നഴ്‌സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ ഉടന്‍ വേണം

Friday 6 April 2018 2:25 am IST
"undefined"

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുള്ള സേവന- വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരവുമായി തെരുവിലിറങ്ങിയിട്ട് മാസങ്ങളായി. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം തന്നെ ഉദാഹരണം. 100-ല്‍ പരം നഴ്‌സുമാര്‍ എട്ട് മാസത്തോളമായി അധികാരികളുടെ ദയയും പ്രതീക്ഷിച്ചു റോഡു പുറംപോക്കില്‍ കുത്തിയിരിക്കുന്നു. ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം നഴ്‌സുമാര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ഭാഗത്താണ് തങ്ങളെന്ന് പ്രസംഗിക്കുന്ന ഭരണ വര്‍ഗ്ഗം അവരെ തിരിഞ്ഞു നോക്കുന്നതേയില്ല.

ജനങ്ങളെ സേവിച്ചേ അടങ്ങൂ എന്നു വാശി പിടിക്കുന്ന മന്ത്രിമാരും എംഎല്‍എമാരും ലക്ഷങ്ങള്‍ മാസശമ്പളമായി എഴുതിവാങ്ങുമ്പോള്‍, ചെയ്യുന്ന ജോലിക്കുള്ള കൂലി നമ്മുടെ നാട്ടിലെ നഴ്‌സുമാര്‍ക്ക് ലഭിക്കുന്നില്ല. നഴ്‌സുമാരുടെ അവകാശങ്ങളും ജോലിക്കുള്ള വേതനവും നിരാകരിക്കപ്പെടുകയായിരുന്നു ഇക്കാലമത്രയും.

തൊഴിലാളിയുടെ അവകാശപ്പോരാട്ടങ്ങള്‍ നഴ്‌സുമാരുടെ സമരങ്ങളിലൂടെയാണ് ഇന്നു കേരളത്തില്‍ ഏറ്റവുമധികം ശ്രദ്ധേയമാകുന്നത്. ഒരുപക്ഷേ ഡോക്ടര്‍മാരെക്കാള്‍ കൂടുതല്‍ ആതുര ശുശ്രൂഷാരംഗത്ത്  ആവശ്യമായിരിക്കുന്ന ഇവരെ തെരുവിലിറക്കി ദ്രോഹിക്കുന്നത്  അപലപനീയമാണ്.

ന്യായമായ അവകാശത്തിനുവേണ്ടി സമാധാനപരമായി സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കുനേരെ പോലീസ് തേര്‍വാഴ്ചയും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.  ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ക്കുനേരെ പൊലീസ് നടത്തിയ  ലാത്തിച്ചാര്‍ജ്ജ് ഉദാഹരണം. പൊലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ പണിമുടക്കിലേക്കു പോകേണ്ട സാഹചര്യവും ഇതുമൂലമുണ്ടായി. മിനിമം ശമ്പളം, ജോലിക്രമീകരണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോടു മുഖംതിരിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ച രീതിയല്ല, 

ആശുപത്രി മാനേജ്മെന്റ്  നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും, സമരം ചെയ്യുന്നവര്‍ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. 2013-ലെ ശമ്പള വര്‍ധനവ് പോലും ലഭിക്കാതിരുന്നതിനെതിരെ നഴ്‌സുമാര്‍ കോടതിയെ സമീപിക്കുകയും പിഴയടക്കം മൂന്നരക്കോടി രൂപ നഴ്‌സുമാര്‍ക്ക് നല്‍കണമെന്ന് കോടതി വിധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നഴ്‌സുമാരെ പിരിച്ചുവിട്ടു കൊണ്ടുള്ള പകപോക്കല്‍ എന്നതും ശ്രദ്ധേയം.

നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിനു സ്റ്റേ വാങ്ങിയ മാനേജുമെന്റ് നടപടി  നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട വേതനം കൊടുക്കുന്നത് തടയാനായിരുന്നു. വിവിധ കോടതികളില്‍ കേസ് നടത്തി കോടതിയും സര്‍ക്കാരും നിശ്ചയിച്ച മിനിമം വേതനം നിഷേധിക്കാനുള്ള ഹീനമായ ശ്രമമാണ് മാനേജ്‌മെന്റ് ഭാഗത്തു നിന്നുണ്ടാകുന്നത്. മാനേജുമെന്റിന്റെ സ്റ്റേ കഴിഞ്ഞ ദിവസം ഹൈക്കോടതി നിരാകരിച്ചതോടെ  പ്രവര്‍ത്തിക്കാനള്ള അവസരമാണ് സര്‍ക്കാരിനു മുന്നില്‍ തുറന്നുകിട്ടിയത്.

സ്വകാര്യ ആശുപത്രി മാനേജുമെന്റിന്റെ കുതന്ത്രങ്ങള്‍ക്കു കീഴ്‌പ്പെടാതെ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ശമ്പളം ഉടന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വിസമ്മതിക്കുന്ന മനേജുമെന്റുകളുടെ ആശുപത്രി പ്രവര്‍ത്തനം തടയുകയും, അത്തരം സ്ഥാപനങ്ങള്‍ കണ്ടുകെട്ടി സര്‍ക്കാര്‍ ആശുപത്രികളാക്കി മാറ്റുകയും വേണം.

കെ.എ.സോളമന്‍,ചേര്‍ത്തല

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.