സുസ്ഥിര ശുചിത്വ പദ്ധതി പരാജയത്തിലേക്ക് മാലിന്യ സംഭരണികള്‍ നിറഞ്ഞ് കവിഞ്ഞു

Saturday 7 April 2018 2:00 am IST
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഏറ്റുമാനൂര്‍ ബ്ലോക്ക് ആവിഷ്‌ക്കരിച്ച സുസ്ഥിര ശുചിത്വ പദ്ധതി പരാജയത്തിലേക്ക്.

 

കോട്ടയം: പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഏറ്റുമാനൂര്‍ ബ്ലോക്ക് ആവിഷ്‌ക്കരിച്ച സുസ്ഥിര ശുചിത്വ പദ്ധതി പരാജയത്തിലേക്ക്. പദ്ധതി പ്രകാരം വിവിധ പഞ്ചായത്തുകളില്‍ മാലിന്യം ശേഖരിക്കാന്‍ സ്ഥാപിച്ച സംഭരണികള്‍ നിറഞ്ഞു കവിഞ്ഞു. ഇപ്പോള്‍ മാലിന്യം സംഭണികളില്‍ നിന്ന് പുറത്തേക്ക് വീണിരിക്കുകയാണ്. ഇതോടെ സ്ഥാപിച്ച സംഭരണികള്‍ നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും ബാധ്യതയായി്.മാലിന്യം പുറത്തേക്ക് വീണതോടെ തെരുവ് നായ ശല്യവും വര്‍ദ്ധിച്ചു. 

ബ്ലോക്കിന്റെ പരിധിയിലുള്ള  ആര്‍പ്പുക്കര, അതിരുമ്പുഴ, കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയത്.  സ്വകാര്യ വ്യക്തിയെയാണ് മാലിന്യം ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയത്. മാസത്തില്‍ രണ്ട് ദിവസം മാത്രമാണ് മാലിന്യം ശേഖരിക്കുന്നത്. എല്ലാആഴ്ചയിലും മാലിന്യം ശേഖരിക്കണമെന്നാണ് ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നത്.  എന്നാല്‍ ഈ ആവശ്യം പരിഗണിക്കാന്‍  തയ്യാറാകാതെ മാസത്തില്‍ രണ്ട് തവണ മാത്രം ശേഖരിക്കുന്നതാണ് സംഭരണികള്‍ നിറഞ്ഞ് കവിയാന്‍ കാരണം. 

ഒരു പഞ്ചായത്തിലെ വാര്‍ഡില്‍ നാലും അഞ്ചും സംഭരണികളാണ് സ്ഥാപിച്ചത്. അയ്മനം പഞ്ചായത്തില്‍ മാത്രം നൂറോളം സംഭരണികളുണ്ട്. ബ്ലോക്ക് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കിയത്. പ്ലാസ്റ്റിക്ക് സംഭരിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും മദ്യകുപ്പികളും ഭക്ഷണാവിശഷ്ടങ്ങളും നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ പ്രദേശത്ത് ദുര്‍ഗന്ധം അസഹനീയമായി.  സംഭരണികള്‍ എത്രയും വേഗം എടുത്ത് മാറ്റനാണ്  പരിസരവാസികള്‍ ആവശ്യപ്പെടുന്നത്. ഇതോടെ വാര്‍ഡ് പ്രതിനിധികളാണ് വെട്ടിലായത്. 

നല്ല ഉദ്ദേശത്തോടെ സ്ഥാപിച്ച സംഭരണികള്‍ മൂലം പ്രദേശികവാസികളുടെ എതിര്‍പ്പ് നേരിടേണ്ട അവസ്ഥയായെന്ന് അവര്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.