മഞ്ഞിനടിയിലെ തീ ജ്വാല

Sunday 8 April 2018 2:14 am IST
"undefined"

ചുറ്റും നടക്കുന്ന സംഭവങ്ങള്‍ തന്നെ എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരി രസകരമായി ആവിഷ്‌കരിക്കുമ്പോള്‍ അത് വളരെ ഹൃദയ സ്പര്‍ശിയായും ആസ്വാദ്യകരമായും അനുഭവപ്പെടും. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ നിന്ന് കഥയുണ്ടാവുന്നു. അങ്ങനെയുളള ഇരുപത് കഥകളുടെ സമാഹാരമാണ് മഞ്ഞിനടിയിലെ തീ ജ്വാല.

അനേക വര്‍ഷങ്ങളായി  ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകളെഴുതി ഇരുത്തം വന്നതിനു ശേഷമാണ് കഥാകാരി സുധാ അജിത്ത് ഒരു സമാഹാരം പ്രസിദ്ധീകരിക്കുന്നത്. മനുഷ്യന്‍ എന്ന് പറയുമ്പോള്‍ തന്നെ സുഖ ദു:ഖ സമ്മിശ്രമാണല്ലോ ജീവിതം. നിരവധി പ്രശ്‌നങ്ങള്‍ കൊണ്ട് സങ്കീര്‍ണ്ണമാണ് മാനവജീവിതം.സ്‌നേഹവും വേദനയും യാതനകളും കൊണ്ട് നട്ടം തിരിയുന്ന മനുഷ്യരുടെ  കഥകളാണ് മഞ്ഞിനടിയിലെ തീ ജ്വാലയില്‍. സ്വഭാവികതയും നിഷ്‌കളങ്കതയും ഓരോ കഥയിലും കാണാം.

നമുക്ക് ചുറ്റുമുളള ജീവിതാനുഭവങ്ങളെ ലളിതമായ ഭാഷാശൈലിയില്‍ വളച്ചുകെട്ടില്ലാതെ പറയാന്‍ കഥാകാരി സുധാ അജിത്തിന് സാധിച്ചിട്ടുണ്ട്. കഥാ ബിന്ദുവിന്റെ വെളിപ്പെടുത്തലുകള്‍, അനുവാചകന്റെ മനസ്സിനെ പിടിച്ചു നിര്‍ത്തി  വായനാരസം നിലനിര്‍ത്താനുളള ഒരു പ്രത്യേക രചനാ ശൈലി കൈവരിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ.       

 ഭാവനാപൂര്‍ണ്ണമായ എഴുത്തിന്റെ വഴികളിലൂടെയുളള സഞ്ചാരത്തിന്റെ പ്രതിഫലനം ഇതിലെ ഓരോ കഥകളിലും നമുക്ക് ദര്‍ശിക്കുവാനാകും. ഓരോ കഥകളുടേയും പേരില്‍ നിന്നുതന്നെ ഒരോ കഥയും വായിച്ചെടുക്കാന്‍ അനുവാചകന് കഴിയുമെന്നത് കഥാകൃത്തിന്റെ  കഥയോടുളള ആഭിമുഖ്യം നമുക്ക് മനസിലാക്കുന്നു. ഇരുപതു കഥകളില്‍ ഭൂരിഭാഗം കഥകളും അമ്മയുടെ , ഭാര്യയുടെ, സഹോദരിയുടെ കഥകളാണ്. 

 മഞ്ഞിനടിയിലെ തീ ജ്വാല ,അഭയകുടീരം,ഡേ കെയര്‍,ജാതക പൊരുത്തം, മരുപ്പച്ച, ഒരു പേരിടല്‍ പരിണാമം, ഒരു പെമ്പിളൈ ഒരുമൈയുടെ  ബാക്കി പത്രം, ഉത്തരമില്ലാത്ത കടംകഥ, സ്ത്രീധനം തുടങ്ങിയ കഥകള്‍ വായനക്കാരുടെ മനസ്സില്‍ മായാതെ നില്‍ക്കും എന്നതു തന്നെ ഈ സമാഹാരത്തിനുളള ഒരംഗീകാരമാണ്. എം.കെ.ഹരികുമാറിന്റെ ആമുഖത്തോടെയാണ് കഥകളുടെ അവതരണം. സൂര്യ ബുക്‌സാണ് പ്രസാധകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.