ഹിന്ദു ഐക്യം കേരളത്തിന്റെ ഭാവി നിര്‍ണയിക്കും

Friday 6 April 2018 2:30 am IST
ഹിന്ദുസമൂഹത്തില്‍ മുഴുവനും മാഞ്ഞുപോകാത്ത ജാതിക്കുശുമ്പുകള്‍ എവിടെയെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുമ്പോള്‍ അതതിടങ്ങളില്‍ ഐക്യത്തിന്റെ സാന്ത്വനവുമായി ഇന്ന് ഹിന്ദു ഐക്യവേദി കടന്നുചെല്ലുന്നു. പൂജാരിമാരെല്ലാം 'ബ്രാഹ്മണ'രാണെന്ന സത്യം ഇപ്പോള്‍ സമൂഹം ഉള്‍ക്കൊള്ളുന്നു. യദുകൃഷ്ണന്മാര്‍ക്ക് പൂര്‍ണകുംഭം മാത്രമല്ല പൂര്‍ണമനസ്സും സമര്‍പ്പിക്കുന്നു. നൂറ്റാണ്ടുകളുടെ ജാതിപ്രശ്‌നങ്ങള്‍ നിമിഷനേരംകൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന 'മാന്ത്രിക ദണ്ഡ്' ഹിന്ദു ഐക്യവേദിയുടെ കൈവശമില്ല. അതുകൊണ്ടുതന്നെ, ഒറ്റപ്പെട്ട വിഷയങ്ങളില്‍ ഇനിയും ജാതിചിന്തകള്‍ ഇടംപിടിച്ചേക്കാം. പക്ഷേ അത്തരം വിഷയങ്ങള്‍ വഷളാക്കാന്‍ പാടുപെടുന്ന രാഷ്ട്രീയപാര്‍ട്ടികളേക്കാള്‍, പരിഹരിക്കാന്‍ സാധിക്കുന്ന ഹിന്ദു ഐക്യവേദിയില്‍ സമൂഹം വിശ്വാസമര്‍പ്പിക്കുന്നു.
"undefined"

'സംഗഛധ്വം സംവദധ്വം' എന്ന വേദമൊഴിയും,  'ഐകമത്യം മഹാബലം' എന്ന പഴമൊഴിയും 'സംഘടിച്ചു ശക്തരാകുക' എന്ന ഗുരുമൊഴിയും 'ഒന്നായാല്‍ നന്നായി' എന്ന കവിമൊഴിയും ഹിന്ദുസമൂഹം ഉള്‍ക്കൊണ്ടപ്പോഴാണ് ഹിന്ദു ഐക്യവേദി എന്ന സംഘടന രൂപംകൊണ്ടതെന്നു പറയാം.

ചരിത്രത്തില്‍ ഹിന്ദു ഐക്യം രണ്ടു ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് ഉണ്ടായിട്ടുള്ളത്. ഒന്ന്: അനാചാരങ്ങള്‍ക്കും അപചയങ്ങള്‍ക്കും എതിരായ നവോത്ഥാനത്തിനുവേണ്ടി. രണ്ട്:  അവഗണനകള്‍ക്കും അപമാനത്തിനും അവസര നിഷേധത്തിനും എതിരെയുള്ള ശാക്തീകരണത്തിനുവേണ്ടി.

കേരളത്തിലെ ഹിന്ദുസമൂഹം ആദ്യകാലങ്ങളില്‍ സംഘടിച്ചത് സ്വയം ശുദ്ധീകരണത്തിനുവേണ്ടിയായിരുന്നു. ഹൈന്ദവ സമൂഹത്തിനിടയില്‍ വേരുറച്ചുപോയ അനാചാരങ്ങള്‍ പറിച്ചെറിയാന്‍ ശ്രമങ്ങള്‍ നടന്നു. ചേലാ കലാപവും കല്ലുമാലാ സമരവും വില്ലുവണ്ടിയാത്രയും പന്തിഭോജനവും അടക്കമുള്ളവ, പ്രാദേശികമെങ്കിലും ശക്തമായ ഹൈന്ദവ നവോത്ഥാന പരിശ്രമങ്ങളായിരുന്നു. വൈക്കം-ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ ദേശാതിര്‍ത്തികള്‍ വിട്ട് വളര്‍ന്നു. അയ്യാ വൈകുണ്ഠസ്വാമികളും ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും ശുഭാനന്ദഗുരുദേവനും മഹാത്മാ അയ്യങ്കാളിയുമൊക്കെ ആ ഐക്യത്തിന്റെ സൂത്രധാരന്മാരായിരുന്നു. ഭ്രാന്താലയത്തില്‍നിന്ന് തീര്‍ത്ഥാലയത്തിലേക്കുള്ള മലയാളികളുടെ യാത്ര മതേതരവണ്ടിയിലായിരുന്നില്ല. അതിന് വഴിവച്ചത് ഹൈന്ദവ ആചാര്യന്മാരുടെ ആഹ്വാനങ്ങള്‍ക്കൊപ്പം അണിനിരന്ന ഹിന്ദു കൂട്ടായ്മയാണ്.

