നിക്ഷേപത്തട്ടിപ്പ്‌: ഒരാള്‍ കസ്റ്റഡിയില്‍

Sunday 19 June 2011 11:00 am IST

ആലുവ: ഫ്ലാറ്റ്‌ നിര്‍മാണത്തിന്റെ മറവില്‍ ഓഹരി വാഗ്ദാനം ചെയ്ത്‌ നിക്ഷേപത്തട്ടിപ്പ്‌. സംഘത്തിലെ ഒരാള്‍ കസ്റ്റഡിയിലായെന്ന്‌ സൂചന. വെര്‍സണ്‍ ബില്‍ഡേഴ്സ്‌ ആന്റ്‌ ഡവലപ്പേഴ്സ്‌ എന്ന പേരിലാണ്‌ ആലുവ കേന്ദ്രമാക്കി ഇവര്‍ പ്രവര്‍ത്തിക്കുന്നത്‌. മൂന്നാറിലും ആലുവായിലും ഫ്ലാറ്റുകളിലും പെരുമ്പാവൂരിലെ കുപ്പിവെള്ള കമ്പനിയില്‍ ഷെയറുമാണ്‌ പദ്ധതിയില്‍ ചേരുന്നവര്‍ക്ക്‌ വാഗ്ദാനം നല്‍കിയിരുന്നത്‌. <br/> ഇടുക്കി ഭാഗത്ത്‌ മൂവായിരത്തിലധികം പേര്‍ കെണിയില്‍ വീണതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ ഭാഗമായി ആലുവ എഎസ്പി രാഹുല്‍ നായരുടെ പ്രത്യേക സ്ക്വാഡ്‌ ഇടുക്കിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ആറായിരം രൂപയാണ്‌ പദ്ധതിയില്‍ അംഗത്വമായി വാങ്ങിയിരുന്നത്‌. ഒരു ഷെയറിന്‌ നൂറുരൂപ വീതം പത്ത്‌ ഷെയര്‍ മിനിമം വാങ്ങണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇവരുടെ തട്ടിപ്പിന്‌ ഇവിടെ ഇരയായിരിക്കുന്നത്‌ സാധാരണക്കാരും വീട്ടമ്മമാരും ഓട്ടോ ഡ്രൈവര്‍മാരുമാണ്‌. പതിനായിരം രൂപയില്‍ പരം വരെ ഓഹരി നിക്ഷേപിച്ചവര്‍ ഇവിടെയുണ്ട്‌. ഫ്ലാറ്റ്‌-കുപ്പിവെള്ള കമ്പനിയില്‍ ലാഭവിഹിതമാണ്‌ ഇവര്‍ക്ക്‌ ഓഫര്‍ നല്‍കിയിരുന്നത്‌. <br/>ഇതിലെ ഉറപ്പിലേക്കായി എടിഎം മോഡല്‍ വിസി കാര്‍ഡുകള്‍ കമ്പനിയുടെ പേരില്‍ ഇവര്‍ക്ക്‌ നല്‍കിയിരുന്നു. ലാഭവിഹിതം ബാങ്കിലെ അക്കൗണ്ടിലേക്ക്‌ വരുമെന്നും ഈ കാര്‍ഡ്‌ ഉപയോഗിച്ചെടുക്കാമെന്നുമാണ്‌ ഇടപാടുകാര്‍ക്ക്‌ നല്‍കിയ ഉറപ്പ്‌. ഇതും ചിലരെ ആകര്‍ഷിക്കാന്‍കാരണമായി. ആലുവായിലെ ഓഫീസ്‌ പോലീസ്‌ പൂട്ടിയ പത്രവാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന്‌ അണക്കര സ്വദേശി സോളി പോലീസിന്‌ അയച്ച എസ്‌എംഎസ്‌ പ്രകാരമാണ്‌ ആലുവ പോലീസ്‌ ഇടുക്കി അണക്കരയിലെത്തി കബളിപ്പിക്കപ്പെട്ടവരുടെ രേഖകള്‍ പരിശോധിക്കുകയും പരാതി എഴുതിവാങ്ങുകയും ചെയ്തത്‌. പരാതി നല്‍കിയവരില്‍ ഏഴായിരം മുതല്‍ ലക്ഷങ്ങള്‍ വരെ നല്‍കിയവരുമുണ്ട്‌.