ഓര്‍മ്മകളുടെ തിരുമുറ്റത്ത് വിണ്ടും അവര്‍ പന്ത് തട്ടി

Saturday 7 April 2018 2:56 am IST
"undefined"

കൊച്ചി: പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടതിന്റെ ആഘോഷങ്ങള്‍ നാടെങ്ങും നടക്കുമ്പോള്‍ ആദ്യമായി ആ കിരീടം കേരളത്തിലേക്കെത്തിച്ചവര്‍ വീണ്ടും ഓര്‍മ്മയുടെ ഗോള്‍വല ചലിപ്പിച്ചു. മഹാരാജാസ് കോളജ് മൈതാനത്താണ് 1973ല്‍ സന്തോഷ്‌ട്രോഫി നേടിയ താരങ്ങള്‍ ഇന്നലെ ഒത്തുകൂടിയത്.

1973ല്‍ ഇതേ മൈതാനത്താണ്  റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്.  കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയം വിക്ടറി ഡേയായി സര്‍ക്കാര്‍ ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണ് ആദ്യകാല ടീമിലെ താരങ്ങളെ ആദരിച്ചത്. 

അന്ന് ടീമിലുണ്ടായിരുന്ന ടി.എ. ജാഫര്‍, കെ.പി. വില്യംസ്, ദേവാനന്ദ്, സി.സി. ജേക്കബ്, എം.ആര്‍. ജോസഫ്, ബ്ലസി ജോര്‍ജ്, പി. പൗലോസ്, എം. മിത്രന്‍, സേവ്യര്‍ പയസ് എന്നിവരാണ് ഒത്തുകൂടിയത്. ചരിത്ര വിജയത്തെകുറിച്ച്  അന്നത്തെ മുന്നേറ്റ നിരത്താരം സേവ്യര്‍ പയസ് പറഞ്ഞതിങ്ങനെ. ഒരു അന്താരാഷ്ട്ര താരംപോലുമില്ലാതിരുന്ന, ഏവരും എഴുതി തള്ളിയ ടീമാണ് അന്ന് കിരീടം ഉയര്‍ത്തിയത്. ഫൈനലില്‍ ക്യാപ്റ്റന്‍ മണിയുടെ എണ്ണം പറഞ്ഞ മൂന്ന് ഗോളുകളാണ് റെയില്‍വേസിനെ തുരത്തിയതെന്നും സേവ്യര്‍ പയസ് ഓര്‍ത്തു.  ഇത്തവണത്തെ ബംഗാളിന്റെ മണ്ണില്‍ അവരെ മുട്ടുകുത്തിച്ച് നേടിയ വിജയത്തിന് തിളക്കമേറെയുണ്ടെന്നും സേവ്യര്‍ പയസ് പറഞ്ഞു. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എംപി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, എംഎം ലോറന്‍സ് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.