പൂരം വരവായി

Saturday 7 April 2018 7:55 am IST
"undefined"

മുംബൈ: കുട്ടിക്രിക്കറ്റിലെ വമ്പന്‍ പൂരമായ ഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ പതിനൊന്നാം പതിപ്പിന് ഇന്ന് തിരികൊളുത്തും. രാജ്യത്തെ ഒമ്പത് നഗരങ്ങളില്‍ ഇനി പൂരവിസ്മയങ്ങള്‍ ദൃശ്യമാകും. മുംബൈയിലാണ്  ആദ്യ വെടിക്കെട്ട്.  വാങ്കഡേ സ്റ്റഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍  നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റുമുട്ടം. രാത്രി എട്ടിനാണ് മത്സരം.

അമ്പത്തിയൊന്ന് നാളുകള്‍ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ എട്ട് ടീമുകള്‍ മാറ്റുരയ്ക്കും. ഒത്തുകളി വിവാദത്തില്‍ രണ്ട് വര്‍ഷത്തെ വിലക്കിനുശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തിരിച്ചെത്തുന്നതാണ് പതിനൊന്നാം പതിപ്പിന്റെ സവിശേഷത. ചെപ്പോക്കിലും സവായ് മാന്‍സിങ്ങ് സ്‌റ്റേഡിയത്തിലും ഇനി പൂരം വിരുന്നെത്തും.

കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇത്തവണയും ഇന്‍ഡോറിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നൊരുക്കും. അവരുടെ ഏഴ് ഹോം മാച്ചുകളില്‍ മൂന്നെണ്ണവും ഹോല്‍കാര്‍ സ്‌റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.

ഉദ്ഘാടന മത്സരത്തിന് പുറമെ ഫൈനലും മുംബൈയിലെ വാങ്കഡേ സ്‌റ്റേഡിയത്തിലാണ് നടക്കുക. മേയ് 27 നാണ് കപ്പിനായുള്ള കലാശക്കളി. ഇത്തവത്തെ മത്സരങ്ങളില്‍ പന്ത്രണ്ടെണ്ണം വൈക ീ ട്ട് നാലിന് ആരംഭിക്കും . 48 മത്സരങ്ങള്‍ രാത്രി എട്ടിനാണ് തുടങ്ങുക. നാളെ രണ്ട് മത്സരങ്ങള്‍ നടക്കും. വൈകിട്ട് നാലിന് ദല്‍ഹി ഡയര്‍ഡെവിള്‍സ് കിങ്ങ്്്‌സ് ഇലവന്‍ പഞ്ചാബിനെയും രാത്രി എട്ടിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെയും നേരിടും.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അസാന്നിദ്ധ്യം ഐപിഎല്ലിന് തിരച്ചടിയായി. സ്മിത്തിന് പകരം അജിങ്ക്യ രഹാനെയെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപറ്റനാക്കി. പരിചയസമ്പന്നനായ വാര്‍ണറുടെ പിന്മാറ്റം സണ്‍റൈസേഴ്‌സ് ഹൈദരാബദിന്റെ പ്രകടനത്തെ ബാധിക്കും.

അതിനിടെ കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധമറിയിക്കാന്‍ ഐപിഎല്ലിനെ ഉപയോഗിക്കാനുളള ശ്രമം തമിഴ്‌നാട്ടില്‍ ശക്തമായി. ഉദ്ഘാടന മത്സരം ബഹിഷ്‌ക്കരിച്ച് കാവേരി പ്രശ്‌നം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്നത്. പരിചയസമ്പന്നരായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡൂ പ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍ തുടങ്ങിയവര്‍ ടീമിലുണ്ട്.

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മയാണ് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത്. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, വിന്‍ഡീസിന്റെ കീരോണ്‍ പൊള്ളാര്‍ഡ്, ദക്ഷിണാഫ്രിക്കയുടെ ജീന്‍ പോള്‍ ഡുമിനി, പാറ്റ് കുമിന്‍സ്, ഇവിന്‍ ലൂയിസ് തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ട്.

ശ്രീലങ്കയിലെ ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ അവസാന പന്തില്‍ സിക്‌സറടിച്ച് ഇന്ത്യക്ക് ട്രോഫി സമ്മാനിച്ച ദിനേശ് കാര്‍ത്തിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകന്‍. സുനില്‍ നറീന്‍, ക്രിസ് ലിന്‍, മിച്ചല്‍ സറ്റ്ാര്‍ക്ക് , റോബിന്‍ ഉത്തപ്പ, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരാണ് കൊല്‍ക്കത്തയുടെ കരുത്ത്.

അജിങ്ക്യ രഹാനെയാണ് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത്. മലയാളിയായ സഞ്ജു സാംസണ്‍, ബെഞ്ചമിന്‍ സ്‌റ്റോക്ക്‌സ്, ജോസ് ബട്ട്‌ലര്‍, സ്റ്റുവര്‍ട്ട് ബിന്നി, ദുഷ്മന്ത ചമീര തുടങ്ങിയവര്‍ ടീമിലുണ്ട്. സ്മിത്തിന്റെ പിന്മാറ്റം റോയല്‍സിന്റെ പ്രകടനത്തെ ബാധിച്ചേക്കും.ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ നായകത്വത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരിക്കുന്നത്. എ ബി ഡിവില്ലിയേഴ്‌സ് , സര്‍ഫ്രസ് ഖാന്‍, ക്രിസ് വോക്ക്‌സ്, ബ്രെന്‍ഡം മെക്കല്ലം , കോളിന്‍ ഡീ ഗ്രാന്‍ഡ്‌ഹോം തുടങ്ങിയവര്‍ ടീലുണ്ട്.

ഇന്ത്യന്‍ സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനെ നയിക്കുന്നത്. പരിചയസമ്പന്നരായ ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് സ്‌റ്റോയിനിസ്, ഡേവിഡ് മില്ലര്‍, യുവരാജ് സിങ് എന്നിവര്‍ ടീമില്‍ അണിനിരക്കും.

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് സണ്‍റൈസേഴ്‌സിന്റെ നായകന്‍. മലയാളിയായ ബേസില്‍ തമ്പി, സച്ചിന്‍ ബേബി, വൃദ്ധിമാന്‍ സാഹ, കാര്‍ലേസ് ബ്രാത്ത്‌വെയ്റ്റ്, യൂസഫ് പഠാന്‍ എന്നിവര്‍ ടീമിലുണ്ട്്.

മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ നായകത്വത്തിലാണ് ദല്‍ഹി ഡയര്‍ഡെവിള്‍സ് കിരീടപ്പോരിനിറങ്ങുന്നത്. ശ്രേയസ് അയ്യര്‍, ക്രിസ് മോറീസ് , ഗ്ലെന്‍ മാക്‌സ്‌വെല്‍ , കോളിന്‍ മുന്റോ, ട്രെന്റ് ബൗള്‍ട്ട് എന്നിവര്‍ ടീമിലുണ്ട്്. ലോക ഒന്നാം നമ്പര്‍ ബൗളര്‍ കഗിസോ റബഡ പരിക്ക് മൂലം വിട്ടു നില്‍ക്കുന്നത്. ദല്‍ഹിക്ക്  തിരച്ചടിയാണ്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.