കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ലാഭത്തിലേക്ക്; ചരക്ക് നീക്കത്തില്‍ 16.51 ശതമാനം വര്‍ധന

Friday 6 April 2018 2:48 am IST

കൊച്ചി: പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്ക് ശേഷം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പ്രവര്‍ത്തന ലാഭത്തിലേക്ക്. നാല് കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നേടിയത്. ചരക്ക് നീക്കത്തില്‍ എക്കാലത്തെയും മികച്ച നേട്ടവും സ്വന്തമാക്കി. 

മുന്‍ വര്‍ഷത്തേക്കാള്‍ 16.51 ശതമാനം വര്‍ധനയാണ് ചരക്ക് നീക്കത്തിലുണ്ടായത്. 

പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ കഴിഞ്ഞതും ചരക്ക് നീക്കത്തില്‍ വര്‍ദ്ധനവുണ്ടായതുമാണ് പോര്‍ട്ട് ട്രസ്റ്റിനെ ലാഭത്തിലെത്തിച്ചതെന്ന് ചെയര്‍മാന്‍ പി. രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 29.14 മില്യണ്‍ മെട്രിക് ടണ്‍ ചരക്ക് നീക്കമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം  കൊച്ചി തുറമുഖം വഴി നടന്നത്. 2016-17 സാമ്പത്തിക വര്‍ഷം ഇത് 25.01, മില്യണ്‍ മെട്രിക് ടണ്‍ ആയിരുന്നു. 

കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നതില്‍ 13 ശതമാനം വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത്. പെട്രോള്‍, ഓയില്‍, ലൂബ്രിക്കന്റ് കൈകാര്യം ചെയ്യുന്നതില്‍ 18.17 ശതമാനം വര്‍ധനവുണ്ടായി. 42 യാത്രാ കപ്പലുകളും 1144 ചരക്ക് കപ്പലുകളാണ് ഇക്കാലയളവില്‍ കൊച്ചിയിലെത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പുതുവൈപ്പില്‍ നിര്‍മ്മിക്കുന്ന വിവിധോദ്ദേശ്യ ദ്രാവക ടെര്‍മിനല്‍ (മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍) അടുത്ത മാസം പൂര്‍ത്തിയാകും. 240 കോടിരൂപ ചെലവിട്ടാണ് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്. വില്ലിങ്ടന്‍ ഐലന്‍ഡിലെ പടിഞ്ഞാറ് ഭാഗത്ത്് നിര്‍മ്മിക്കുന്ന രാജ്യാന്തര ഷിപ്പ് അറ്റകുറ്റപ്പണിക്കായുള്ള കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. കൊച്ചി കപ്പല്‍ശാലയക്കാണ്് ഇതിന്റെ നിര്‍മാണ ചുമതല.  സിമന്റ് ബാഗിങ് സൗകര്യത്തിന്റെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. നിലവില്‍ മൂന്ന് പ്രമുഖ സിമന്റ് കമ്പനികള്‍ ഇത്തരം സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. 

എറണാകുളം വാര്‍ഫില്‍ പോര്‍ട്ട് ട്രസ്റ്റ് ആരംഭിക്കുന്ന രാജ്യാന്തര ക്രൂയിസ് ടെര്‍മിനല്‍ അടുത്ത മാസത്തോടെ നിര്‍മ്മാണം  തുടങ്ങും. 

സിമന്റ് നീക്കത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ വ്യക്തമാക്കി. പ്രമുഖ സിമന്റ് കമ്പനികളുമായി പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. 

പല കമ്പനികളും ഫ്ളോട്ടിങ് ടെര്‍മിനലില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നു വരുന്നതായും ചെയര്‍മാന്‍ പറഞ്ഞു. ഡെപ്യൂട്ടി ചെയര്‍മാന്‍ എ.വി. രമണയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.