കാര്‍ കത്തിയെരിഞ്ഞ കേസില്‍ കുറ്റാരോപിതര്‍ മാറിമറിഞ്ഞു

Friday 6 April 2018 6:36 pm IST

 

തലശ്ശേരി: കഴിഞ്ഞദിവസം കണ്ണൂര്‍ തലശ്ശേരി ദേശീയപാതയില്‍ ധര്‍മ്മടം പുതിയ മൊയ്തുപാലത്തിന് മുകളില്‍ ലോറിയുമായി കൂട്ടിയിടിച്ച് ആഡംബര കാര്‍ കത്തിയെരിഞ്ഞ കേസില്‍ മറിമായം. ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പോലിസ് നല്‍കിയ സൂചനയില്‍ കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് വെളിപ്പെട്ടിരുന്നു. അശ്രദ്ധമായി കാറോടിച്ച യുവാവിനെതിരെ കേസെടുക്കുമെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ ഒരോന്ന് പിന്നിടുന്നതിനിടയില്‍ വാദി പ്രതിയായി മാറുകയാണെന്നാണ് സൂചന. മഹാരാഷ്ട്രാ ലോറിയാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയ ധര്‍മ്മടം പോലീസ് പ്രസ്തുത ലോറി െ്രെഡവറെ പ്രതി ചേര്‍ത്ത് ഇന്നലെ കേസെടുത്തു. അപകടം നടന്നതിന്റെ അഞ്ചാം നാളില്‍ കുറ്റാരോപിതന്‍ മാറിമറിഞ്ഞതിന് പിന്നില്‍ ഉന്നതതല ഇടപെടല്‍ നടന്നതായി ആരോപണമുണ്ട്. കത്തിയ കാറും ആദ്യം നിരപരാധിയെന്ന് പോലിസിന് ബോധ്യപ്പെട്ട ഇതര സംസ്ഥാന ലോറിയും ഇപ്പോള്‍ ധര്‍മ്മടം പോലീസിന്റെ കസ്റ്റഡിയിലുണ്ട്. 

സംഭവദിവസം മുതല്‍ സ്ഥലത്ത് തങ്ങി വരുന്ന ലോറി ഡ്രൈവര്‍ താമസിയാതെ അകത്താവുമെന്നും പറയപ്പെടുന്നു. കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായാണ് തലശ്ശേരി നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് കുതിച്ച കാര്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംതെറ്റി വട്ടം കറങ്ങിയ കാര്‍ നിമിഷങ്ങള്‍ക്കകം തീ പിടിച്ച് കത്തിയമര്‍ന്നു. കാറിനകത്തുണ്ടായ രണ്ട് യുവാക്കള്‍ സാഹസികമായി പുറത്തിറങ്ങി ഓടിമറഞ്ഞു. ദൂരൂഹമായ അപകട സംഭവത്തിന് പിറകെ രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ പോലീസ് നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല. അജ്ഞാത കേന്ദ്രത്തിലിരുന്ന് ഇവര്‍ തുടരുന്ന ചരട് വലിയ്‌ക്കൊടുവിലാണ് വാഹന അപകടക്കേസില്‍ മറിമായം ഉണ്ടായതെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ കേസെടുത്തത് ലോറി ഡ്രൈവര്‍ക്കെതിരെയാണെങ്കിലും പിന്നീട് അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കുറ്റവാളി പ്രതിയാവുമെന്നാണ് പോലീസ് ഭാഷ്യം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.