കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച വാട്ടര്‍ ഹബ്ബ് നോക്കുകുത്തി കൊടൂരാര്‍ ആഴം കൂട്ടല്‍ പദ്ധതിക്ക് അനുമതിയായില്ല

Friday 6 April 2018 2:00 am IST
പോളയും പ്ലാസ്റ്റിക്ക് മാലിന്യവും നിറഞ്ഞ കൊടൂരാര്‍ ആഴംകൂട്ടാന്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് ഭരണാനുമതിയായില്ല. അഴുക്ക് ചാലായി മാറിയ കൊടൂരാറിലെ മാലിന്യം നീക്കം ചെയ്യാന്‍ 23 ലക്ഷത്തിന്റെ പദ്ധതിയാണ് മേജര്‍ ഇറിഗേഷന്‍ സമര്‍പ്പിച്ചത്.

 

കോട്ടയം: പോളയും പ്ലാസ്റ്റിക്ക് മാലിന്യവും നിറഞ്ഞ കൊടൂരാര്‍ ആഴംകൂട്ടാന്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് ഭരണാനുമതിയായില്ല. അഴുക്ക് ചാലായി മാറിയ കൊടൂരാറിലെ മാലിന്യം നീക്കം ചെയ്യാന്‍ 23 ലക്ഷത്തിന്റെ പദ്ധതിയാണ് മേജര്‍ ഇറിഗേഷന്‍ സമര്‍പ്പിച്ചത്. 

എന്നാല്‍ സാമ്പത്തിക നിയന്ത്രണമുള്ളതിനാലാണ്  സര്‍ക്കാര്‍ ഇതുവരെ അനുമതി കൊടുക്കാത്തത്. കൊടൂരാര്‍ ആഴംകൂട്ടി ബോട്ടുകള്‍ക്ക് സഞ്ചാരിക്കാന്‍ തക്ക വിധത്തിലായെങ്കില്‍ മാത്രമെ നിര്‍മ്മാണം പൂര്‍ത്തിയായ കച്ചേരിക്കടവിലെ വാട്ടര്‍ ഹബ്ബ് തുറക്കാന്‍ സാധിക്കുകയുള്ളുവെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.

വിനോദ സഞ്ചാര മേഖലയില്‍ കോട്ടയത്തിന് കുതിപ്പ് നല്‍കാന്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കച്ചേരിക്കടവ് വാട്ടര്‍ ഹബ്ബ്. ഇതിന്റെ ഒന്നാം ഘട്ടമാണ് പൂര്‍ത്തിയായത്. രാജഭരണകാലത്ത് ജലഗതാഗതത്തിന്റെ കേന്ദ്രമായിരുന്ന ഈ ജെട്ടിക്ക് പുതിയ മുഖമാണ് കൈവന്നിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പും ജലഗതാഗതവകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കിയത്. നാശോന്മുഖമായിരുന്ന ജെട്ടി എട്ട് കോടി രൂപ ചെലവഴിച്ചാണ് ഹബ്ബിന്റെ ഒന്നാം ഘട്ടം തീര്‍ത്തത്. 

അവധിക്കാലത്തിന് മുമ്പ് വാട്ടര്‍ ഹബ്ബ് തുറക്കുമെന്നാണ് ടൂറിസം വകുപ്പ് അധികൃതര്‍ പറഞ്ഞത്. ഇതില്‍ 417 മീറ്റര്‍ നടപ്പാത, വാച്ച് ടവര്‍, ജലശുദ്ധീകരണ സംവിധാനം, ലഘുഭക്ഷണശാല,കുട്ടുകളുടെ പാര്‍ക്ക് മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. 50 സെന്റ് സ്ഥലത്താണ്  ഹബ്ബ് ഒരുക്കിയത്. ഇതില്‍ 36 സെന്റ് ജലഗതാഗവകുപ്പിന്റെയും 14 സെന്റ് ടൂറിസം വകുപ്പിന്റേതുമാണ്. എന്നാല്‍ ഹബ്ബ് തുറക്കണമെങ്കില്‍ ജലയാനങ്ങള്‍ അടുക്കുന്നതിന് തടസ്സമായ പോള മാറ്റണണം. കൊടൂരാര്‍ പോള കൊണ്ട് നിറഞ്ഞു. കോട്ടയം-ആലപ്പുഴ സര്‍വ്വീസിനെ ബാധിക്കുന്ന തരത്തിലാണ് പോള വളര്‍ന്നിരിക്കുന്നത്. ഇത് നീക്കം ചെയ്യാനാണ് ഇറിഗേഷന്‍ വകുപ്പ് പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.