കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാനും ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് ഉപദേശം നല്‍കാനും കുട്ടിപ്പോലീസ് രംഗത്തിറങ്ങി. ഹെല്‍മെറ്റ് ശരിയായി ധരിക്കാതെയും ഇല്ലാതെയും ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്ക് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഇവര്‍ നല്കി. സീബ്രാ ക്രോസിങുകളില്‍ കൂടി കാല്‍നടക്കാര്‍ കടന്നുപോകുമ്പോള്‍ വാഹനം നിര്ത്തിക്കൊടുക്കേണ്ടതിന്റെ ആവശ്യകതയും ഇവര്‍ ഡ്രൈവര്‍മാര്‍ക്ക് ഉപദേശിച്ചു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കോടിമത മുതല്‍ നാഗമ്പടം വരെയുള്ള സ്ഥലങ്ങളില്‍ ലഘുലേഖയും വിതരണം ചെയ്തു. റോഡ് മുറിച്ച് കടക്കുമ്പോള്‍ കാല്‍നടക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇവര്‍ ജനങ്ങളെ ബോധവന്മാരാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 150ഓളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് ഇന്നലെ ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തത്. ട്രാഫിക് പോലീസിന്റെ ചുമതലയിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: