അന്തമില്ലാത്തൊരാഴത്തിലേക്കിതാ...

Saturday 7 April 2018 2:30 am IST

അടുത്തിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്റെ പാര്‍ട്ടി അംഗങ്ങള്‍ക്കും  നേതാക്കള്‍ക്കും ഒരു പുതിയ അറിവ് പകര്‍ന്നു നല്‍കാന്‍ ശ്രമിച്ചു. സിപിഎം എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്നാണ്, അല്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് എന്നല്ലെന്ന്. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ അറംപറ്റിയതുപോലെയായി.

''അന്തമില്ലാത്തൊരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്ടം'' എന്ന കുമാരനാശാന്റെ വരികള്‍ സിപിഎമ്മിനെക്കുറിച്ചായിരുന്നോ എന്ന് ആരും സംശയിച്ചുപോകുന്ന തകര്‍ച്ച.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി  സഖ്യമുണ്ടാക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ കേരളത്തില്‍ എത്ര പേര്‍ പാര്‍ട്ടിക്കൊപ്പം നിലയുറപ്പിക്കുമെന്ന് കണ്ടുതന്നെ അറിയണം. കേരളത്തിന്റെ വടക്കെ അറ്റത്തുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആര്‍. ശങ്കര്‍-പട്ടം താണുപിള്ള സര്‍ക്കാരിന്റെ കാലത്ത് പോലീസ് വെരിഫിക്കേഷന്‍ എന്ന 'കുടുംബം കലക്കി' പരിശോധനയിലൂടെ എത്ര നിരപരാധികളെയാണ് സര്‍ക്കാര്‍ ഉദ്യോഗം നല്‍കാതെ തെരുവാധാരമാക്കിയത്. ഇക്കാര്യം മാത്രം മതി കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് കൂട്ടുകെട്ട് തകര്‍ന്നടിയാന്‍. പട്ടാളത്തില്‍ ഏതെങ്കിലും അനഭിമതന്‍ ചേര്‍ന്നെന്നറിഞ്ഞാല്‍ ഉടനെ കമ്മ്യൂണിസ്റ്റാണെന്ന വിവരം പട്ടാള മേധാവികളെ അറിയിച്ച് അവിടുന്ന് അയാളെ പുറത്താക്കാന്‍ ശ്രമിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു. ഇങ്ങനെ പട്ടാളത്തില്‍നിന്ന് പുറത്താക്കപ്പെട്ടവരെ സഹകരിപ്പിച്ചുകൊണ്ടാണ് സിപിഎം കെട്ടുറപ്പുള്ളൊരു വളണ്ടിയര്‍ സംഘടന രൂപീകരിച്ചതെന്ന വസ്തുത പരസ്യമായ രഹസ്യം മാത്രം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇവിടെ വിതച്ച ഒരുപാട് ദ്രോഹ നടപടികളുടെ വിളവ് കൊയ്യാന്‍ സിപിഎം 'കടിച്ചതിനെക്കൊണ്ടുതന്നെ വിഷം നീക്കാന്‍ ശ്രമിച്ചെന്നിരിക്കും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മൃതിയേക്കാള്‍ ഭയാനകമായ ദുര്‍ദ്ദിനങ്ങളായിരിക്കുമത്.എന്തായാലും, അടുത്ത് കേരളവും നഷ്ടപ്പെട്ടാല്‍ ഇനിയും എകെജിമാരും കൃഷ്ണപിള്ളമാരും ഇവിടെ എന്തായാലും ജനിക്കാന്‍ സാധ്യത കുറവായതു കാരണം സ്വതന്ത്രന്മാരെ കൂട്ടിന് കിട്ടുമോ എന്നന്വേഷിക്കാന്‍ പാര്‍ട്ടി നിര്‍ബദ്ധമായിത്തീരുമെന്ന കാര്യം തീര്‍ച്ച. മാറിയ പരിതഃസ്ഥിതിയില്‍ 'കൃഷ്ണ ഗിരി' എസ്റ്റേറ്റിന്റെ കാര്യം സര്‍ക്കാര്‍ കൈവിടില്ലെന്ന് സഖാക്കള്‍ തീരുമാനിച്ചാല്‍ ഒരുനിമിഷം മതി ഇടതുപക്ഷത്തെ ഒഴിവാക്കി മറ്റെവിടെയെങ്കിലും ചേക്കേറാന്‍ നമ്മുടെ വയനാടന്‍ ജേര്‍ണലിസ്റ്റ് സാക്ഷാല്‍ വീരേന്ദ്രന്‍ തീരുമാനിക്കും, തീര്‍ച്ച! മൂപ്പര്‍ക്ക് കൃഷ്ണ ഗിരി എസ്റ്റേറ്റാണ് താല്‍പര്യം, അതല്ലാതെ സോഷ്യലിസമോ ഇടതുപക്ഷമോ അല്ലെന്ന് പലതവണ തെളിയിച്ചതല്ലേ?

സി.പി. ഭാസ്‌കരന്‍, നിര്‍മ്മലഗിരി, കണ്ണൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.