മരുഭൂമിയാകരുത് നമ്മുടെ കേരളം

Friday 6 April 2018 2:20 am IST
"undefined"

'ജലം അമൂല്യമാണ് , പാഴാക്കരുത്' എന്ന് ബോര്‍ഡ് വയ്ക്കാന്‍ നാം ഇന്ന് പഠിച്ചിരിക്കുന്നു. പക്ഷേ എഴുതുന്നതിനെ ഉള്‍ക്കൊള്ളാന്‍ അത് എഴുതുന്നവര്‍തന്നെ മറന്നുപോകുന്നു. കാവേരി ജലത്തെ ചൊല്ലിയും മുല്ലപ്പെരിയാറിലെ ജലസംഭരണിയെച്ചൊല്ലിയും നിരന്തരം ചര്‍ച്ചചെയ്യുമ്പോഴും ജലത്തിന്റെ മൂല്യം  നമ്മെ സ്പര്‍ശിക്കുന്നില്ല. കൊടും വേനല്‍ പിന്നിട്ടു മഴക്കാലം വന്നാല്‍ വേനലിലെ ജലക്ഷാമം മറക്കുന്നവരാണ് മലയാളികള്‍. 

 ഈ മറവി കേരളത്തെ കൊണ്ടുപോകുന്നത് അത്ര ദൂരെയല്ലാത്ത ഒരു ദുരന്തത്തിലേക്കാണ്. മരങ്ങളില്ലാത്ത, ജലമില്ലാത്ത, പ്രാണവായു കിട്ടാത്ത ഒരു കാലത്തേക്ക്. ആ യാഥാര്‍ഥ്യം കണ്‍മുന്നില്‍ കണ്ടിട്ടും ഉള്‍ക്കൊള്ളാന്‍ നമ്മള്‍ മറന്നുപോകുന്നു. വര്‍ഷം തോറും കുറഞ്ഞുവരുന്ന ജലസമ്പത്തും, ഏറിവരുന്ന താപനിലയും ക്രമംതെറ്റുന്ന കാലാവസ്ഥയും നമ്മെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? 

ജലസമൃദ്ധികൊണ്ടു ഭൂമിയിലെ സ്വര്‍ഗ്ഗമായിരുന്ന ഈ നാടിന്റെ ഏറ്റവും വലിയ സമ്പത്ത് പ്രകൃതി കനിഞ്ഞു നല്‍കിപ്പോന്ന അനുഗ്രഹമായിരുന്നു. കൃത്യമായ ഇടവേളകളില്‍ മുറതെറ്റാതെയെത്തുന്ന മഴയും വേനലും നമ്മുടെ കൃഷിയേയും കൃഷിയിടങ്ങളേയും പരിപാലിച്ചുപോന്നു. അതിനനുസരിച്ചായിരുന്നു നമ്മുടെ കാര്‍ഷിക മേഖല ചലിച്ചത്. വന്‍ദുരന്തങ്ങള്‍ വിതറുന്ന പ്രകൃതിക്ഷോഭങ്ങളും കൊടുംവരള്‍ച്ചയും നാമറിഞ്ഞിരുന്നില്ല. വെറുതെയല്ല ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഇവിടം വിശേഷിപ്പിക്കപ്പെട്ടത്. ആ നാട് ഇന്ന് ദാഹിച്ചു വരളാന്‍ തുടങ്ങിയെങ്കില്‍ കുറ്റം പ്രകൃതിയുടേതല്ല, നമ്മുടെയാണ് എന്ന തിരിച്ചറിവിനുള്ള കാലമാണിത്. മാറിമാറി ഭരിക്കുന്നവരുടെ ദീര്‍ഘ വീക്ഷണമില്ലായ്മ ഇതിനു കാരണമായിട്ടുണ്ടാകാം. മണ്ണിനെയും മലകളെയും മരങ്ങളെയും കണക്കറ്റു ചൂഷണം ചെയ്യുന്നവരുടെ ആര്‍ത്തി പ്രകൃതിയുടെ താളം തെറ്റിച്ചിട്ടുണ്ടാവാം. പക്ഷേ, അനിവാര്യമായ ദുരന്തത്തിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് അവര്‍ മാത്രമായിരിക്കില്ല. നാടു മുഴുവനായിരിക്കും. കൂട്ടായ യത്‌നംകൊണ്ടേ ഇതിനെ മറികടക്കാനാവൂ.

വ്യാകുലതകളില്ലാതെ സുഭിക്ഷമായി ജലം ഉപയോഗിച്ചുപോന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ജീവിതശൈലിയിലെ മാറ്റം ജല ഉപയോഗത്തിന്റെ അളവ് കൂട്ടി എന്നത് ശരിയാണ്. കുളങ്ങളിലും തോടുകളിലും കുളിച്ചും കിണര്‍ വെള്ളം കോരിയും ഉപയോഗിക്കുന്നവര്‍ ഇന്ന് വിരളമായി. കുളങ്ങള്‍തന്നെ അപൂര്‍വമായി. തോടുകള്‍ വറ്റി. പൈപ്പ് വെള്ളത്തിലേക്കു മാറിയപ്പോള്‍ ജലോപയോഗം പലമടങ്ങു കൂടി. പഴയ ശൈലിയിലേക്ക് ഒരു തിരിച്ചുപോക്ക് നമുക്കാവില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ കുറഞ്ഞുവരുന്ന ജലലഭ്യതയ്ക്കുള്ള പരിഹാരത്തെക്കുറിച്ചുള്ള ചിന്തയല്ലേ പ്രസക്തം? പ്രകൃതിയുടെ കരുതല്‍ ധനമായ ഭൂഗര്‍ഭജലം ഊറ്റുന്നതിനേക്കാള്‍  നല്ലത് പ്രകൃതി മനസ്സറിഞ്ഞു തരുന്ന മഴവെള്ളം ബുദ്ധിപരമായും  യാഥാര്‍ഥ്യ ബോധത്തോടെയും ഉപയോഗിക്കുന്നതാവും. മണ്ണിന് ഒരുസമയം സംഭരിക്കാവുന്ന ജലത്തിന് പരിധിയുണ്ട്. അതിനപ്പുറമുള്ളതാണ് ഒഴുകിപ്പോവുന്നത്. ഇവിടെയാണ് തടയണയുടെയും മഴക്കുഴികളുടെയും പ്രസക്തി. ആര്‍ക്കും ചെയ്യാവുന്ന പരീക്ഷണം.   മണ്ണിന്റെ മാറില്‍ നിറയുന്ന വെള്ളം ചെടികളുടെ ദാഹം തീര്‍ക്കും. അവ നമുക്ക് പ്രാണവായു തരും. എന്തൊരു സഹവര്‍ത്തിത്വം! 

ഭൂമിയുടെ ജലഭണ്ഡാരങ്ങളായ വയലുകളുടെ പ്രസക്തിയും ഇവിടെയാണ്. വയല്‍ നിറഞ്ഞാല്‍ പ്രകൃതി ചിരിക്കും. ആ ചിരിയാണ് മരങ്ങളായും പൂക്കളായും  കായ്കളായും  ശുദ്ധവായുവായും നമുക്ക് കിട്ടുന്നത്. മരങ്ങള്‍ നമ്മെ കാക്കും. തിരിച്ച് നമ്മളും അവയെ സ്‌നേഹിക്കണം. മരം നടാം, നല്ലകാലത്തെ വരവേല്‍ക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.