12രൂപയ്ക്ക് കുപ്പിവെള്ളം അട്ടിമറിക്കപ്പെടുന്നു

Saturday 7 April 2018 2:00 am IST

 

ആലപ്പുഴ: പന്ത്രണ്ടു രൂപയ്ക്ക് കുപ്പിവെള്ളം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമം ഒരുവിഭാഗം കച്ചവടക്കാരും കുപ്പിവെള്ള കമ്പനികളും ചേര്‍ന്ന് അട്ടിമറിക്കുന്നു. കൊള്ളലാഭം എടുക്കാനുള്ള വ്യാപാരികളുടെ താത്പര്യമാണ് പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്ന ശ്രമത്തെ തകര്‍ക്കുന്നതെന്ന് കേരള ബോട്ടില്‍ഡ് ആന്‍ഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.വി. സോമന്‍പിള്ള പറഞ്ഞു.

  നിലവില്‍ ഒരുലിറ്റര്‍ വെള്ളം കച്ചവടക്കാരന് എട്ടുമുതല്‍ 8.50 രൂപവരെ നിരക്കില്‍ ലഭ്യമാക്കുന്നുണ്ട്. ഇതാണ് 20 രൂപയ്ക്കു വില്‍ക്കുന്നത്. 240 ശതമാനമാണ് കച്ചവടക്കാരന്റെ ലാഭം. ബഹുരാഷ്ട്ര കുത്തകകമ്പനികള്‍ അടക്കം പരമാവധി വില്പന വില 20 എന്ന് അച്ചടിച്ചാണ് വില്‍ക്കുന്നത്. ശുദ്ധജലക്ഷാമം അതിരൂക്ഷമായ സാഹചര്യത്തില്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 12 രൂപ എംആര്‍പി നിശ്ചയിച്ച് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

  എന്നാല്‍ വന്‍കിട കമ്പനികളും ബഹുരാഷ്ട്ര കുത്തകകളും ഇത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. അവര്‍ 20 രൂപയ്ക്കുതന്നെയാണ് വില്‍ക്കുന്നത്. കച്ചവടക്കാരും കൂടുതല്‍ ലാഭം ലഭിക്കുന്നതിനാല്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ്. 

  സംസ്ഥാന സര്‍ക്കാര്‍ അസോസിയേഷന്റെ നീക്കത്തെ അഭിനന്ദിച്ചെങ്കിലും പദ്ധതി വിജയകരമാക്കുന്നതിനുള്ള യാതൊരു സഹായവും ലഭ്യമാക്കിയിട്ടില്ല. സംസ്ഥാനത്ത് 154 കുടിവെള്ള കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നൂറോളം കമ്പനികളാണ് അസോസിയേഷനില്‍ അംഗമായിട്ടുള്ളത്. 80ഓളം കമ്പനികള്‍ 12 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കാനുള്ള തീരുമാനം അംഗീകരിച്ചിട്ടുണ്ട്. കച്ചവടക്കാര്‍ വെള്ളമെടുക്കാത്തിനാല്‍ ഈ കമ്പനികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. 

  സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ബോധവത്കരണം നടത്തുകയും കുപ്പിവെള്ള വില്പനയ്ക്ക് ബില്ല് നിര്‍ബ്ബന്ധിതമാക്കുകയും ചെയ്താല്‍ മാത്രമമേ കുപ്പിവെള്ള വില്പനയിലെ കൊള്ള അവസാനിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.