപനിഷത്തുകള്‍- ശങ്കരാചാര്യര്‍ വ്യാഖ്യാനിച്ച പത്ത് ഉപനിഷത്തുകളാണ് ആദ്യഘട്ടത്തില്‍ എഴുതപ്പെട്ടത് എന്നു നാം കണ്ടു. അവ ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നിവയാണെന്നും നാം മനസ്സിലാക്കി. ഇവയുടെ ഓരോന്നിന്റെയും ഉള്ളടക്കം എന്ത് എന്നു നോക്കാം. അതുവഴി ഇവ എഴുതപ്പെട്ട പശ്ചാത്തലം, സമീപനത്തിലെ വ്യത്യസ്തതകള്‍ തുടങ്ങിയവയെക്കുറിച്ച് ഒരു ഏകദേശ ധാരണ നമുക്ക് ഉണ്ടാകും. ഈ വിവരണത്തിന് പ്രധാന അവലംബം മൃഡാനന്ദസ്വാമികളുടെ ഉപനിഷത്തുകള്‍ എന്ന പുസ്തകവും ഉപനിഷദ് വ്യാഖ്യാനങ്ങളുമാണ്.

ഈശാവാസ്യം- ശുക്ലയജുര്‍വേദത്തിന്റെ സംഹിതയിലെ നാല്‍പ്പതാമത്തെ അദ്ധ്യായമാണിത്. ആദ്യത്തെ മുപ്പത്തിയൊമ്പത് അദ്ധ്യായങ്ങളും കര്‍മ്മ കാണ്ഡത്തെ വിവരിക്കുന്നവയാണ്. ആകെ പതിനാറ് മന്ത്രങ്ങളാണ് ഇതിലുള്ളത്. ഈ പ്രപഞ്ചത്തിലുള്ള എല്ലാം ഈശ്വരന്റെ നിവാസ സ്ഥാനങ്ങളാണ്. അതുകൊണ്ട് തന്റേതെന്ന തോന്നല്‍ വെടിഞ്ഞ് ജീവിക്കണം. മറ്റാരുടെയും ധനം തന്റേതാക്കാന്‍ നോക്കരുത് എന്നാണ് ഈശാവാസ്യമിദം സര്‍വ്വം എന്നു തുടങ്ങുന്ന ഒന്നാമത്തെ മന്ത്രത്തിന്റെ അര്‍ത്ഥം. മേല്‍പ്പറഞ്ഞപോലെ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് നൂറുവര്‍ഷം ജീവിക്കാന്‍ ആഗ്രഹിക്കണം. എന്നാല്‍ മനുഷ്യനില്‍ കര്‍മ്മം ഒട്ടിപ്പിടിക്കുകയില്ല. ഇതല്ലാതെ വേറെ വഴി ഇല്ല എന്നു രണ്ടാമത്തെ മന്ത്രം. 

മൂന്നാമത്തേതില്‍ ആത്മനാശം വരുത്തുന്ന (പ്രവൃത്തികള്‍ ചെയ്യുന്ന) ജനങ്ങള്‍ മരണശേഷം അസൂര്യം (സൂര്യനില്ലാത്ത) എന്ന ഇരുട്ടു മൂടിയ ലോകങ്ങളെ പ്രാപിക്കുന്നു എന്നു പറയുന്നു. നാല് മുതല്‍ എട്ടുവരെയുള്ള മന്ത്രങ്ങള്‍ ആത്മസ്വരൂപത്തെയും അതിന്റെ ലക്ഷണത്തെയും ബ്രഹ്മത്തിന്റെ സോപാധിക, നിരുപാധിക ഭാവങ്ങളേയും വിവരിച്ച ശേഷം എല്ലാ വൈരുധ്യങ്ങളേയും അതില്‍ സമന്വയിപ്പിക്കാന്‍ കഴിയുമെന്നും അതോടൊപ്പം ശോകമോഹങ്ങളെ ജയിച്ചവനും സര്‍വത്ര സമദര്‍ശിയുമായ ആത്മജ്ഞാനിയുടെ അവസ്ഥയേയും വിവരിക്കുന്നു. ഒമ്പതു മുതല്‍ പതിനാലുള്‍പ്പടെയുള്ള ആറു മന്ത്രങ്ങളില്‍ ജ്ഞാനമാര്‍ഗത്തെ പൂര്‍ണ്ണമായി അനുസരിക്കാന്‍ ശേഷി ഇല്ലാത്തവര്‍ക്കുള്ള ഉപായത്തെ പറയുന്നു. കേവലം കര്‍മ്മ, ഉപാസനാ മാര്‍ഗങ്ങള്‍ കൊണ്ട് ഉദ്ഗതി ഉണ്ടാകുകയില്ല. ഇവ രണ്ടിനേയും ജ്ഞാനപ്രാപ്തിക്കുള്ള വഴിയായിക്കണ്ട് അനുഷ്ഠിച്ചാല്‍ കല്‍പാന്തം വരെ സുഖം അനുഭവിക്കാമെന്നും ഈ മന്ത്രങ്ങള്‍ വിശദമാക്കുന്നു. 

