സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ആധാരമായ ബ്രഹ്മം

Saturday 7 April 2018 2:51 am IST

താ ഏതാ ദേവതാഃ സൃഷ്ടാ അസ്മിന്‍ മഹത്യര്‍ണ്ണവേ പ്രാപതന്‍

സൃഷ്ടിക്കപ്പെട്ട ആ ഇന്ദ്രിയങ്ങളുടെ അധിഷ്ഠാന ദേവതകള്‍ ഈ വലുതായ സംസാര സമുദ്രത്തില്‍ പതിച്ചു.

ഈശ്വരനാല്‍ ലോകപാലന്മാരായി സൃഷ്ടിക്കപ്പെട്ട ആദിത്യന്‍, അഗ്നി, വായു, മൃത്യു തുടങ്ങിയ ദേവതകളാണ് വലിയ സംസാരക്കടലില്‍ വന്ന് വീണത്. ഈ ലോകത്തിനെയാണ് സംസാരം എന്നുപറയുന്നത്. തുടര്‍ച്ചയായി മാറ്റങ്ങള്‍ ഉണ്ടാകുന്നതിനാലാണ് അതിനെ സംസാരം എന്നുവിളിക്കുന്നത്. ഈ ലോകത്തെ കടലിനോട് ഉപമിക്കുന്നതിനാല്‍ അത്  സംസാര സാഗരമാണ്. സംസാരാര്‍ണ്ണവത്തെ ആചാര്യസ്വാമികള്‍ വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ്. അവിദ്യ, കാമം, കര്‍മ്മം എന്നിവയില്‍ നിന്നുണ്ടാകുന്ന ദുഃഖമാകുന്ന ജലം. തീവ്രരോഗങ്ങള്‍, ജര, മൃത്യു തുടങ്ങിയ വലിയ മുതലകള്‍. അനന്തവും ആചാരവും എത്തുംപിടിയുമില്ലാത്തതുമായ വിഷയേന്ദ്രിയങ്ങളാല്‍ ഉണ്ടാക്കുന്ന സുഖലേശങ്ങളാകുന്ന വിശ്രമസ്ഥാനങ്ങളോട് കൂടിയതാണത്. ഇന്ദ്രിയ വിഷയങ്ങളിലുള്ള തൃഷ്ണയാകുന്ന കൊടുങ്കാറ്റുമൂലം വന്‍തിരമാലകള്‍ ആഞ്ഞടിക്കുന്നു. നരകയാതനമൂലമുള്ള കൂക്കുവിളികളും നിലവിളികളും കൊണ്ട് ഇരമ്പിയാര്‍ക്കുന്നതാണത്. ഇങ്ങനെയൊക്കെയാണെങ്കിലും സത്യം, ആര്‍ജ്ജവം, ദാനം, ദയ, അഹിംസ, ശമം, ദമം, ധൈര്യം മുതലായ ആത്മഗുണങ്ങളാകുന്ന പൊതിച്ചോറ് നിറച്ച ജ്ഞാനമാകുന്ന വഞ്ചി അതിലുണ്ട്. മോക്ഷമാകുന്ന മറുകരയിലേക്ക് പോകാന്‍ സത്സംഗവും സര്‍വ്വസംഗ പരിത്യാഗവുമാകുന്ന മാര്‍ഗ്ഗത്തോടുകൂടിയതുമായ സംസാര സാഗരത്തിലേക്കാണ് ദേവതകള്‍ പതിച്ചത്.

ഈ സംസാരസാഗരത്തെ മറികടക്കാന്‍ ജ്ഞാനം തന്നെയാണ് വേണ്ടത്. മറ്റുള്ളവ ഒന്നും സംസാരദുഃഖത്തെ ശമിപ്പിക്കാന്‍ ഉതകില്ല. ഈ ജഗത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് ആധാരമായ ആത്മാവ് ബ്രഹ്മമാണെന്ന് അറിയണം.

ഇനി ദേവതകള്‍ക്ക് എന്ത് സംഭവിച്ചു എന്ന് പറയുന്നു.

