നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാത അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം

Saturday 7 April 2018 3:00 am IST
"undefined"

മലപ്പുറം: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പദ്ധതിക്ക് തലശ്ശേരി-മൈസുരു പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ തുരങ്കംവയ്ക്കുന്നു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ദല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശിക്കാത്തതാണ്  വിവാദങ്ങള്‍ക്കും രാഷ്ട്രീയതര്‍ക്കങ്ങള്‍ക്കും വഴിവച്ചത്. 

വയനാട് ജില്ലക്ക് ഏറ്റവും ഉപകാരപ്രദമായ നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെ മാറ്റിനിര്‍ത്തി തലശ്ശേരി പാതക്കായി കണ്ണൂര്‍ ലോബിയുടെ താത്പര്യമനുസരിച്ച് സിപിഎം കളിക്കുന്നുവെന്നാണ് ആരോപണം. വയനാട്ടില്‍നിന്ന് കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്. ഈ പ്രദേശങ്ങളിലേക്ക് ഏറ്റവും എളുപ്പമാര്‍ഗമെന്ന നിലയില്‍ വയനാട്ടുകാരുടെ പ്രധാന ആവശ്യം കൂടിയാണ് നിര്‍ദ്ദിഷ്ട റെയില്‍പാത.

പാതയെച്ചൊല്ലി ലീഗിനുള്ളില്‍  പ്രതിഷേധമുണ്ട്. ലീഗ് എംപിമാര്‍ക്ക് ക്രെഡിറ്റ് കിട്ടുമായിരുന്ന പാതയെ മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് ലീഗിന്റെ ആരോപണം. അതേസമയം നിലമ്പൂര്‍ പാത കടന്നുപോകുന്ന മേഖലയിലുള്ള യുഡിഎഫിന്റെ എംപിമാര്‍ ഒന്നും ചെയ്തില്ലെന്ന് സിപിഎം പറയുന്നു. ലീഗ് നേതാവ് ഇ. അഹമ്മദ്  റെയില്‍വേ സഹമന്ത്രിയായിരുന്നു.  അന്ന് ഒന്നും ചെയ്തില്ല.  

ഡോ. ഇ. ശ്രീധരനെ പദ്ധതിയില്‍നിന്ന് പുകച്ച് പുറത്തുചാടിച്ചതും പാതയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയുമായും കേന്ദ്രവുമായും കത്തിടപാടുകള്‍ നടത്താത്തതും സംസ്ഥാന സര്‍ക്കാറിന്റെ ഗുരുതര വീഴ്ചയാണെന്ന് പി.സി.തോമസ് കഴിഞ്ഞ ദിവസം മലപ്പുറത്ത് പറഞ്ഞിരുന്നു. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ സര്‍വ്വേ നടപടികള്‍ ആരംഭിക്കാനിരുന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി നല്‍കാത്തതിനാലാണ് പദ്ധതി നിലച്ചത്. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ വയനാട്ടിലും പാര്‍ട്ടി അണികള്‍ക്കുള്ളില്‍ അമര്‍ഷം പുകയുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.