ഹിന്ദുസമൂഹത്തില്‍ മുഴുവനും മാഞ്ഞുപോകാത്ത ജാതിക്കുശുമ്പുകള്‍ എവിടെയെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുമ്പോള്‍ അതതിടങ്ങളില്‍ ഐക്യത്തിന്റെ സാന്ത്വനവുമായി ഇന്ന് ഹിന്ദു ഐക്യവേദി കടന്നുചെല്ലുന്നു. പൂജാരിമാരെല്ലാം 'ബ്രാഹ്മണ'രാണെന്ന സത്യം ഇപ്പോള്‍ സമൂഹം ഉള്‍ക്കൊള്ളുന്നു. യദുകൃഷ്ണന്മാര്‍ക്ക് പൂര്‍ണകുംഭം മാത്രമല്ല പൂര്‍ണമനസ്സും സമര്‍പ്പിക്കുന്നു. നൂറ്റാണ്ടുകളുടെ ജാതിപ്രശ്‌നങ്ങള്‍ നിമിഷനേരംകൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന 'മാന്ത്രിക ദണ്ഡ്' ഹിന്ദു ഐക്യവേദിയുടെ കൈവശമില്ല. അതുകൊണ്ടുതന്നെ, ഒറ്റപ്പെട്ട വിഷയങ്ങളില്‍ ഇനിയും ജാതിചിന്തകള്‍ ഇടംപിടിച്ചേക്കാം. പക്ഷേ അത്തരം വിഷയങ്ങള്‍ വഷളാക്കാന്‍ പാടുപെടുന്ന രാഷ്ട്രീയപാര്‍ട്ടികളേക്കാള്‍, പരിഹരിക്കാന്‍ സാധിക്കുന്ന ഹിന്ദു ഐക്യവേദിയില്‍ സമൂഹം വിശ്വാസമര്‍പ്പിക്കുന്നു.

ഹൈന്ദവ ശാക്തീകരണം എന്നത്തേക്കാളും ആവശ്യമായ കാലഘട്ടത്തിലൂടെയാണ് ഇന്ന് സമൂഹം കടന്നുപോകുന്നത്. കാവിനിറവും വേദമ്രന്തങ്ങളുമടക്കം ഹൈന്ദവ സ്വത്വവും ബിംബങ്ങളും അപമാനിക്കപ്പെടുന്നു. 'മതനിരപേക്ഷത' എന്ന വാക്കിന് 'ഹിന്ദു വിരോധം' എന്ന പുതിയ അര്‍ത്ഥകല്‍പ്പന കൈവന്നിരിക്കുന്നു.

ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാല്‍ ജയിലും പിഴയും വിധിക്കുന്ന വ്യവസ്ഥിതിയോട് ഹിന്ദുക്കള്‍ക്ക് പൊരുതേണ്ടിവരുന്നു. മുസ്ലിംലീഗിന്റെ അധ്യക്ഷന് പള്ളികളുടെ ഖാസിയാകാം. പക്ഷേ ഹിന്ദു ഐക്യവേദിയുടെ നേതാക്കള്‍ക്ക് ക്ഷേത്രങ്ങളില്‍ ചെല്ലണമെങ്കില്‍ രാഷ്ട്രീയക്കാരുടെ അനുവാദം വേണമെന്ന അവസ്ഥ സൃഷ്ടിക്കാന്‍ നോക്കുന്നു. അഖില എന്ന ഹിന്ദു പെണ്‍കുട്ടിയെ ഹാദിയയാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സംഘടന മുസ്ലിംപള്ളികളില്‍നിന്ന് ധനസമാഹരണം നടത്തുന്നു. ഹിന്ദുത്വ പ്രസ്ഥാനങ്ങളെ അധിക്ഷേപിക്കുന്ന രാഷ്ട്രീയനേതാക്കള്‍ പള്ളികളിലെ ഈ ധനസമാഹരണം കണ്ടില്ലെന്ന് നടിച്ചു. സഹോദര സമുദായത്തെ വേദനിപ്പിക്കുന്ന ഈ പ്രവൃത്തി നടത്തുന്നവരോട് സ്വന്തം ആരാധനാലയങ്ങളില്‍നിന്ന് 'കടക്ക് പുറത്ത്' എന്നു പറയാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കാര്‍ക്കില്ലാതെപോയി. അഖിലയും അമ്മയും കുളിച്ചുതൊഴുന്ന വൈക്കത്തപ്പന്റെ തിരുനടയില്‍ അഷ്ടമി ദിവസം അഖില കേസിനുവേണ്ടി പണപ്പിരിവ് നടത്താന്‍ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ ആരെയെങ്കിലും അനുവദിക്കുമായിരുന്നോ? അങ്ങനെ ഒരു ശ്രമം ഏതെങ്കിലും ഹിന്ദുസംഘടന നടത്തിയാല്‍ 'മതേതര ' രാഷ്ട്രീയക്കാര്‍ എന്തൊക്കെയായിരിക്കും കാട്ടിക്കൂട്ടുക.

