വേങ്ങരയില്‍ സംഘര്‍ഷം

Saturday 7 April 2018 4:09 am IST
"undefined"

വേങ്ങര(മലപ്പുറം): ദേശീയപാത സ്ഥലമേറ്റെടുപ്പിന്റെ പേരില്‍ ഒരു സംഘമാള്‍ക്കാര്‍ പോലീസിനെ ആക്രമിച്ചു, സര്‍വ്വെ സംഘത്തെ തടഞ്ഞു; മലപ്പുറം വേങ്ങരക്കടുത്ത് എആര്‍ നഗറില്‍ വന്‍സംഘര്‍ഷം. ഇന്നലെ രാവിലെയാണ് ദേശീയപാത വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ഒരുസംഘം അക്രമം അഴിച്ചുവിട്ടത്. തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസിന് നേരെ കല്ലേറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തിവീശി. രണ്ടുതവണ ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അന്‍പതോളം വീടുകള്‍ പൊളിച്ച് നീക്കുന്ന രീതിയിലേക്ക് അലൈന്‍മെന്റ് മാറ്റിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഒരു ക്ഷേത്രവും പള്ളിയും ഒഴിവാക്കാനാണ് അലൈന്‍മെന്റ് മാറ്റിയതെന്ന് സമരക്കാര്‍ ആരോപിച്ചു. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തിയാണ് സമരക്കാര്‍ രംഗത്തെത്തിയത്. ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസിന് നേരെ കല്ലേറുണ്ടായത്. അതിനിടെ സമരക്കാരില്‍ ചിലര്‍ റോഡില്‍ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിച്ചു. ഇതോടെ തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കനത്ത പോലീസ് സുരക്ഷയോടെയാണ്  പിന്നീട് സര്‍വ്വെ നടപടികള്‍ പുനരാരംഭിച്ചത്. 

സ്ഥലം ഏറ്റെടുപ്പിനെതിരെ എന്‍എച്ച് ആക്ഷന്‍ കൗണ്‍സിലും, എസ്ഡിപിഐയുടെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗവും ആദ്യം മുതല്‍ സമരത്തിലാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് പകരം രാഷ്ട്രീയ മുതലെടുപ്പ് മാത്രം മുന്നില്‍ കണ്ട് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സമരമുഖത്തെത്തിയതോടെയാണ് കാര്യങ്ങള്‍ വഷളായത്.

സ്ഥലമെടുപ്പിനെതിരെയുള്ള പ്രതിഷേധം മുന്‍കൂട്ടി മനസ്സിലാക്കിയ അധികൃതര്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് സര്‍വ്വെ നടപടികള്‍ നടത്തുന്നത്. പോലീസ് ജനങ്ങളെ തല്ലിച്ചതച്ചെന്ന് ആരോപിച്ച് വേങ്ങര എംഎല്‍എ കെ.എന്‍.എ. ഖാദര്‍ മലപ്പുറം കളക്ട്രേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.