കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്: സല്‍മാന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Saturday 7 April 2018 7:58 am IST
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ തടവുശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ജോധ്പൂര്‍ വിചാരണ കോടതി ജഡ്ജി രവീന്ദ്രകുമാര്‍ ജോഷിയാണ് വിധി പറയുന്നത്
"undefined"

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ തടവുശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ജോധ്പൂര്‍ വിചാരണ കോടതി ജഡ്ജി രവീന്ദ്രകുമാര്‍ ജോഷിയാണ് വിധി പറയുന്നത്. എന്നാല്‍ നടന്റെ അഭിഭാഷകവൃത്തങ്ങള്‍ ഇന്നലെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചാല്‍ തന്നെയും വൈകീട്ടോടെ മാത്രമേ ജയില്‍മോചിതനാകാന്‍ കഴിയൂ. 

വ്യാഴാഴ്ച വൈകിട്ടാണ് സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയതോടെ താരം രണ്ടു ദിവസം ജയില്‍വാസമനുഭവിക്കേണ്ടിവന്നു. സെന്‍ട്രല്‍ ജയിലിലെ ബാരക്ക് നം. രണ്ടില്‍ ആകെയുള്ളത് നാലു ബ്ലാങ്കറ്റും, ഒരു കട്ടിലും ഒരു കൂളറുമാണ്. ജയില്‍പുള്ളിയുടെ നമ്പര്‍ 102. 

സല്‍മാന് പ്രത്യേക പരിഗണന നല്‍കില്ലെന്ന് ജയില്‍ ഡിഐജി വിക്രംസിങ് പറഞ്ഞു. ശുചിമുറി വൃത്തിഹീനമാണെന്ന് സല്‍മാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹൈ സെക്യൂരിറ്റി വാര്‍ഡാണ് ഇതെന്നും അതിനാല്‍ ശുചിമുറിയുള്‍പ്പെടെയുള്ളവ വൃത്തിയുള്ളതാണെന്നും ഡിഐജി അറിയിച്ചു.

ആദ്യദിവസം സല്‍മാന്‍ അത്താഴം കഴിച്ചില്ല. ഭക്ഷണം സഹതടവുകാരനായ ആത്മീയ നേതാവ് ആസാറം ബാപ്പുവിനു കൈമാറുകയായിരുന്നു.

ഇതിനിടെ, സല്‍മാന്റെ ശിക്ഷയില്‍ വിവാദ പ്രതികരണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. 'അദ്ദേഹം മുസ്‌ലിം ആയതിനാലാണു ശിക്ഷ കിട്ടിയത്' എന്നായിരുന്നു പാക്ക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന്റെ അഭിപ്രായപ്രകടനം. 

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.