വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

Saturday 7 April 2018 2:42 am IST
കഠം- കൃഷ്ണയജുര്‍വേദത്തിലെ കഠശാഖയില്‍ ഉള്ളതാണ് കഠോപനിഷത്. ഇതിലാണ് വാജശ്രവസ്സിന്റെ പൗത്രനും ഗൗതമന്റെ പുത്രനുമായ നചികേതസ്സിന്റെ പ്രസിദ്ധമായ കഥ വര്‍ണ്ണിക്കുന്നത്. വിശ്വജിത്ത് എന്ന യാഗം അനുഷ്ഠിക്കുന്ന വേളയില്‍ പിതാവിനെ സത്യവചസ്സാക്കാനായി നചികേതസ്സ് യമരാജനെ സമീപിക്കുന്നു. യമന്‍ നചികേതസ്സിന് വരം കൊടുക്കുന്ന തരത്തിലാണ് ഈ ഉപനിഷത്തിലെ വിഷയാവതരണം

കഠം- കൃഷ്ണയജുര്‍വേദത്തിലെ കഠശാഖയില്‍ ഉള്ളതാണ് കഠോപനിഷത്. ഇതിലാണ് വാജശ്രവസ്സിന്റെ പൗത്രനും ഗൗതമന്റെ പുത്രനുമായ നചികേതസ്സിന്റെ പ്രസിദ്ധമായ കഥ വര്‍ണ്ണിക്കുന്നത്. വിശ്വജിത്ത് എന്ന യാഗം അനുഷ്ഠിക്കുന്ന വേളയില്‍ പിതാവിനെ സത്യവചസ്സാക്കാനായി നചികേതസ്സ് യമരാജനെ സമീപിക്കുന്നു. യമന്‍ നചികേതസ്സിന് വരം കൊടുക്കുന്ന തരത്തിലാണ് ഈ ഉപനിഷത്തിലെ വിഷയാവതരണം. 

ശ്രദ്ധ, അതിഥിപൂജ എന്നിവയുടെ പ്രാധാന്യം, യാഗത്തിലൂടെയുള്ള സ്വര്‍ഗപ്രാപ്തി, നചികേതാഗ്നിവിദ്യ, പുനര്‍ജന്മം, പ്രേയസ്സ് എന്ന ലൗകിക ഐശ്വര്യം, ശ്രേയസ്സ് എന്ന ആധ്യാത്മിക ഐശ്വര്യം, ആത്മാവ്, അപരബ്രഹ്മം, പരബ്രഹ്മം, ഹിരണ്യഗര്‍ഭസങ്കല്‍പം എന്നിവയെല്ലാം ഇതില്‍ വിസ്തരിക്കുന്നു. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളേയും മനസ്സിനേയും ബുദ്ധിയേയും നിയന്ത്രിച്ച് ഇളകാതെ നിര്‍ത്തുന്നതാണ് യോഗം എന്ന് ഇതില്‍ പറയുന്നു. ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാന്‍ നിബോധത എന്ന പ്രസിദ്ധമായ വരികള്‍ ഈ ഉപനിഷത്തിലേതാണ്. അതുപോലെ ആത്മാവിനെ രഥിയായും ശരീരത്തെ രഥമായും ഇന്ദ്രിയങ്ങളെ കുതിരകളായിട്ടും മറ്റും കല്‍പിച്ചുള്ള വര്‍ണ്ണനയും ഇതിലാണ്. 

