കൊട്ടാക്കമ്പൂര്‍ കേസ് അട്ടിമറിക്കുന്നു; തെളിവില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍

Saturday 7 April 2018 3:20 am IST

കൊച്ചി: വിവാദമായ കൊട്ടാക്കമ്പൂര്‍ ഭൂമിയിടപാട് കേസ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ഇടത് എംപി  ജോയ്‌സ് ജോര്‍ജ് അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസാണിത്. 

ഇവര്‍ക്കെതിരെ  തെളിവില്ലെന്നാണ് പോലീസ് ഇന്നലെ ഹൈക്കോടതിയില്‍ അറിയിച്ചത്. ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കൊട്ടാക്കമ്പൂരില്‍ തനിക്ക് 1995 ല്‍ അഞ്ച് ഏക്കറോളം ഭൂമിയുണ്ടായിരുന്നെന്നും ഇതിനോടു ചേര്‍ന്നുള്ള പട്ടയമില്ലാത്ത നാലേക്കര്‍ വീതമുള്ള പ്ലോട്ടുകള്‍ ഉടമകള്‍ വിറ്റപ്പോള്‍ ഏക്കറിന് 30,000 രൂപ വീതം നല്‍കി വാങ്ങിയെന്നും കേസിലെ ഒന്നാം പ്രതിയും ജോയ്‌സ് ജോര്‍ജ് എംപിയുടെ പിതാവുമായ പാലിയത്ത് ജോര്‍ജ് മൊഴി നല്‍കിയിട്ടുണ്ട്. ബാലന്‍, ലക്ഷ്മി, വീരമ്മാള്‍ തുടങ്ങിയവരുടെ കൈവശമുണ്ടായിരുന്ന സ്ഥലത്തിന് 2001 ല്‍ പട്ടയം ലഭിച്ചപ്പോള്‍ മുന്‍ ധാരണയനുസരിച്ച് പവര്‍ ഓഫ് അറ്റോര്‍ണി പാലിയത്ത് ജോര്‍ജിന് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പാലിയത്ത് ജോര്‍ജ് സ്ഥലം 2005 ല്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കി. പോലീസ് പറയുന്നു.

പവര്‍ ഓഫ് അറ്റോര്‍ണിയും ഭൂമിയുടെ നേരത്തെയുള്ള അവകാശികളുടെ വിരലടയാളങ്ങളും തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്റിഫിക് ലാബില്‍ പരിശോധനക്കയച്ചിരുന്നു. വിരലടയാളങ്ങള്‍ യഥാര്‍ത്ഥ ഉടമകളുടേതു തന്നെയാണെന്ന്  ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാലനടക്കമുള്ളവരുടെ മൊഴി ദേവികുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. ആരും തങ്ങളുടെ ഭൂമി തട്ടിയെടുത്തതല്ലെന്നും വിറ്റതാണെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. എസ്.സി - എസ്.ടി വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഇത്തരമൊരു അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് ഇടുക്കി  ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതി തേടിയിരുന്നു. ഈ അനുമതിയും ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് മൂന്നാര്‍ ഡിവൈഎസ്പി എസ് അഭിലാഷ് നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.