പരമാണു മുതല്‍ പരാര്‍ദ്ധം വരെ

ഭാഗവതത്തിലൂടെ
Friday 6 April 2018 2:10 am IST
കണ്ണുകള്‍ക്കു ഗോചരമല്ലാത്ത പരമാണു എന്ന സൂക്ഷ്മ ഘടകം. കാലവും അതുപോലെ തന്നെ കണ്ണിന് ഗോചരമല്ല. കാലംകൊണ്ടും ഛേദിക്കാന്‍ കഴിയാത്തതാണ് പരമാണു എന്ന വസ്തു. ഏറ്റവും സൂക്ഷ്മമായിട്ടുള്ള വസ്തു. സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്കെല്ലാം കാരണം കാലം.
"undefined"

ഭാഗവതത്തിലെ ബ്രഹ്മാവിന്റെ സൃഷ്ടികള്‍ എന്ന സര്‍ഗത്തിലെ പുരാണഘടനകള്‍ മൈത്രേയ മഹര്‍ഷി വിദുരര്‍ക്കു പറഞ്ഞുകൊടുത്തു.

ഭഗവാന്‍-സാക്ഷാല്‍ സത്വസ്വരൂപനായ വിഷ്ണുതന്നെ സ്വയം ബ്രഹ്മാവായി വന്ന് സത്യലോകത്ത് വസിച്ചുകൊണ്ട് സൃഷ്ടി കര്‍മ്മങ്ങള്‍ ആരംഭിച്ചു. എട്ടുവിധത്തില്‍ ദേവസര്‍ഗത്തെ സൃഷ്ടിച്ചു.

കണ്ണുകള്‍ക്കു ഗോചരമല്ലാത്ത പരമാണു എന്ന സൂക്ഷ്മ ഘടകം. കാലവും അതുപോലെ തന്നെ കണ്ണിന് ഗോചരമല്ല. കാലംകൊണ്ടും ഛേദിക്കാന്‍ കഴിയാത്തതാണ് പരമാണു എന്ന വസ്തു. ഏറ്റവും സൂക്ഷ്മമായിട്ടുള്ള വസ്തു. സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്കെല്ലാം കാരണം കാലം. ഒരു കിരണം പരമാണുവിനെ തരണം ചെയ്യുന്ന കാലത്തിന് പരമാണു എന്നു തന്നെ പേര്. സ്ഥൂല ലോകത്തില്‍ കാലകാരകന്‍ സൂര്യന്‍. അതിനാല്‍ സൂര്യകിരണം ഒരു പരമാണുവിനെ അതിക്രമിക്കാന്‍ എടുക്കുന്ന സമയം പരമാണു.

അനേകം പരമാണുക്കള്‍ ചേര്‍ന്നാണ് ദിവസങ്ങളും മാസങ്ങളും ഉണ്ടാകുന്നത്.

രണ്ടുപരമാണു ഒരണു. മൂന്നുപരമാണു ഒരു ത്രസരേണു. കണ്ണുകള്‍ക്കു കാണാന്‍ കഴിയുന്ന സൂക്ഷ്മമായ വസ്തു. ജനല്‍ പാളികള്‍ക്കിടയിലൂടെ മുറിക്കകത്തു കടന്നുവരുന്ന സൂര്യരശ്മിയില്‍ അനേകം ത്രസരേണുക്കള്‍ ചലിക്കുന്നതായി കാണാം. 300 ത്രസരേണു ഒരു വേധം. ഒന്‍പതുവേധം ഒരു നിമിഷം. മൂന്നു നിമിഷം ഒരു ക്ഷണം.

225 ക്ഷണം ഒരു ലഘു. 15 ലഘു ഒരു നാഴിക. 60 നാഴിക ഒരു ദിവസം. ഇതിനെ പിന്നെ പക്ഷങ്ങള്‍, മാസങ്ങള്‍, ഋതുക്കള്‍, അയനങ്ങള്‍, വര്‍ഷങ്ങള്‍ എന്നിങ്ങനെ കണക്കാക്കാം. നൂറുവര്‍ഷം ഒരു പുരുഷായുസ്.

ഭാരതവര്‍ഷത്തിലെ കാലഗണനാ സമ്പ്രദായത്തിലെ സൂക്ഷ്മത ഇവിടെ പ്രകടമാണ്.

കണ്ണടച്ചു തുറക്കുന്ന സമയമാണ് ഒരു നിമിഷം. അങ്ങനെയുള്ള ഒരു നിമിഷത്തെ എത്രയായി വിഭജിച്ചിരിക്കുന്നു. ഒരു നിമിഷത്തിന്റെ ഒന്‍പതില്‍ ഒരു ഭാഗമാണ് ഒരു വേധം. തൊള്ളായിരം ത്രസരേണു കൂടുന്നതാണ് ഒരു വേധം.

ഇനി മുകളിലോട്ട് ചിന്തിച്ചാല്‍ ദേവന്മാരുടെ വര്‍ഷം. ബ്രഹ്മാവിന്റെ വര്‍ഷം തുടങ്ങി അനേക മടങ്ങ് കാലത്തെ ഭാഗവതം നിര്‍വചിച്ചിരിക്കുന്നു. ആയിരം ചതുര്‍യുഗമാണ് ബ്രഹ്മാവിന്റെ ഒരു പകല്‍. ബ്രഹ്മാവിന്റെ ഒരു പകല്‍ കഴിയുമ്പോള്‍ ത്രിലോകങ്ങളും നശിക്കുന്നു. 14 മനുക്കള്‍ ഈ സമയത്ത് രാഷ്ട്രപാലനം നടത്തും. എല്ലാ മന്വന്തരത്തിലും ഭഗവാന്‍ വിഷ്ണു അവതരിക്കും. 