അവസാനത്തെ നാലു മന്ത്രങ്ങളില്‍ ആസന്നമരണനായി കിടക്കുന്ന സാധകന്റെ പ്രാര്‍ത്ഥനയാണ്. ആദിത്യമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്നതും സത്യസ്വരൂപവുമായ ബ്രഹ്മപദത്തിലേക്കുള്ള വഴി തുറന്നു കിട്ടാന്‍ വേണ്ടിയാണിത്. ഹിരണ്യഗര്‍ഭോപാസകനായ തന്നില്‍ പാപത്തിന്‍ അംശം ബാക്കി ഉണ്ടെങ്കില്‍ അതും ഇല്ലായ്മ ചെയ്ത് പുനരാവൃത്തിരഹിതമായ ശോഭനമാര്‍ഗത്തിലൂടെ തന്നെ നയിക്കണം എന്ന് ആ പ്രാര്‍ത്ഥനയില്‍ അപേക്ഷിക്കുന്നു.            

കേനം- സാമവേദത്തിന്റെ താലവകാര ബ്രാഹ്മണത്തിലാണ് ഇതുള്ളത.് ഈ ബ്രാഹ്മണത്തിന് ആകെ ഒമ്പത് അദ്ധ്യായങ്ങളാണ്. ആദ്യത്തെ എട്ടില്‍ യാഗാദികര്‍മ്മങ്ങളും ദേവതോപാസനകളും വിവരിക്കുന്നു. ഒമ്പതാം അദ്ധ്യായമാണ് ഈ ഉപനിഷത്. കേന എന്നു തുടങ്ങുന്നതിനാല്‍ കേനം എന്ന പേരു വന്നു. ആകെ നാല് അദ്ധ്യായങ്ങളിലായി മുപ്പത്തിനാല് മന്ത്രങ്ങളാണ് ഇതിലുള്ളത്. ആദ്യത്തെ രണ്ടദ്ധ്യായം പദ്യവും പിന്നത്തേതു രണ്ടും ഗദ്യവുമാണ്. 

 ഗുരു-ശിഷ്യ സംവാദ രൂപത്തിലുള്ള ഇതില്‍ മനസ്സ്, വാക്ക്, പഞ്ചേന്ദ്രിയങ്ങള്‍ എന്നിവയെ പ്രവര്‍ത്തിപ്പിക്കുന്നതും എന്നാല്‍ ഇവ കൊണ്ടൊന്നും അറിയാന്‍ കഴിയാത്തതുമായ ആത്മാവിനെ അതായത് ബ്രഹ്മത്തെ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്നു തിരിച്ചറിയുന്ന ബുദ്ധിമാന്‍ ലൗകിക ജീവിതത്തില്‍ നിന്നും പിന്തിരിഞ്ഞ് മരണമില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു എന്നു പറയുന്നു. ബ്രഹ്മത്തെ അറിഞ്ഞു എന്നു പറയുന്നവന്‍ അത് അറിഞ്ഞിട്ടില്ല. കാരണം അറിവിന് അതീതമാണത്. ബ്രഹ്മത്തിന്റെ ഈ ദുര്‍വിജ്ഞേയതയെ അസുരന്മാരെ ഒരിക്കല്‍ യുദ്ധത്തില്‍ തോല്‍പ്പിച്ച ദേവന്മാരുടെ അഹങ്കാരത്തെ ശമിപ്പിക്കുന്ന ഒരു ഉപാഖ്യാനം വഴി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. വായു, അഗ്നി, ഇന്ദ്രന്‍, യക്ഷന്‍, ഹൈമവതിയായ ഉമ എന്ന ദേവത എന്നിവരാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. 

അധിദൈവം, അദ്ധ്യാത്മം എന്ന രണ്ട് അര്‍ത്ഥതലങ്ങളെ ഈ ഉപനിഷത്തില്‍ എടുത്തുപറയുന്നു. തപസ്സ്, ദമം (ഇന്ദ്രിയനിയന്ത്രണം), നിഷ്‌കാമകര്‍മ്മാനുഷ്ഠാനം എന്നിവയാണ്  ജനനമരണരഹിതമായ ബ്രഹ്മപദത്തെ പ്രാപിക്കാനുള്ള വഴികള്‍. അനന്തവും ശ്രേഷ്ഠവും ആയ സ്വര്‍ഗം എന്നാണ് ബ്രഹ്മപദത്തെ ഈ ഉപനിഷത്തില്‍ പറയുന്നത്.

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.