കര്‍മ്മഫലങ്ങളെ ആശ്രയിക്കാതെ നിരന്തരം കര്‍മ്മം ചെയ്ത് മുന്നേറാന്‍ സാധിക്കണം: സ്വാമി വേദാനന്ദ സരസ്വതി

Friday 6 April 2018 6:34 pm IST

 

മയ്യില്‍: കര്‍മ്മഫലങ്ങളെ ആശ്രയിക്കാതെ നിരന്തരം കര്‍മ്മം ചെയ്ത് മുന്നേറാന്‍ നമുക്ക് സാധിക്കണമെന്ന് സ്വാമി വേദാനന്ദ സരസ്വതി പറഞ്ഞു. കുറ്റിയാട്ടൂര്‍ ശ്രീ ശങ്കര വിദ്യാനികേതനില്‍ നടക്കുന്ന നാലാമത് സമ്പൂര്‍ണ്ണ ശ്രീമദ് ഭഗവദ് ഗീതാ ജ്ഞാന യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. യോഗസമന്വയ രൂപത്തിലുള്ള ഭഗവദ് ഗീത ഇക്കാലത്ത് ഏവരും പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിച്ച് ബോധമുള്ളവരാക്കിത്തീര്‍ക്കുകയും വേണ്ടത് അനിവാര്യമാണ്. ജ്ഞാനയോഗവും ഭക്തിയോഗവും കര്‍മ്മയോഗവുമാണ് ഭഗവദ് ഗീത ബോധിപ്പിക്കുന്നത്. ജ്ഞാനയോഗം ബുദ്ധിയെ ഉണര്‍ത്തി ബോധമുള്ളതാക്കി തീര്‍ക്കുകയാണ്. ഭക്തി യോഗം മനസ്സിനെ ഉണര്‍ത്തുന്നു. കര്‍മ്മയോഗമാകട്ടെ ഇന്ദ്രിയങ്ങളെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു. നാം ആ വിധം ബോധമുള്ളവരായി മാറണം. ഈശ്വരനെ ഗുരുവായിക്കണ്ട് ഉള്ളുണര്‍ത്താന്‍ കഴിഞ്ഞാല്‍ അറിവും ആരോഗ്യവും നേടാന്‍ കഴിയും. ധര്‍മ്മാചാരങ്ങളനുഷ്ഠിക്കാനും കൂടുതല്‍ പ്രാപ്തിയുണ്ടാകും. കര്‍മ്മങ്ങള്‍ ശ്രേഷ്ഠതയുള്ളതാകും. കര്‍മ്മഫലങ്ങളെ ആശ്രയിച്ച് കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവയുടെ ഫലപ്രാപ്തി ഉത്തമമാകില്ല, അങ്ങനെ ചെയ്യുമ്പോള്‍ അവ ജീവിത പരാജയത്തിന് കാരണമാകുന്നു. കര്‍മ്മഫലങ്ങളെ ആശ്രയിക്കാതെ കര്‍മ്മങ്ങളെ അനുഷ്ഠിക്കുന്നവനാണ് സന്യാസി. ഈ ഒരു സത്യം നാം മനസ്സിലാക്കാറില്ലെന്നും സ്വാമി വേദാനന്ദ സരസ്വതി പറഞ്ഞു. യജ്ഞത്തിന്റെ നാലാം ദിവസമായ ഇന്നലെ വിവിധ ഹോമ പൂജാദി കര്‍മ്മങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും ശേഷം ചെക്യാട്ട് കാവ് കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ ട്രസ്റ്റിന്റെ അക്ഷര ശ്ശോകസദസ്സും ഈശാനമംഗലം നാരായണീയ സത്സംഗ സമിതിയുടെ നാരായണീയ പാരായണവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.