ഒസാമയുടെ പുസ്തക അലമാര

Sunday 8 April 2018 3:06 am IST
"undefined"

ലോകത്തെ ഭീകരാക്രമണം കൊണ്ടു വിറപ്പിച്ച അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ നല്ല പുസ്തക വായനക്കാരനായിരുന്നു  എന്നുകേട്ടാല്‍ നിങ്ങള്‍ക്കെന്തു തോന്നും. ലാദന് എന്തുകൊണ്ട് പുസ്തകം വായിച്ചുകൂടാ എന്നു തിരിച്ചു ചോദിക്കും മുന്‍പേ 'ആണോ' എന്നൊരു തരം കൗതുകച്ചുവയുള്ള വാക്കായിരിക്കും നിങ്ങളില്‍ നിന്നുണ്ടാകുക. ലാദന്റെ പുസ്തക അലമാര എന്നപേരില്‍ അമേരിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ട പുസ്തക വിശേഷം വായനാ പ്രേമികള്‍ക്ക് ഒരന്വേഷണ വാതില്‍ തുറന്നുകൊടുത്തേക്കാം. പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ അമേരിക്കന്‍ സേന ലാദന്റെ രഹസ്യസങ്കേതം വളഞ്ഞ് അയാളെ  വകവരുത്തിയശേഷം നടത്തിയ തിരച്ചിലിനിടെയാണ് ഈ പുസ്തക അലമാര കണ്ടെത്തിയത്. പുസ്തക തിരഞ്ഞെടുപ്പിലെ ഗൗരവം വിളിച്ചു പറയുന്നത് ഒസാമ വിവിധതരം അഭിരുചികളുള്ള വായനക്കാരനായിരുന്നുവെന്നാണ്.

 മതം,ശാസ്ത്രം,ചരിത്രം,ഭീകരവാദം,രാഷ്ട്രീയം,വിവിധ ഭാഷകളിലെ ഡിക്ഷ്ണറികള്‍ തുടങ്ങി നോം ചോംസ്‌കി വരെ വൈവിധ്യങ്ങളുടെ കലവറയും വൈരുധ്യങ്ങളുടെ നിലവറയും പോലെയാണ്  പുസ്തകങ്ങളുടെ നിലവാരങ്ങള്‍. മുപ്പതിലധികം ഭാഷകളിലുള്ള പുസ്തകങ്ങളുടെ കൂമ്പാരം. നൂറുകണക്കിന് പുസ്തകങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒസാമയുടെ വിവിധ ചിത്രങ്ങള്‍ പ്രസിദ്ധമാണ്.

  പുസ്തകങ്ങളുടെ ഉള്ളടക്കം വെച്ചുനോക്കുമ്പോള്‍ ഒസാമയെപ്പോലൊരാള്‍ എങ്ങനെ ഭീകരനായി എന്നൊരു ചോദ്യവും ഉയര്‍ന്നേക്കാം. പുസ്തകങ്ങള്‍ നന്മയുണ്ടാക്കുന്നു എന്ന അതികാല്‍പനികമായൊരു സങ്കല്‍പ്പത്തില്‍ നിന്നാണ്  ഇത്തരം നിഷ്‌ക്കളങ്ക ചിന്തയുണ്ടാകുന്നത്. അങ്ങനെയെങ്കില്‍ എണ്ണപ്പെട്ട വായനക്കാരനായ അഡോള്‍ഫ് ഹിറ്റ്‌ലറും നല്ലവനാകേണ്ടിയിരുന്നു. വല്ലപ്പോഴും പണികിട്ടുന്നകാലത്ത് കൂലികിട്ടുന്ന പണം പുസ്തകം വാങ്ങി പട്ടിണികിടക്കുന്ന ശീലമുണ്ടായിരുന്നു ഹിറ്റ്‌ലര്‍ക്ക്. പതിനാറായിരം പുസ്തകങ്ങളാണ് മ്യൂണിച്ചിലെ അപ്പാര്‍ട്ടുമെന്റിലെ ഹിറ്റ്‌ലറുടെ സ്വകാര്യശേഖരത്തിലുണ്ടായിരുന്നത്. പുസ്തകങ്ങള്‍ രൂപപ്പെടുത്തിയ മനുഷ്യന്‍ എന്നും ഹിറ്റ്‌ലര്‍ അറിയപ്പെട്ടിരുന്നു. ഇതില്‍നിന്നും ഏതുതരം പുസ്തകങ്ങളായിരുന്നു അദ്ദേഹം വായിച്ചിരുന്നതെന്ന് ഊഹിക്കാം. ജര്‍മനിയിലെ വലിയ സംഗീതകാരന്‍ റിച്ചാര്‍ഡ് വാഗ്നറുടെ കടുത്ത ആരാധകനുമായിരുന്നു അയാള്‍. എന്നിട്ടും നന്നായില്ല ഹിറ്റ്‌ലര്‍. ചുറ്റുമുള്ളവരെ മനസ്സിലാക്കാന്‍ അവര്‍ വായിക്കുന്ന പുസ്തകങ്ങള്‍ എന്താണെന്നറിയണമെന്നു പറഞ്ഞ സ്റ്റാലിനും നല്ല വായനക്കാരനായിരുന്നു. ഇരുപതിനായിരം പുസ്തകങ്ങളായിരുന്നു സ്റ്റാലിന്റെ ശേഖരത്തില്‍. അയാളും നന്നായില്ല. ഇവര്‍ ഇവര്‍ക്കു വേണ്ടതു മാത്രം തെരഞ്ഞെടുത്തു വായിച്ചു