തമശനാ പിപാസാഭ്യാ മന്വവാര്‍ജ്ജത്

ആദ്യം ഉണ്ടായ ആ വിരാട് പുരുഷനെ വിശപ്പും ദാഹവും ഉള്ളവനാക്കിത്തീര്‍ത്തു. ദേവതകള്‍ ഉള്‍പ്പെടെ എല്ലാറ്റിനും കാരണഭൂതനായ വിരാട്പുരുഷന്  ഈ ദോഷങ്ങള്‍ വന്നപ്പോള്‍ അവനില്‍ നിന്നുണ്ടായ ദേവതകള്‍ക്കും വിശപ്പും ദാഹവും ഉണ്ടായി. താ ഏനമബ്രുവന്‍ ആയത്‌നം നഃപ്രജാനീഹി യസ്മിന്‍ പ്രതിഷ്ഠിതാ അന്നമദാമേതി

ആ ദേവതകള്‍ സ്രഷ്ടാവിനോട് പറഞ്ഞു. ഞങ്ങള്‍ ഏത് ആയത്‌നത്തില്‍ പ്രതിഷ്ഠിതരായാണ് അന്നത്തെ കഴിക്കേണ്ടത്? അങ്ങനെയുള്ള അധിഷ്ഠാനത്തെ ഞങ്ങള്‍ക്ക് ഉണ്ടാക്കിതന്നാലും എന്ന്.

വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ ദേവതകള്‍ തങ്ങള്‍ക്ക് ഭക്ഷണം കഴിക്കുവാനായി സ്ഥിതി ചെയ്യേണ്ട അധിഷ്ഠാനത്തെ നല്‍കണമെന്ന് സൃഷ്ടികര്‍ത്താവിനോട് ആവശ്യപ്പെട്ടു.

സൃഷ്ടികര്‍ത്താവ് വിരാട് പുരുഷനെ ആദ്യംതന്നെ വിശപ്പും ദാഹവുമാകുന്ന സംസാരധര്‍മ്മങ്ങള്‍ക്ക് വശംവദനാക്കി മാറ്റി. അപ്പോള്‍ വിരാട്പുരുഷനില്‍നിന്നും ഉണ്ടായ ദേവതകളിലും ആ ധര്‍മ്മങ്ങള്‍ വന്നുചേര്‍ന്നു. കാരണത്തിന്റെ ഗുണങ്ങള്‍ അതില്‍നിന്നുണ്ടായ കാര്യത്തിലും പ്രകടമാകും. അതിനാല്‍ അഗ്നി മുതലായ ദേവതകളും സംസാര ധര്‍മ്മങ്ങള്‍ക്ക് അതീതരല്ല എന്നും ദേവതാപ്രാപ്തി നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമായി കണക്കാക്കരുത് എന്നും ഉപനിഷത്ത് ചൂണ്ടിക്കാട്ടുന്നു. സംസാരസാഗരത്തെ മറികടക്കണമെങ്കില്‍ ആത്മതത്ത്വം അറിയുക തന്നെ വേണം.

വിശപ്പും ദാഹവും വന്നാല്‍ ആരായാലും അതിന് ശമനം കണ്ടേതീരൂ. ഓരോ ദേവതകളും തങ്ങള്‍ ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ പറ്റിയ ഒരിടം അന്വേഷിച്ചാണ് സൃഷ്ടികര്‍ത്താവിനടുത്തെത്തിയത്.  വിരാട് പുരുഷന്റെ ദേഹത്തില്‍ അവര്‍ക്ക് സ്ഥാനമുണ്ടെങ്കിലും അത് സമഷ്ടി രൂപത്തിലുള്ളതും എല്ലാവരും ഒന്നിച്ചിരിക്കുന്നതുമായതിനാല്‍ അവിടെയിരുന്ന് ഭക്ഷണത്തെ ആസ്വദിക്കുവാന്‍ സാധിക്കാത്തതിനാലാണ് വ്യഷ്ടിദേഹങ്ങള്‍ വേണമെന്നാഗ്രഹിച്ച് ദേവതകള്‍ പ്രാര്‍ത്ഥിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.