ഒത്തുകളി രാഷ്ട്രീയത്തിനേറ്റ മുഖത്തടി

Friday 6 April 2018 2:24 am IST

തിരുവനന്തപുരം:  കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനകേസിലെ സുപ്രീംകോടതി വിധി ഒത്തുകളി രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടി. സര്‍ക്കാരും പ്രതിപക്ഷവും നടത്തിയ ഒത്തുകളിയാണ് പൊളിഞ്ഞത്. 

 സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞ പ്രവേശനത്തിന് അനുമതി നല്‍കാന്‍ ആദ്യം സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. മാനേജ്‌മെന്റുകളെ രക്ഷിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം തന്നെയായിരുന്നു കാരണം. ഓര്‍ഡിനന്‍സിന്റെ സാധുത  സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് തലേന്ന്് ഓര്‍ഡിനന്‍സില്‍ ചില മാറ്റങ്ങള്‍ വരുത്തി തയ്യാറാക്കിയ ബില്‍ തിടുക്കത്തില്‍ നിയമസഭ പാസാക്കിയത്. മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ കള്ളക്കളിക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന്  സര്‍ക്കാര്‍ പുറത്തുപറയുമ്പോളായിരുന്നു ഇത്. കുട്ടികളുടെ പേരു പറഞ്ഞ് മാനേജ്മെന്റിനെ സഹായിക്കുക മാത്രമായിരുന്നു ലക്ഷ്യം.

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 150 സീറ്റിലേക്കും പാലക്കാട് കരുണയില്‍ 30 സീറ്റിലേക്കുമാണ് സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയത്. ഈ 180 സീറ്റും ജയിംസ് കമ്മിറ്റി റദ്ദാക്കി. ഹൈക്കോടതിയും സുപ്രീം കോടതിയും പിന്നീട് ജയിംസ് കമ്മിറ്റി തീരുമാനം ശരിവച്ചു. പിന്‍വാതിലിലൂടെയുള്ള ഈ പ്രവേശന നടപടി സാധൂകരിക്കാനുള്ള നീക്കത്തിനാണ് സുപ്രീംകോടതി തടയിട്ടത്. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ലക്ഷ്യം കുട്ടികളുടെ ഭാവിയല്ല, സ്വാശ്രയശക്തികളുടെ വളര്‍ച്ചയാണെന്ന് പരമോന്നത കോടതിക്ക് ഉത്തമ ബോധ്യം വന്നു.

ബില്‍ തിടുക്കത്തില്‍ സഭയില്‍ കൊണ്ടുവന്നപ്പോള്‍ കൂടുതല്‍ ചര്‍ച്ച ഒന്നും  നടത്താതെ ഏകകണ്ഠമായി പാസാക്കുകയായിരുന്നു. ബിജെപിയുടെ ഏക അംഗം ഒ രാജഗോപാല്‍ സഭയില്‍ ഇല്ലാതിരുന്നപ്പോളാണ് ബില്‍ അവതരിപ്പിച്ചത്്. കോണ്‍ഗ്രസിന്റെ വി.ടി. ബല്‍റാം മാത്രം എതിര്‍ ശബ്ദം ഉയര്‍ത്തിയെങ്കിലും പ്രതിപക്ഷനേതാവ് അദ്ദേഹത്തെ തള്ളി പറയുകയും ചര്‍ച്ചയില്ലാതെ ബില്‍ പാസാക്കാന്‍ സമ്മതിക്കുകയുമായിരുന്നു. സുപ്രീംകോടതിയില്‍ നിന്ന്് സര്‍ക്കാരിന് ശക്തമായ തിരിച്ചടി കിട്ടിയ ഉടന്‍  വി.എം. സുധീരന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ മുതലെടുപ്പുമായി രംഗത്തുവന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ പടയൊരുക്കമാണ് കോണ്‍ഗ്രസില്‍ ബില്ലിന്റെ പേരില്‍ നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.