സംതൃപ്ത തീരം; സുരക്ഷിത തീരം

Saturday 7 April 2018 3:15 am IST
എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളും പ്രയാസങ്ങളും നേരിടുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തിന് അത്താണിയാകാന്‍ കരുത്തുള്ള സംഘടനയാകാനാണ് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം നാളിതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. മാറുന്ന കാലത്തിന്റെ സാഹചര്യമനുസരിച്ച് അനുകൂലമായ ഘടകങ്ങളെ പ്രയോജനപ്പെടുത്തിയും പ്രതിസന്ധികളെ തരണം ചെയ്തും മുന്നേറാന്‍ ഈ സംഘടന കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതുണ്ട്.
"undefined"

പരമ്പരാഗതമായി തീരത്ത് താമസിച്ച് മത്സ്യബന്ധനം ഉപജീവനമാക്കിയ ജനസമൂഹത്തിന്റെ സാംസ്‌കാരിക-സാമൂഹ്യ-സാമ്പത്തിക ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരുകയാണ്.

കാലങ്ങളായി മാറിമാറി സംസ്ഥാനം ഭരിച്ചവരുടെ അവഗണന ഏറെ അനുഭവിക്കേണ്ടിവന്നവരാണ് തീരദേശജനത. പ്രകൃതിയോട് മല്ലിട്ട് ജീവിതം നയിക്കുന്നവരായതിനാല്‍  പ്രകൃതി ദുരന്തങ്ങള്‍ ഏറെയും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരുമാണ്. കാലവര്‍ഷക്കെടുതികളും കടലാക്രമണങ്ങളും കൂടാതെ മത്സ്യബന്ധനരംഗത്തെ പുത്തന്‍ കടന്നുകയറ്റം കൊണ്ടുള്ള ദുരിതങ്ങളും  നിരവധിയാണ്. ഉള്‍നാടന്‍ ജലാശയങ്ങള്‍ മലിനമാക്കപ്പെടുന്നതും കയ്യേറി നശിപ്പിക്കുന്നതും ഭരണാധികാരികള്‍ നടപ്പിലാക്കുന്ന അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങളും ഉള്‍നാടന്‍ മത്സ്യബന്ധനതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ സമൂഹത്തിനുമായി അനുവദിക്കപ്പെടുന്ന കോടിക്കണക്കിനായുള്ള സഹായങ്ങള്‍ വകമാറ്റി ചെലവഴിച്ചും ദുരുപയോഗം ചെയ്തും ധൂര്‍ത്തടിച്ചും പാഴാക്കിക്കളയുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.

കാലാവസ്ഥാ വ്യതിയാനം കടലിലും പ്രത്യേകിച്ച് കടലിന്റെ അടിത്തട്ടിലും അപ്രതീക്ഷിതമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന സമൂഹത്തിന് വലിയ ഭീഷണിയാണ്. സുനാമിയും, ചുഴലിക്കാറ്റും കൂടാതെ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കടല്‍ക്ഷോഭങ്ങളുമെല്ലാം നല്‍കുന്ന സന്ദേശം ഈ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ എത്രയോ ഭീകരമാണെന്നാണ്. കടല്‍കയറ്റത്തിന്റെയും തീരത്തെ അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെയും ഫലമായി വലിയതോതില്‍ തീരശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്നു. ചിലയിടങ്ങളില്‍ കടലാക്രമണം ചെറുക്കാന്‍ കെട്ടിനിര്‍ത്തിയ കടല്‍ഭിത്തിപോലും ഏറെക്കുറെ നാശോന്മുഖമായിരിക്കുന്നു. ഇക്കാരണങ്ങളാല്‍ തീരദേശത്തെ വീടുകളുടെ നിലനില്‍പും സുരക്ഷിത താമസവും വെല്ലുവിളി നേരിടുകയാണ്.