നൂറു ബ്രഹ്മവര്‍ഷമാണ് ബ്രഹ്മാവിന്റെ ആയുസ്.  അതിനെ രണ്ടു പരാര്‍ദ്ധങ്ങളായിപ്പറയുന്നു. ബ്രഹ്മാവിന്റെ ഈ ദ്വിപരാര്‍ധം ജഗദാത്മാവിന്റെ ഒരു നിമിഷം മാത്രം.

കാലസൃഷ്ടി എന്നത് പ്രപഞ്ചസൃഷ്ടി കര്‍മത്തിന്റെ പ്രാരംഭമായിരുന്നു. തുടര്‍ന്ന് ബ്രഹ്മാവ് തമോലോകങ്ങളെ സൃഷ്ടിച്ചു. സനത് കുമാരാദി ഋഷിമാരെ സൃഷ്ടിച്ചു. ഈ മാനസപുത്രന്മാര്‍ ഇന്ദ്രിയങ്ങളെ ജയിച്ചവരാകയാല്‍ നാശത്തെ അതിജീവിച്ചവരാണ്.

ഇവരോട് സൃഷ്ടി നടത്താന്‍ ബ്രഹ്മാവ് നിര്‍ദ്ദേശിച്ചുവെങ്കിലും വാസുദേവപരായണന്മാരായ അവര്‍ മോക്ഷധര്‍മത്തില്‍ മാത്രം താല്‍പ്പര്യം പ്രകടിപ്പിച്ച് പിന്മാറി.

സനത് കുമാരാദികളോട് തര്‍ക്കിച്ചുനില്‍ക്കാനാവാതെ കോപിഷ്ഠനായ ബ്രഹ്മാവിന്റെ നെറ്റി ചുളിഞ്ഞു. മൂക്കുവിറച്ചു. പുരികങ്ങളുടെ മധ്യത്തില്‍ നിന്നും ആ രൗദ്രത രൂപംപ്രാപിച്ച് പുറത്തേക്ക് വന്നു. അതാണ് രുദ്രന്‍. രൗദ്രതയില്‍ നിന്ന് വന്നതുകൊണ്ട് രുദ്രന്‍. തന്റെ സ്ഥാനത്തിനായി രുദ്രന്‍ രോദനം ചെയ്തു. ബ്രഹ്മാവ് രുദ്രനുള്ള സ്ഥാനവും പ്രവൃത്തിയും നിര്‍ണയിച്ചു നല്‍കി. രുദ്രന്‍ ആജ്ഞയനുസരിച്ച് സൃഷ്ടികര്‍മമാരംഭിച്ചു. രൂപത്തില്‍ തന്നെപ്പോലെ തന്നെയുള്ള അനേകരെ സൃഷ്ടിച്ചു. എല്ലാവര്‍ക്കും ദേഷ്യഭാവം.

ഒടുവില്‍ ബ്രഹ്മാവു തന്നെ സൃഷ്ടി നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചു. 

പിന്നെ എന്തുചെയ്യാനാണെന്ന മട്ടില്‍ രുദ്രന്‍  ബ്രഹ്മാവിനെ നോക്കി.

പോയി തപസു ചെയ്‌തോളൂ.

തപസൈവ പരം ജ്യോതിര്‍ഭഗവന്തമധോക്ഷജം

സര്‍വഭൂതഗുഹാവാസം അഞ്ജസാ വിന്ദതേ പുമാന്‍

സര്‍വഭൂതങ്ങളുടേയും ഉള്ളില്‍ വസിക്കുന്ന പരംപുരുഷനെ തപസ്സു ചെയ്യുന്നതുവഴി ആ ഭഗവാനെത്തന്നെ പ്രാപിക്കുന്നു.

രുദ്രന്‍ തപസ്സിനു പോയി. തുടര്‍ന്ന് ബ്രഹ്മാവ് മരീച്യാദികളായ പത്തുമഹര്‍ഷിമാരെ സൃഷ്ടിച്ചു. മരീചി, അത്രി, അംഗിരസ്, പുലസ്ത്യന്‍, പുലഹന്‍, ക്രതു, ഭൃഗു, വസിഷ്ഠന്‍, ദക്ഷന്‍, നാരദന്‍.

മനസ്സില്‍നിന്ന് മരീചി, മടിയില്‍ നിന്ന് നാരദന്‍, അംഗുഷ്ടത്തില്‍നിന്ന് ദക്ഷന്‍, പ്രാണനില്‍നിന്ന് വസിഷ്ഠന്‍, ത്വക്കില്‍നിന്ന് ഭൃഗു, കരത്തില്‍നിന്ന് ക്രതു, നാഭിയില്‍നിന്ന് പുലഹന്‍, കര്‍ണത്തില്‍നിന്ന് പുലസ്ത്യന്‍, മുഖത്തില്‍നിന്ന് അംഗിരസ്, അക്ഷികളില്‍നിന്ന് അത്രി.

തുടര്‍ന്ന് സ്തനത്തില്‍നിന്ന് ധര്‍മനും പൃഷ്ടത്തില്‍ നിന്ന് അധര്‍മവും ജനിച്ചു. ധര്‍മനില്‍ നിന്നും നാരായണനും അധര്‍മത്തില്‍നിന്ന് മൃത്യുവും ഉണ്ടായി.

പിന്നീടാണ് കാമക്രോധാദികളുടെ ജനനം.

9447213643

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.