പരാജയപ്പെട്ടത് ഇടത് സര്‍ക്കാരിന്റെ തന്ത്രങ്ങള്‍

Friday 6 April 2018 3:05 am IST

ന്യൂദല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ നിയമവിരുദ്ധ മെഡിക്കല്‍ പ്രവേശന നടപടികള്‍ സാധൂകരിക്കാന്‍ കേരളത്തിലെ എല്‍ഡിഎഫ്  സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രങ്ങളെല്ലാം സുപ്രീംകോടതിയില്‍ തകര്‍ന്നുവീണു.

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഏതു വിധേനയും കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. കോടതി മുറിക്ക് സമീപത്ത് പുറത്തുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി സ്ഥലത്തില്ലെന്ന് വാദിച്ച് കേസ് നീട്ടിവെപ്പിക്കാനായിരുന്നു ശ്രമം. ഇത്തരത്തില്‍ കേസ് നീട്ടിവെപ്പിച്ച ശേഷം അടുത്ത കേസ് പരിഗണിക്കുന്നതിന്റെ തലേദിവസം ഓര്‍ഡിനന്‍സ് ബില്ലാക്കി നിയമസഭയില്‍ പാസാക്കുകയും ചെയ്തു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗിയുടെ നിര്‍ദ്ദേശ പ്രകാരം വിവാദ ഓര്‍ഡിനന്‍സില്‍ ചെറിയ ചില ഭേദഗതികളോടെയായിരുന്നു സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്. 

മെറിറ്റ് നിശ്ചയിക്കാന്‍ ഉള്ള അധികാരം സര്‍ക്കാരില്‍ നിന്ന് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിക്ക് നല്‍കാനായിരുന്നു റോഹ്തഗിയുടെ ആദ്യ നിയമോപദേശം. ബുധനാഴ്ച സഭയില്‍ ആരോഗ്യമന്ത്രിതന്നെ കൊണ്ടു വന്ന ഭേദഗതിയിലൂടെ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിക്ക് ആ അധികാരം കൈമാറി. ഇക്കാര്യം ഇന്നലെ വാദത്തിനിടയിലും സംസ്ഥാന സര്‍ക്കാര്‍ പലവട്ടം കോടതിയെ ധരിപ്പിച്ചു. എന്നാല്‍ ഇതൊന്നും കോടതി പരിഗണിച്ചതേയില്ല. 

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ മുകുള്‍ റോഹ്തഗിയും മെഡിക്കല്‍ കൗണ്‍സില്‍ വക്കീല്‍ വികാസ് സിങ്ങും ഹാജരായിരുന്നില്ല. എന്നാല്‍ കേസ് മാറ്റിവെയ്ക്കില്ലെന്ന് കോടതി അറിയിച്ചതോടെ മുകുള്‍ റോഹ്തഗി കോടതിയില്‍ എത്തിയെങ്കിലും അപ്പോഴേക്കും അടുത്ത കേസ് പരിഗണിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ റോഹ്തഗി ഉണ്ടായിരുന്നുമില്ല. കേസില്‍ കോടതി ചോദിച്ച സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ നന്നേ വിഷമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.