മത്സ്യലഭ്യതക്കുറവ്, മത്സ്യബന്ധനത്തിനുള്ള ഇന്ധനച്ചെലവിലെ വര്‍ദ്ധന, വന്‍കിടക്കാരും ഇടനിലക്കാരും കയ്യടക്കിയ മത്സ്യവിപണന മേഖലയില്‍ മത്സ്യത്തൊഴിലാളിക്ക് ഉണ്ടായിട്ടുള്ള വരുമാനക്കുറവ്, വര്‍ദ്ധിച്ച തോതിലുള്ള കടബാധ്യതകള്‍, ജപ്തിഭീഷണി എന്നിവ പരമ്പരാഗത മത്സ്യബന്ധന സമൂഹത്തിന്റെ ജീവിതം അവതാളത്തിലാക്കിയിരിക്കുകയാണ്. ലാഭം മാത്രം ലാക്കാക്കി കോടികള്‍ മുടക്കി നെറികെട്ട മത്സ്യബന്ധനത്തിറങ്ങിതിരിച്ച പുത്തന്‍ കടന്നുകയറ്റക്കാര്‍ പാരമ്പര്യ മത്സ്യബന്ധനത്തിന് ഭീഷണി സൃഷ്ടിക്കുന്നു. വ്യാവസായിക താല്‍പര്യം മാത്രമുള്ള ലോബിയുടെ ആധിക്യവും പരമ്പരാഗത മത്സ്യമേഖലയെ ഇല്ലാതാക്കുകയാണ്. തീരദേശ സമൂഹത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, ഗതാഗതം തുടങ്ങിയ അടിസ്ഥാനസൗകര്യത്തിനായി അനുവദിക്കപ്പെടുന്ന കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ തീരദേശവുമായി ബന്ധമില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റിയും, വക മാറ്റി രാഷ്ട്രീയ ഇംഗിതത്തിനനുസരിച്ച് നിശ്ചയിക്കുന്ന സാഹചര്യവും ഇവിടെ സ്ഥിരമായി നിലനില്‍ക്കുന്നു. നിരവധി ഭവന പദ്ധതികള്‍ കാലങ്ങളായി ഈ മേഖലയില്‍ നടപ്പിലാക്കിയിട്ടും ഒരു തുണ്ട് ഭൂമിയോ കേറി കിടക്കാനൊരിടമോ ഇല്ലാത്ത നിരവധി കുടുംബങ്ങള്‍ ഈ തീരമേഖലയിലുണ്ട്.

ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ രാഷ്ട്രീയ വിവേചനവും അപാകവും വേണ്ടുവോളമുണ്ടിവിടെ. ദിശാബോധമില്ലാത്ത പദ്ധതികളും അശാസ്ത്രീയ വികസന പരിപാടികളുമാണ് എക്കാലത്തും നടപ്പിലാക്കിയിട്ടുള്ളത്. സുനാമി പുനരധിവാസ പ്രവര്‍ത്തനം മാത്രം നോക്കിയാല്‍ ഇത് മനസ്സിലാക്കാവുന്നതാണ്. സുനാമി ഫണ്ട് കൈകാര്യം ചെയ്തതിനെക്കുറിച്ച് പരസ്പരം കുറ്റപ്പെടുത്തുന്ന രണ്ടുമുന്നണി ഭരണക്കാരും അവരവരുടെ ഭരണകാലത്ത് നടത്തിയത് തീരദേശജന സമൂഹത്തെ വഞ്ചിക്കലാണ്. കേരളത്തിന്റെ തീരദേശത്ത് എക്കാലത്തും നടത്തിയിട്ടുള്ള വഞ്ചനാപരമായ നിലപാടുകളുടെ നേര്‍കാഴ്ചയാണ് സുനാമി ഫണ്ട് വിനിയോഗത്തിലൂടെ വെളിവായത്.

ഇന്ത്യന്‍ മത്സ്യബന്ധന മേഖലയാകെ പുത്തന്‍ ഉണര്‍വ് നല്‍കുന്ന പദ്ധതികളും നയവും രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യം ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളും അതിനായുള്ള ഫണ്ടും കാര്യക്ഷമമായി അര്‍ഹതപ്പെട്ടവരില്‍ എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. ഇന്നലെകളില്‍നിന്നും വ്യത്യസ്തമായി ചിന്തിക്കാനും തീരദേശമേഖലയുടെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കാനും സംസ്ഥാനത്തിന് സാധിക്കണം. അങ്ങനെ ചെയ്യിക്കാനുള്ള സംഘടിത ശക്തി തീരമേഖലയില്‍ രൂപപ്പെടുത്തണം. രാഷ്ട്രീയ വ്യത്യാസം മറന്ന് തീരദേശ സമൂഹം ഒറ്റ മനസ്സോടെ ഇക്കാര്യത്തില്‍ മുന്നോട്ടുനീങ്ങേണ്ടതുണ്ട്.

എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളും പ്രയാസങ്ങളും നേരിടുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തിന് അത്താണിയാകാന്‍ കരുത്തുള്ള സംഘടനയാകാനാണ് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം നാളിതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. മാറുന്ന കാലത്തിന്റെ സാഹചര്യമനുസരിച്ച് അനുകൂലമായ ഘടകങ്ങളെ പ്രയോജനപ്പെടുത്തിയും പ്രതിസന്ധികളെ തരണം ചെയ്തും മുന്നേറാന്‍ ഈ സംഘടന കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതുണ്ട്.

(ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം 

സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.