ക്ഷേത്രത്തില്‍ പോകാന്‍ അനുവാദമില്ലാത്ത ദേവസ്വം മന്ത്രി എന്ന ഗതികേട് മറ്റേതെങ്കിലും സമൂഹത്തിനുണ്ടാകുമോ? മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയാല്‍ തകരുന്ന മതേതരത്വം, ധനമന്ത്രി തോമസ് ഐസക് റോമില്‍ പോയാല്‍ തകരില്ല!

പടയോട്ടങ്ങളിലും ലഹളകളിലും ആധിപത്യം സ്ഥാപിക്കാന്‍ ഗോഹത്യ നടത്തിയിരുന്നതും, ഹിന്ദുക്കളെ ഗോമാംസം തീറ്റിച്ചിരുന്നതും ചരിത്രം. ദേവസ്വം ഗോശാലകളില്‍ ഗോക്കളെ പട്ടിണിക്കിട്ട് ഹത്യ നടത്തുന്നതും, ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് മതപാഠശാല നിര്‍ത്തി മാംസഭക്ഷണശാല നടത്തുന്നത് വര്‍ത്തമാനകാലം. ശതകോടികള്‍ വരുമാനമുള്ള ശബരീശന് നടയ്ക്കുവച്ച ഗോക്കള്‍ നിലയ്ക്കലില്‍ പട്ടിണി കിടന്ന് ചത്തൊടുങ്ങുമ്പോള്‍ ദേവസ്വം അധികാരികള്‍ ചിരിക്കുന്നു. ഗോപാലകനായ ഗുരുവായൂരപ്പന്റെ ഗോക്കള്‍ വെങ്ങാട് ഗോകുലത്തില്‍ നരകിക്കുമ്പോള്‍ ശ്രീകൃഷ്ണ കോളേജില്‍ ഗോമാംസസദ്യ. ഫറൂഖ് കോളേജില്‍ 'ഹോളി ഫെസ്റ്റ്' ഹറാമാകുമ്പോള്‍, കേരളവര്‍മ്മ കോളേജില്‍ 'ബീഫ് ഫെസ്റ്റ്' ഹലാലാകുന്നു. ഇത് മതേതരത്വത്തിന്റെ പുതിയ രസതന്ത്രം.

ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുക എന്നത് സര്‍ക്കാര്‍ നയമല്ലെന്ന പ്രഖ്യാപനങ്ങള്‍ മുറയ്ക്ക് നടക്കുമ്പോഴും ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രമടക്കം പല പ്രധാന േക്ഷത്രങ്ങളും ഭരണകൂട ഭീകരതയുടെ സ്വാദറിയുന്നു. അഴിമതിയും കെടുകാര്യസ്ഥതയും അഭിപ്രായവ്യത്യാസങ്ങളുമാണ് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള കാരണമായി പറയുന്നത്. എങ്കില്‍ ഇതൊക്കെയുള്ള ദേവസ്വം ബോര്‍ഡുകള്‍ ആരാണ് പിടിച്ചെടുക്കേണ്ടത്? ഇല്ലാത്ത കോടതിവിധിയുടെ പേരില്‍ നട്ടപ്പാതിരയ്ക്ക് 400 പോലീസുകാര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം വളഞ്ഞ് അധികാരത്തിന്റെ ഹുങ്ക് കാണിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ മോഷണക്കുറ്റം ആരോപിച്ച സംഘട്ടനത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിനും, തീവണ്ടിയാത്രയിലെ സീറ്റ് തര്‍ക്കത്തില്‍ കൊല്ലപ്പെട്ട ഹരിയാനയിലെ ജുനൈദിനും മതമുണ്ടായിരുന്നു. മതമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട മധുവിനോ കൊലപാതകികള്‍ക്കോ, സെല്‍ഫി എടുത്ത് അര്‍മാദിച്ചവര്‍ക്കോ മറ്റെന്തുണ്ടായാലും മതം മാത്രമുണ്ടായില്ല! എന്തത്ഭുതം!! അട്ടപ്പാടി മല്ലീശ്വര ക്ഷേത്രം പിടിച്ചെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിലൂടെ സര്‍ക്കാര്‍ നീങ്ങിയ  ദിവസങ്ങളിലാണ് മധു എന്ന പട്ടികവര്‍ഗക്കാരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. മല്ലീശ്വരന്റെ 'പ്രശ്‌നം' തീര്‍ക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കരുക്കള്‍ നീക്കിയ സര്‍ക്കാര്‍, ആ മല്ലീശ്വരന്റെ മക്കളുടെ പട്ടിണി കാണുന്നില്ല! മനോരോഗം അറിയുന്നില്ല!!