    നല്ല വായനക്കാരനായിരുന്നതുകൊണ്ട്് ഒരു പുസ്തകം എഴുതുന്നതിനെക്കുറിച്ചുള്ള ആഗ്രഹ ചിന്തകളുടെ വിത്ത് ലാദനില്‍ ഉണ്ടായിരുന്നോ എന്ന് ആലോചിക്കുന്നതും രസകരമായിരിക്കും. അങ്ങനെയെങ്കില്‍ ഏതുതരം പുസ്തകമാകും അയാള്‍ രചിക്കുകയെന്നും. അത് ഭീകരവാദത്തിന്റെ കറുത്ത ബൈബിളാകുമോ. അതോ മറ്റെന്തെങ്കിലുമോ, ആര്‍ക്കറിയാം.

  മിക്കാവാറും എഴുത്തുകാരെല്ലാം നല്ല വായനക്കാരാണ്്. വായിച്ച് എഴുത്തുകാരായി തീര്‍ന്നവരും ഉണ്ടാകാം. എഴുത്തില്‍ പുതുവസന്തം തീര്‍ത്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ റോബര്‍ട്ടോ ബോളാനോ പറഞ്ഞത് എഴുത്തുകാരനെക്കാള്‍ വലുത് വായനക്കാരനാണെന്നാണ്. ലോകം കണ്ട  വലിയ വായനക്കാരനായിരുന്നു ഇറ്റാലിയന്‍ എഴുത്തുകാരനായ ഉംമ്പര്‍ട്ടോ എക്കോ. അദ്ദേഹത്തിന് പലയിടങ്ങളിലായി നാല് ബംഗ്ലാവുകള്‍ ഉണ്ടായിരുന്നു. തന്റെ താമസത്തിനെക്കാള്‍ പുസ്തകങ്ങള്‍ക്കു രാജകീയമായി വാഴാനായിരുന്നു ഇത്തരം വന്‍വീടുകള്‍ എക്കോ വാങ്ങിയത്. മറ്റാരെക്കാളും പുസ്തക പ്രണയിയായ എക്കോ, തന്റെ പുസ്തകങ്ങളെ മക്കളെപ്പോലെ സംരക്ഷിക്കാനുള്ള നല്ല വഴികള്‍ ഇങ്ങനെ തരപ്പെടുത്തിയതിന്റെ തൃപ്തിയോടെയാണ് യാത്രയായത്.

എന്നാല്‍ യുദ്ധങ്ങള്‍ക്കും അഭയാര്‍ഥി ജീവിതങ്ങള്‍ക്കിടയിലും പുസ്തകങ്ങള്‍  ബാധ്യതയായിത്തീര്‍ന്നവരുണ്ട്. ജീവന്‍ കൈയില്‍വെച്ച് ഓടിപ്പോകുമ്പോള്‍ പുസ്തകങ്ങള്‍ എന്തു ചെയ്യും എന്നായിരുന്നു അവരുടെ ആധി. പുസ്തകങ്ങള്‍ ഉപേക്ഷിക്കാതെ അവയെ ചുമലില്‍ തൂക്കി ഒളിജീവിതം നടത്തിയവരും പുസ്തകങ്ങള്‍ രക്ഷിക്കുന്നതിനിടയില്‍ ബലിയായവരുമുണ്ട്് പുസ്തക സംരക്ഷണത്തിന്റെ ചരിത്രത്തില്‍. അറിവും വായനയും ആദ്യ ശത്രുക്കളായി മാറിയവര്‍ക്ക്് മുന്നില്‍ കാണ്‍കെ നശിപ്പിക്കേണ്ടത് പുസ്തകക്കൂട്ടങ്ങളായിരുന്നു. അങ്ങനെ നശീകരണ വസ്തുവായി കത്തിയെരിയാന്‍ വിധിയുണ്ടായതാണ് മാസിഡോണിയയിലേയും നളന്ദയിലേയും പഴയ പുസ്തക ശേഖരങ്ങള്‍. മാസങ്ങളോളമാണ് നളന്ദയിലെ ഇത്തരം പുസ്തകശേഖരം കത്തിയത്.

നാശത്തിനും നിലനില്‍പ്പിനുമിടയില്‍ പുസ്തകങ്ങള്‍ സമ്പന്നമായി ജീവിച്ചു പോകുന്നതിന്റെ കഥകളാണ് എവിടേയും. ചിലപ്പോള്‍ പുസ്തകങ്ങള്‍ അവയ്ക്കും മീതെ വായിക്കപ്പെടുന്നവരെക്കൊണ്ട് വലിപ്പംവെയ്ക്കാറുണ്ട്്. ഒസാമയുടെ വായനയില്‍ വലിപ്പം വെച്ചത് പുസ്തകങ്ങളോ അല്ലെങ്കില്‍ അയാളോ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.