പ്രശ്‌നോപനിഷത്ത്- അഥര്‍വവേദത്തിലുള്ളതാണ് ഈ ഉപനിഷത്. പിപ്പലാദമുനിയുടെ ആറു ശിഷ്യന്മാര്‍ (കബന്ധി, ഭാര്‍ഗവന്‍, കൗസല്യന്‍, ഗാര്‍ഗ്ഗ്യന്‍, സത്യകാമന്‍, സുകേശന്‍) ഓരോരുത്തരും ഗുരുവിന്റെ അടുത്തുചെന്ന് ചോദ്യങ്ങള്‍ ഉന്നയിച്ച് അവരവരുടെ സംശയങ്ങള്‍ തീര്‍ക്കുന്ന തരത്തിലാണ് ഈ ഉപനിഷത്തിന്റെ ഘടന. അദ്ധ്യാത്മ വിഷയങ്ങളില്‍ താല്‍പര്യം ഉണ്ടായാല്‍ മാത്രം പോരാ ശ്രദ്ധ, ബ്രഹ്മചര്യം, തപസ്സ് എന്നിവയില്‍ നിഷ്ഠ കൈവന്നവനേ ബ്രഹ്മജ്ഞാനം നേടാന്‍ കഴിയൂ എന്നതാണ് ഈ ഉപനിഷത്തിന്റെ നിലപാട്. തന്മൂലം ഒരു വര്‍ഷം ഗുരുകുലത്തില്‍ താമസിച്ച് മേല്‍പ്പറഞ്ഞ നിഷ്ഠ സ്വായത്തമാക്കിയ ശേഷമേ പിപ്പലാദന്‍ ശിഷ്യന്മാരെ ചോദ്യം ഉന്നയിക്കാന്‍ അനുവദിക്കുന്നുള്ളൂ.

ഒന്നാമത്തെ ചോദ്യം പ്രപഞ്ചസൃഷ്ടിയെക്കുറിച്ചാണ്. ആദ്യം പ്രജാപതി സ്വയം പ്രജാസൃഷ്ടിക്കായി പ്രാണന്‍ ( പുരുഷന്‍), രയീ (സ്ത്രീ) എന്ന മിഥുനമായി. സൂര്യചന്ദ്രന്മാരും കാലവും അന്നവും പ്രജകളുമെല്ലാം ഇങ്ങനെ പ്രജാപതിയില്‍ നിന്നും ഉല്‍ഭവിച്ചു എന്നതാണ് പിപ്പലാദന്‍ നല്‍കുന്ന ഉത്തരം. 

രണ്ടാമത്തെ ചോദ്യം ഈ സ്ഥൂലശരീരത്തെ നിലനിര്‍ത്തുന്ന ശക്തികള്‍ ഏതൊക്കെ?, അവയില്‍ പ്രാധാന്യം ഏതിന്? എന്നതാണ്. ആ ശക്തികള്‍ മനസ്സ്, ഇന്ദ്രിയങ്ങള്‍ തുടങ്ങിയവ ആണെന്നും അവയെ എല്ലാം നിലനിര്‍ത്തുന്നത് പ്രാണന്‍ ആകയാല്‍ മുഖ്യം പ്രാണന്‍ തന്നെ എന്നും ഉത്തരം നല്‍കുന്നു.

 മൂന്നാമത്തെ ചോദ്യം പ്രാണന്‍ എവിടെ നിന്നു വരുന്നു?, ഈ ദേഹത്തില്‍ കുടികൊള്ളുന്നതെങ്ങനെ?, അത് എങ്ങനെ ആണ് ഈ ദേഹത്തെ നിലനിര്‍ത്തുന്നത്?, അത് ദേഹത്തില്‍ നിന്നും പുറത്തുപോകുന്നതെങ്ങനെ? എന്നാണ്. പ്രാണന്റെ ഉല്‍പ്പത്തി ആത്മാവില്‍ നിന്നാണ്. അവിദ്യയാല്‍ ഉണ്ടാകുന്ന മനസ്സങ്കല്‍പ്പം, ഇച്ഛാദികള്‍ കൊണ്ടുള്ള കര്‍മ്മങ്ങള്‍ എന്നിവ കൊണ്ടാണ് പ്രാണന്‍ ദേഹത്തില്‍ കടന്നുകൂടുന്നത്. അത് പ്രാണന്‍, അപാനന്‍, സമാനന്‍, വ്യാനന്‍, ഉദാനന്‍ എന്ന അഞ്ചുതരം വൃത്തികളെ സ്വീകരിച്ച് ദേഹപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും കര്‍മ്മ ഫലത്തിന്റെ അനുഭവം ഉണ്ടാകാന്‍ മനുഷ്യനെ സഹായിക്കുകയും ചെയ്യുന്നു.          

