വിഷു പഴമകളുമായി കാളിന്ദിയും കോടാങ്കിയും

Saturday 7 April 2018 3:37 am IST
"undefined"

വയനാടന്‍ വനവാസി സമൂഹങ്ങളുടെ  വിഷു ആഘോഷങ്ങളുടെ ഭാഗമാണ്  തിരുനെല്ലി ക്ഷേത്രവും  ബന്ധപ്പെട്ട പഴമകളും. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ സമാപിക്കുന്നത് വിഷുപ്പുലരിയിലാണ്. വിഷുവിന് ഒരാഴ്ചമുമ്പ്  മുതല്‍ പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെ കാട്ടുനായ്ക്കര്‍ കെട്ടിയാടുന്ന  കോടാങ്കിയാട്ടവും  തിരുനെല്ലിയിലെ വിഷു ആഘോഷങ്ങളുടെ പ്രത്യേകതയാണ്.  

ഇതേപോലെ പ്രധാന പൗരാണിക ചടങ്ങായിരുന്നു ബ്രഹ്മഗിരി നിരകള്‍ താണ്ടി കുടകു മലകളില്‍ നിന്ന് വിഷുത്തലേന്ന് ഇവിടെ എത്തിയിരുന്ന  കുടകരുടെ കാളിന്ദി തീരത്തെ  വിരിവെപ്പും പൂജയും. ഇങ്ങനെ എത്തിയിരുന്നവര്‍  തിരുനെല്ലി ക്ഷേത്രത്തിന് സമീപമുളള കാളിന്ദി പുഴയുടെ തീരത്ത്  വിരിവെച്ച്  കാളിന്ദിയെ പൂജിച്ച്  വിഷുപ്പുലരിയില്‍   പുഴയില്‍ കുളിച്ച് തിരുനെല്ലി പെരുമാളിനെ കണികണ്ട്  സ്വദേശത്തേക്ക് മടങ്ങിയിരുന്നതായും  പറയുന്നു. 

പുതുവര്‍ഷപ്പുലരികൂടിയായ  വിഷുവിന് കാളിന്ദിയെ വണങ്ങി തിരുനെല്ലി ദര്‍ശനവും കഴിഞ്ഞാണ് ഇവര്‍ കൃഷിപ്പണികള്‍ തുടങ്ങുക. വയനാട്ടില്‍ നല്ല കാലവര്‍ഷം ലഭിക്കുകയും  കബനിപ്പുഴ  കരകവിഞ്ഞ് ഒഴുകുകയും ചെയ്താലേ കാര്‍ഷിക രംഗത്ത് മെച്ചപ്പെട്ട വിളവ് ലഭിക്കൂ എന്നാണ് വിശ്വാസം.   ഈ തിരിച്ചറിവിന്റെ ഭാഗമായിരുന്നു  പുരാതന കുടക് രാജ്യത്തിന്റെ  ഭാഗമായിരുന്ന തിരുനെല്ലിയിലെ  ഈ അനുഷ്ഠാനവും. വിഷുവിന് ആഴ്ചകള്‍ക്ക് മുമ്പ് ബ്രഹ്മഗിരിനിരകളിലെ കാട്ടുനായ്ക്കര്‍ വ്രതാനുഷ്ഠാനങ്ങളോടെ  തുടങ്ങുന്ന  കോടാങ്കിയാട്ടം  വിഷുവിന്റെ തലേന്ന് വൈകുന്നേരത്തോടെ കാളിന്ദിയുടെ തീരത്തെത്തി നദിയെ വണങ്ങിയാണ് തിരുനെല്ലിക്ഷേത്ര സന്നിധിയില്‍  പ്രവേശിക്കുന്നത്. 

വേടരൂപത്തിലുളള ശിവപാര്‍വ്വതീശ്വരന്‍മാരാണ്  ഈ രണ്ട് പ്രതീകങ്ങളും. ഇവര്‍ക്കിത്  പുതുവര്‍ഷ ആഘോഷമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. കോടാങ്കി വേഷം കെട്ടിയവരോടൊത്ത് വീടുകള്‍തോറും കയറിയിറങ്ങുന്ന സംഘങ്ങള്‍ക്ക് ദക്ഷിണ കിട്ടുന്ന പണവും ധാന്യങ്ങളുമെല്ലാം വിഷുത്തലേന്ന് തിരുനെല്ലി പെരുമാളിന് കാഴ്ചവെച്ച ശേഷം സംഘാംഗങ്ങള്‍ക്ക് വീതംവെച്ച് നല്‍കും. വിഷുദിനത്തില്‍ പെരുമാളിനെ കണികണ്ട് മടങ്ങുന്ന ഇവര്‍ അടുത്ത മേടമാസ തലേന്നാണ് വീണ്ടും ക്ഷേത്രത്തില്‍ എത്തുക.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.