കൊച്ചിന്‍ ദേവസ്വം പ്രസ്സിലെ ക്രമക്കേട്: വിജിലന്‍സ് റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നീക്കം

Saturday 7 April 2018 2:40 am IST

കൊച്ചി:  കൊച്ചിന്‍ ദേവസ്വം പ്രസ്സിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ഇടത് നീക്കം. പ്രസ്സില്‍ ആവശ്യത്തിന് ജീവനക്കാരും യന്ത്രങ്ങളുമുണ്ടായിട്ടും ദേവസ്വം ബോര്‍ഡിന്റെ പ്രസിദ്ധീകരണങ്ങള്‍ സ്വകാര്യ പ്രസ്സിലാണ് അച്ചടിക്കുന്നതെന്ന് നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇതേത്തുടര്‍ന്ന് പ്രസ്സില്‍ വിജിലന്‍സ് പരിശോധന നടത്തി ദേവസ്വംബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇടത് എംഎല്‍എയുടെ ഭാര്യയാണ് ദേവസ്വം പ്രസ്സിന്റെ തലപ്പത്തിരിക്കുന്നത്. ഇതാണ് അട്ടിമറി നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണമുയരുന്നത്.

ബോര്‍ഡിന്റെ പ്രസിദ്ധീകരണങ്ങള്‍ അച്ചടിക്കുന്നതിന് വേണ്ടി സ്ഥാപിച്ച പ്രസ്സില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ മാസികയുടേത് അടക്കം അച്ചടി നടത്തുന്നത് സ്വകാര്യ പ്രസുകളിലാണ്. പ്രസിലെ ജീവനക്കാര്‍ വല്ലപ്പോഴുമെത്തി രജിസ്റ്ററില്‍ ഒപ്പിട്ട് മടങ്ങുകയാണ് പതിവ്. പ്രസ്സിന്റെ പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ്. 

 കഴിഞ്ഞ ദിവസം വിജിലന്‍സ് റെയിഡ് നടത്തിയ സമയത്ത് ജീവനക്കാര്‍ ആരുംതന്നെ പ്രസ്സില്‍ ഉണ്ടായിരുന്നില്ല. ജീവനക്കാര്‍ കൃത്യമായി എത്താറില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്്. 

 ഇതിന് മുമ്പും പല റിപ്പോര്‍ട്ടുകളും വിജിലന്‍സ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങി, ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നശേഷം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കി 260 അനധികൃത നിയമനങ്ങളും നടന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.