ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ ഉജ്ജ്വല വിജയവുമായി പാലപ്പുഴ കളരി അക്കാദമി

Friday 6 April 2018 6:33 pm IST

 

ഇരിട്ടി: ഡല്‍ഹി ത്യാഗരാജ സ്‌റ്റേഡിയത്തില്‍ നടന്ന പത്താമത് ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിക്ക് ചരിത്ര വിജയം. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളില്‍ നിന്ന് 400 പേര്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടി. നാല് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി പഴശ്ശിരാജ കളരി അക്കാദമി കേരളത്തിന് വേണ്ടി കൂടുതല്‍ പോയിന്റ് നേടി. കഴിഞ്ഞ വര്‍ഷവും 12 മെഡലുകള്‍ നേടി പഴശ്ശിരാജ കളരി അക്കാദമി മികച്ച വിജയം നേടിയിരുന്നു. പങ്കെടുത്ത 17 പേരില്‍ 12 പേര്‍ക്കും മെഡല്‍ നേടാന്‍ കഴിഞ്ഞു. ജൂനിയര്‍ ഗേള്‍സ് കൈപ്പോരില്‍ ആര്‍ച്ച ബാബുവിനും സബ്ജൂനിയര്‍ ഗേള്‍സ് ചവുട്ടിപൊങ്ങലില്‍ വി.സംവൃത, ജൂനിയര്‍ ബോയ്‌സ് കൈപ്പോരില്‍ എ.ശ്രീഷ്ണു, ജൂനിയര്‍ ഗേള്‍സ് ചവുട്ടി പൊങ്ങലില്‍ ടി.പി.ഹര്‍ഷ എന്നിവരാണ് സ്വര്‍ണം നേടിയത്. 

 ജൂനിയര്‍ ഗേള്‍സ് കൈപ്പോരില്‍ കെ.അനുശ്രീ, ചവുട്ടി പൊങ്ങളില്‍ വിസ്മയ വിജയന്‍, സീനിയര്‍ ഗേള്‍സ് ചവുട്ടി പൊങ്ങലില്‍ ആതിര ബാലകൃഷ്ണന്‍, സീനിയര്‍ ബോയ്‌സ് കൈപ്പോരില്‍ എം.സായൂജ് എന്നിവര്‍ വെള്ളിയും നേടി. ജൂനിയര്‍ ഗേള്‍സ് ചവുട്ടി പൊങ്ങലില്‍ എ.അശ്വിനി, സീനിയര്‍ ഗേള്‍സ് കൈപ്പോരില്‍ എം.ശില്‍പ, സീനിയര്‍ ബോയ്‌സ് കൈപ്പോരില്‍ പി.അമല്‍, ജൂനിയര്‍ ബോയ്‌സ് കൈപ്പോരില്‍ സുബിന്‍ സുരേഷ് ബാബു എന്നിവര്‍ക്ക് വെങ്കലവും ലഭിച്ചു. കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ ട്രഷററും ദേശീയ ടെക്‌നിക്കല്‍ കമ്മിറ്റി അംഗവുമായ പി.ഇ.ശ്രീജയന്‍ ഗുരുക്കളാണ് പരിശീലകന്‍. പാലപ്പുഴയോരത്തെ സുസജ്ജമായ സ്വന്തം കളരിയില്‍ പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ എണ്‍പതോളം പേര്‍ക്ക് സൗജന്യ കളരി പരിശീലനം കഴിഞ്ഞ ആറു വര്‍ഷമായി നല്‍കിവരുന്നുണ്ട്.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.