പട്ടികവിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമം: നിയമം കര്‍ശനമാക്കണമെന്ന് ഹിന്ദു നേതൃസമ്മേളനം

Friday 6 April 2018 2:08 pm IST

കൊച്ചി: പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഹിന്ദു നേതൃസമ്മേളനം ആവശ്യപ്പെട്ടു. 

എല്‍ഡിഎഫ് ഭരണത്തിനിടെ സംസ്ഥാനത്ത് പതിനായിരത്തലധികം ദളിത് പീഢനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പട്ടികവിഭാഗങ്ങള്‍ പ്രതികളാകുന്ന കേസുകളില്‍ പരമാവധി ശിക്ഷയും, അവര്‍ ഇരകളാകുന്ന കേസുകളില്‍ ലഘുശിക്ഷയും നല്‍കുന്ന നിലപാടാണ് ഇപ്പോള്‍. 

വിശപ്പ് സഹിക്കാനാവാതെ ഭക്ഷണം എടുത്ത് കഴിച്ച അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവിനെ തല്ലിക്കൊന്നത് കേരളത്തിലെ ദളിത് പീഡനത്തിന് ഉദാഹരണമാണ്. ദളിതരുടെ അവസ്ഥ ഇതായിരിക്കെ, നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന പരാമര്‍ശം പിന്‍വലിച്ച് നിയമം കര്‍ശനമായി നടപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കണമെന്നും നേതൃസമ്മേളനം ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ വിവിധ സമുദായസംഘടനകളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 

ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള ബില്‍ തള്ളിക്കളയണം

ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് ടി.വി. രാജേഷ് എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ തള്ളിക്കളയണമെന്ന് ഹിന്ദു നേതൃസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുക, മതചിഹ്നം ഉപയോഗിച്ചുള്ള ഭൂമി കൈയേറ്റത്തിനെതിരെ നിയമ നടപടി സ്വീകരിക്കുക, ഹിന്ദു സമൂഹത്തെ തമ്മിലടിപ്പിക്കുന്ന മതതീവ്രവാദ ശക്തികളുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തുക, പ്രകൃതിക്കും സ്വത്തിനും നാശം വരുത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുക, സമ്പൂര്‍ണ്ണ മദ്യനിരോധനം അട്ടിമറിച്ച സര്‍ക്കാര്‍ നിയം പുന: പരിശോധിക്കുക, ആചാരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ഗൂഢശക്തികളുടെ ശ്രമം ചെറുക്കുക, മതപാഠശാലാ ഫണ്ട് വിനിയോഗം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.