ചന്തിരൂരിലും തുറവൂരിലും കുടിവെള്ളക്ഷാമം

Friday 6 April 2018 2:00 am IST

 

 

അരൂര്‍: അരൂര്‍ പഞ്ചായത്തിന്റെ തെക്ക് പ്രദേശമായ ചന്തിരൂരില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷം. വീട്ടാവശ്യത്തിനും മറ്റും ശുദ്ധജലം ലഭിക്കാതെ നാട്ടുകാര്‍ നെട്ടോട്ടത്തിലാണ്. പ്രദേശത്തെ ജപ്പാന്‍ പൈപ്പുകളില്‍ നിന്നും കൃത്യമായി വെള്ളം ലഭിക്കാതായിട്ട് മാസങ്ങളായി. 

  വെളുത്തുള്ളി, കണ്ണച്ചാതുരുത്ത്, വട്ടച്ചാല്‍, വെളുത്തുള്ളി ബണ്ട് എന്നിവടങ്ങളിലാണ് ജലക്ഷാമം രൂക്ഷം. പട്ടികജാതി, നിര്‍ധന മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ എറെയുമുള്ളത്. ചുറ്റും ഓരുവെള്ളം നിറഞ്ഞ പ്രദേശമായതിനാല്‍ മറ്റ് ശുദ്ധജല സ്‌ത്രോതസ്സുകള്‍ ഇല്ല. ജപ്പാന്‍ കുടിവെള്ള വിതരണമാണ് ഏക ആശ്രയം.ഇത് നിശ്ചലമായതോടെ  ജനങ്ങള്‍ ദുരിതക്കയത്തിലാണ്. ടാങ്കറുകളില്‍ വരുന്ന വെള്ളം പണം കൊടുത്ത് പോലും വാങ്ങുന്ന അവസ്ഥയാണ്. 

  അരൂര്‍ പഞ്ചായത്തില്‍ നിന്ന് കുടിവെള്ള സംഭരണിയില്‍ ജലം ചന്തിരൂരിലെത്തുന്നതിന്റെ ദൂരമാണ് വെള്ളം കുറച്ച് മാത്രമായി ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.ദേശീയ പാതയില്‍ നിന്ന് നേരിട്ട് കണക്ഷന്‍ ലഭിക്കാന്‍ കഴിഞ്ഞാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയും. എഴുപുന്ന പഞ്ചായത്തിന്റെ വാട്ടര്‍ ടാങ്ക് സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്തിന് സമീപമാണ്. ദിവസങ്ങള്‍ കഴിയുന്തോറും മേഖലയിലെ കുടിവെള്ള ക്ഷാമം ഗുരുതരമായി തുടരുകയാണ്.

തുറവൂര്‍: ജനങ്ങള്‍ ദുരിതത്തില്‍. തീരമേഖലയില്‍ കുടിവെള്ളം കിട്ടാക്കനി. കുത്തിയതോട് പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ പള്ളിത്തോട് തമ്പുരാന്‍ വളപ്പ് പ്രദേശത്തെ പൈപ്പുകളില്‍ വെള്ളമെത്തിയിട്ട് ഒന്നരമാസമായി. നിരവധി തവണ അധികാരികളെ കണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ശുദ്ധജലം കിട്ടാതായതോടെ മേഖലയിലെ നൂറോളം കുടുംബങ്ങള്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം ശേഖരിക്കുന്നത്. 

  ഓരുവെള്ളം നിറഞ്ഞ പൊഴിച്ചാലുകളുള്ള പ്രദേശമാണ് ഇവിടം. മറ്റ് ശുദ്ധജല സ്രോതസുകളില്ലാത്തതിനാല്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള പൈപ്പുകളാണ് ഏക ആശ്രയം. വെള്ളം ലഭിക്കാതായതോടെ ജനങ്ങള്‍ പൊഴിച്ചാലിലെ മാലിന്യം കലര്‍ന്ന വെള്ളം ഉപയോഗിക്കേണ്ട സ്ഥിതിയാണ്. പ്രദേശവാസികള്‍ ചാമ്പുപൈപ്പുകള്‍ സ്ഥപിച്ച് ശുദ്ധജലം ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശത്ത് ഓര് റ്വ്യാപിച്ചതിനാല്‍ ഫലമുണ്ടായില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.