മൂന്ന് ബാങ്ക് മേധാവികളുടെ വാര്‍ഷിക ബോണസ് ആര്‍ബിഐ പിടിച്ചുവച്ചു

Friday 6 April 2018 7:13 pm IST
സ്വകാര്യ ബാങ്കുകള്‍ കോടികളുടെ വായ്പ്പാത്തട്ടിപ്പിന്റെ കൂത്തരങ്ങാകുമ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്വകാര്യ ബാങ്കുകള്‍ക്കുമേല്‍ പിടിമുറുക്കുന്നു. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക് എന്നീ മൂന്നു ബാങ്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ വര്‍ഷാന്ത്യ ബോണസ് പിടിച്ചുവച്ചിരിക്കുയാണ് ആര്‍.ബി.ഐ
"undefined"

ന്യൂദല്‍ഹി: സ്വകാര്യ ബാങ്കുകള്‍ കോടികളുടെ വായ്പ്പാത്തട്ടിപ്പിന്റെ കൂത്തരങ്ങാകുമ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്വകാര്യ ബാങ്കുകള്‍ക്കുമേല്‍ പിടിമുറുക്കുന്നു. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക് എന്നീ മൂന്നു ബാങ്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ വര്‍ഷാന്ത്യ ബോണസ് പിടിച്ചുവച്ചിരിക്കുയാണ് ആര്‍.ബി.ഐ. 

ഈ ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് ഇവര്‍ക്ക് ബോണസ് നല്‍കുന്നതിന് ശുപാര്‍ശ നല്‍കിയെങ്കിലും ആര്‍ബിഐ ഇത് നിരാകരിച്ചു. മൂന്നു ബാങ്ക് മേധാവികളുടേതായി 6.45കോടിയാണ് ആര്‍ബിഐ തടഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ആര്‍ബിഐ പ്രതികരിച്ചിട്ടില്ല. ഐ.സി.ഐ.സി.ഐ സി.ഇ.ഒ ചന്ദ കൊച്ചാറിന് 2.2 കോടി ബോണസായി നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ആക്‌സിസ് ബാങ്ക് മേധാവി ശിഖ ശര്‍മ്മ, എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ആദിത്യപുരി എന്നിവര്‍ക്ക് യഥാക്രമം 1.35 കോടിയും 2.9 കോടിയുമാണ് ബോണസ് നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. 

ബാങ്കുകളുടെ പ്രവര്‍ത്തനത്തിലും പ്രതിച്ഛായയിലും വന്ന പിഴവിനെ മുന്‍നിര്‍ത്തിയാണ് ആര്‍ബിഐ നടപടിയെടുത്തതെന്ന് ബിസിനസ് മാധ്യമം ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സംഭവമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ചെന്നിരിക്കെ ഇതുവരെയും ഇവരുടെ ബോണസ് ലഭിച്ചിട്ടില്ല. ആര്‍ബിഐ ശുപാര്‍ശ അംഗീകരിച്ചിരുന്നുവെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പേ സിഇഒമാര്‍ക്ക് ബോണസ് ലഭിക്കേണ്ടതാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,600 കോടിയുടെ തട്ടിപ്പാണ് നീരവ് മോദി നടത്തിയത്. ഇതേ തുടര്‍ന്ന് മറ്റ് ബാങ്കുകളില്‍ നടന്ന തട്ടിപ്പുകളും പുറത്തു വന്നിരുന്നു. തട്ടിപ്പു നടത്തിയവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.  ആര്‍ബിഐ ആദ്യമായാണ് ബോണസ് ശുപാര്‍ശ തള്ളുന്നതെന്ന് ബാങ്ക് അനലിസ്റ്റുകള്‍ പറയുന്നു. ശുപാര്‍ശ അംഗീകരിച്ചിരുന്നുവെങ്കില്‍ 2018 മാര്‍ച്ച് 31നകം ബോണസ് സിഇഒമാര്‍ക്ക് ലഭിക്കേണ്ടതായിരുന്നു. മാത്രമല്ല ബാങ്കുകള്‍ സമര്‍പ്പിച്ച കണക്കുകളിലും കൃത്രിമമുണ്ടെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തലെന്നും അറിയുന്നു. 

2017ല്‍ 5.600 കോടിയുടെ വെട്ടിപ്പ് ആക്‌സിസ് ബാങ്ക് നടത്തിയെന്നാണ് ആര്‍ബിഐ നടത്തിയ ഓഡിറ്റില്‍ കണ്ടെത്തിയത്. എച്ച്.ഡി.എഫ്.സി ബാങ്കും ഇത്തരത്തില്‍ വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരുന്നു. അതിനിടെ, വിഡിയോകോണ്‍ ഗ്രൂപ്പിനു ക്രമവിരുദ്ധമായി 3250 കോടിരൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍തൃസഹോദരന്‍ രാജീവ് കൊച്ചാറിനെ അറസ്റ്റ് ചെയ്തു. വിഡിയോകോണ്‍ ഗ്രൂപ്പിനു 2012ല്‍ വായ്പ അനുവദിച്ച രേഖകളില്‍ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്നാണു സിബിഐ കണ്ടെത്തല്‍. ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വിഡിയോകോണ്‍ ഗ്രൂപ്പ് ഉടമ വേണുഗോപാല്‍ ദൂത് എന്നിവരെ വിശദമായ ചോദ്യം ചെയ്യലിനു വിളിപ്പിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.