 ഗാഢനിദ്ര (സുഷുപ്തി) യില്‍ മനസ്സിന്റെ ഏതെല്ലാം ഭാവങ്ങള്‍ ഉറങ്ങുന്നു?, ഏതെല്ലാം ഉണര്‍ന്നിരിക്കുന്നു?, സ്വപ്‌നം കാണുന്നതും സുഖം അനുഭവിക്കുന്നതും ആരാണ്?, ഏതിലാണ് ഇതെല്ലാം കുടികൊള്ളുന്നത്? എന്നതാണ് നാലാമത്തെ ചോദ്യം. ജാഗ്രല്‍, സ്വപ്‌ന, സുഷുപ്തികളിലെ അനുഭവങ്ങളെ വിശകലനം ചെയ്തശേഷം വിജ്ഞാനാത്മാവായ പുരുഷന്‍ ആണ് അവയില്‍ അനുസ്യൂതമായി നിലക്കൊള്ളുന്നത് എന്നും തുരീയാ (നാലാമത്തേത്) വസ്ഥ എന്താണ്, ജീവന്‍ ഈ അവസ്ഥകളിലൂടെ കടന്നുപോകുന്നത് എങ്ങനെയാണ് എന്നിവയും വിശദമാക്കുന്നു.

 അഞ്ചാമത്തെ പ്രശ്‌നം ഓങ്കാരോ (പ്രണവം) പാസനയെക്കുറിച്ചാണ്. ജീവിതത്തിന്റെ ലക്ഷ്യമായ ആത്മസാക്ഷാത്കാരത്തിന് ഒന്നാമതായി വേണ്ടത് മനസ്സിന്റെ ഏകാഗ്രതയത്രെ. അതു നേടാനുള്ള സുഗമമായ ഉപായം പരവും അപരവും ആയ ബ്രഹ്മത്തിന്റെ പ്രതീകമായ ഓങ്കാരത്തിന്റെ ഉപാസനയാണ്. അത് മനുഷ്യനെ പരമപദത്തിലെത്തിക്കുന്നു. ഈ മന്ത്രത്തിന്റെ ഓരോ മാത്രകളെ പ്രത്യേകം പ്രത്യേകം ഉപാസിച്ചാലുള്ള അപരബ്രഹ്മത്തെ സംബന്ധിച്ച ഫലങ്ങളും തുടര്‍ന്ന് വിശദീകരിക്കുന്നു.

 ആറാം ചോദ്യത്തിന്റെ ഉത്തരമായി പതിനാറു കലകളോടു കൂടിയ അക്ഷരപുരുഷന്റെ തത്ത്വത്തെ വിവരിക്കുന്നു. പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, മനസ്സ് തുടങ്ങിയ എല്ലാ ഘടകങ്ങളും അവിദ്യയാല്‍ ആത്മാവില്‍ നിന്നും ഉണ്ടായവയാണ്. അജ്ഞാനം നശിക്കുമ്പോള്‍ അവയെല്ലാം ആത്മാവില്‍ത്തന്നെ ലയിക്കുന്നു. പിന്നെ ഏകവും നിര്‍ഗുണവും നിരാകാരവും ആയ അക്ഷരപുരുഷന്‍ മാത്രമേ ശേഷിക്കൂ. ആ പുരുഷനെ സാക്ഷാത്കരിക്കലാണ് അമൃതത്ത്വപ്രാപ്തിക്കുള്ള ഉപായം എന്നും സമര്‍ത്ഥിക്കുന്നു.

(തുടരും)

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.