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ന്യൂനപക്ഷപദവി സംഘടിപ്പിച്ച് സംവരണ സമുദായങ്ങളെ പടിക്കുപുറത്ത് നിര്‍ത്തുമ്പോള്‍ ഡോ. ബി.ആര്‍. അംബേദ്കര്‍, മദനിയോടൊപ്പം പിഡിപിയുടെ പോസ്റ്ററുകളില്‍ നിന്ന് നമ്മെ ദയനീയമായി നോക്കുന്നു. വിദ്യാഭ്യാസ, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍നിന്ന് ബഹുദൂരം പിന്തള്ളപ്പെടുന്ന കേരളത്തിലെ ഹിന്ദുക്കള്‍ 'അതിവേഗം' ന്യൂനപക്ഷമായി മാറുന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ സര്‍ക്കാര്‍തന്നെ പുറത്തുവിട്ടിരിക്കുന്നു. കുടുംബം 'സന്തുഷ്ട'മാകാന്‍ മക്കളുടെ എണ്ണം വെട്ടിക്കുറച്ച് കാത്തിരുന്ന ഹിന്ദുക്കളുടെ മക്കളെ റാഞ്ചാന്‍ 'പൊന്മാന്‍'വേഷധാരികളെ പറഞ്ഞയയ്ക്കുന്നു. മതമില്ലാത്ത ജീവനുകളെ 'കണക്കി'ലെങ്കിലും ഉണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം പാടുപെടുമ്പോള്‍ മതംമാറ്റക്കാര്‍ ഇരകള്‍ക്കുമേല്‍ 'േവട്ടപ്പട്ടി'കളെപ്പോലെ കുതിച്ച് ചാടുന്നു.

അപമാനവും അവഗണനയും അവകാശനിഷേധവും അതിരുവിട്ടപ്പോള്‍ മറ്റൊരു മാര്‍ഗവുമില്ലാതെ ഹിന്ദുക്കള്‍ ഒന്നിക്കുന്നു. ചെറുതും വലുതുമായ 150-ലധികം സാമുദായിക സംഘടനകളെ ഒരു ചരടിലിണക്കിയാണ് ഹിന്ദു ഐക്യവേദി മുന്നോട്ടുപോകുന്നത്. 200-ലധികം സാമുദായിക നേതാക്കള്‍ എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹിന്ദു നേതൃസമ്മേളനത്തിന്റെ ഭാഗമായി ഒത്തുകൂടുമ്പോള്‍ ഹിന്ദു ഐക്യവേദിയുടെ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. 'ഹിന്ദുക്കള്‍ നാം ഒന്നാണേ' എന്ന് അഭിമാനത്തോടെ പാടുമ്പോള്‍ കേരളത്തിന്റെ ഹിന്ദു ഭാഗധേയം നിശ്ചയിക്കപ്പെടുന്നു. 

നമ്മള്‍ പൂര്‍ണ്ണമായും ലക്ഷ്യത്തിലെത്തിയിട്ടില്ലെന്ന് ഏവരേയും പോലെ ഹിന്ദു ഐക്യവേദിയും തിരിച്ചറിയുന്നു. ചില വല്മീകങ്ങള്‍ ഇനിയും തകരാനുണ്ട്. ചിലര്‍ മൗനം വെടിയാനുണ്ട്. പക്ഷേ പരിഭ്രമമില്ല. വല്മീകങ്ങള്‍ക്കുള്ളില്‍ തപസ്സാണ് നടക്കുന്നത്. ആ വല്മീകങ്ങള്‍ തകര്‍ന്നുവീഴും. മൗനത്തിന്റെ മുനിമാര്‍ കപട മതേതരവാദികളോടും മതമൗലികവാദികളോടും 'മാനിഷാദ' എന്ന് പറയും. നിമിഷമാരും അഖിലമാരും ആ മാറ്റത്തിന് ആക്കം കൂട്ടും. രാഷ്ട്രീയത്തിനും ജാതിക്കുമപ്പുറമുള്ള ഹിന്ദു ഐക്യം കേരളത്തിന്റെ ഭാവി നിശ്ചയിക്കും.

(ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയാണ് ലേഖിക)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.