ഇവര്‍ യാത്ര തുടരുന്നു........

Sunday 8 April 2018 2:23 am IST
"undefined"

യാത്രകള്‍ എന്നും  ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. എപ്പോള്‍, എങ്ങനെ, എന്നൊക്കെ ആലോചിച്ച് സമയം കളയുക മാത്രമാണ് നമ്മളില്‍ ഓരോരുത്തരും ചെയ്യുന്നത്. അല്ലെങ്കില്‍ യാത്രയ്ക്കുള്ള ചെലവ് ഓര്‍ത്ത് വേവലാതിപ്പെടും. കൈയിലുള്ള തുകകൊണ്ട് പോകാന്‍ സാധിക്കുന്നിടത്ത് പോയാലായി. സ്വപ്‌നം കാണുമ്പോള്‍ രാജാവിനെപ്പോലെ സ്വപ്‌നം കാണണമെന്ന് പഴമക്കാര്‍ പറയും. യാത്രപോകുന്നത് സ്വപ്‌നം കാണുമ്പോഴും അതുപോലെ തന്നെയാകണം. വിദേശ രാജ്യങ്ങളും ലോകാത്ഭുതങ്ങളും ഒക്കെ കാണുന്നതായി. എന്നാല്‍ അതിനുവേണ്ടി ആരെങ്കിലും ശ്രമിക്കുന്നുണ്ടോ? ഇല്ലെന്ന് തീര്‍ത്തും പറയാനാകില്ല. 

ഇത് വിജയന്‍- മോഹിനി ദമ്പതികള്‍. സമ്പന്നരൊന്നുന്നുമല്ല. കൊച്ചി നഗരത്തിന് നടുവില്‍ ചായക്കട നടത്തി ഉപജീവനം നടത്തുന്നവര്‍. ഇവര്‍ ഇപ്പോഴുള്ളത് ചൈനയിലാണ്, അതിശയിക്കേണ്ട. യാത്രപോയതാണ്. ഇവരും രാജാവിനെപോലെ സ്വപ്‌നം കണ്ടു, പിന്നീട് അത് പ്രാവര്‍ത്തികമാക്കാന്‍ അഹോരാത്രം പ്രയത്‌നിച്ചു. ഇത് ഇവരുടെ വിജയമന്ത്രമാണ്. എറണാകുളം നഗരമധ്യത്തില്‍ ഗാന്ധിനഗറില്‍ ഒരു ചെറിയ ചായക്കട നടത്തിയാണ് യാത്രയ്ക്കുള്ള ചെലവ് കണ്ടെത്തുന്നത്. പക്ഷേ ഇവര്‍ യാത്ര പോയിട്ടുള്ളത് ഊട്ടി, കൊടൈക്കനാല്‍, മൈസൂര്‍ ഒന്നുമല്ല. രാജ്യങ്ങളുടെയെണ്ണം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 16 രാജ്യങ്ങള്‍! ആഗ്രഹവും അതിനുവേണ്ടി കഷ്ടപ്പെടാനുള്ള മനസ്സും ഉണ്ടെങ്കില്‍ എന്തും സാധ്യമാകുമെന്ന് തെളിയിച്ചവരാണ് വിജയനും ഭാര്യ മോഹിനിയും. ചായക്കടയില്‍ എത്തുന്നവരുടെ വയറും മനസ്സും നിറയെ ഭക്ഷണം വിളമ്പും, അങ്ങനെ കിട്ടുന്ന പണമേ ജീവിതത്തില്‍ ഉപകാരപ്പെടൂ എന്ന് കരുതുന്നവരാണ് വിജയനും ഭാര്യയും.

കൈയില്‍ നൂറുരൂപപോലും എടുക്കാനില്ലാത്ത സമയത്ത് യാദൃച്ഛികമായി വിജയന്‍ ഒരു പരസ്യം കണ്ടു, കൊച്ചിയില്‍ നിന്ന് ഒരുസംഘം ഈജിപ്ത്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലേയ്ക്ക് യാത്ര പോകുന്നുവെന്ന്. പരസ്യം നല്‍കിയ ട്രാവല്‍ ഏജന്‍സി അന്വേഷിച്ച് കണ്ടെത്തി. അവിടെയെത്തിയപ്പോള്‍ യാത്രാ ചെലവ് കേട്ട് ഒന്ന് ഞെട്ടി. ഏറെ ചെലവ് വരും, നിങ്ങളെക്കൊണ്ട് ആകില്ലെന്ന് ട്രാവല്‍ ഏജന്‍സിയിലുള്ളവരും പറഞ്ഞു. അതിലൊന്നും മനംമടുക്കാതെ, നിങ്ങള്‍ രണ്ട് സീറ്റ് ബുക്ക് ചെയ്‌തോളൂ, ഞങ്ങള്‍ എത്തുമെന്ന് വാക്ക് പറഞ്ഞു തിരികെ പോന്നു. പിന്നീട് പാസ്‌പോര്‍ട്ടിനായുള്ള ഓട്ടം. യാതൊരു സര്‍ട്ടിഫിക്കറ്റുകളും കൈയില്‍ ഇല്ല, എല്ലാം നഷ്ടപ്പെട്ടിരുന്നു. ഒടുവില്‍ എല്ലാം സംഘടിപ്പിച്ച് പാസ്‌പോര്‍ട്ട് എടുത്തു. പിന്നീട് ഒട്ടും താമസിച്ചില്ല, എല്ലാം പെട്ടെന്നായിരുന്നു. രാവും പകലും ചായക്കട തുറന്നും പലിശക്കാരോട് പണം വാങ്ങിയും സ്വര്‍ണ്ണം വിറ്റും പോകാനുള്ള തുക സ്വരൂക്കൂട്ടി. പാന്റ്‌സിട്ടാല്‍ മാത്രമേ വിമാനത്തില്‍ കയറ്റൂവെന്ന് കരുതി. പാന്റ്‌സും സൂട്ടും ഒക്കെ വാടകയ്ക്ക് എടുത്ത് ആദ്യയാത്ര. പിന്നീടുള്ള ഓരോ നിമിഷവും സ്വപ്‌നങ്ങളേക്കാള്‍ അതിമനോഹരം.

''വാനോളം ആഗ്രഹിച്ചിരുന്നതാണ് ഒരിക്കല്‍ വിമാനത്തില്‍ കയറണമെന്ന്. മുമ്പ് വിമാനയാത്ര നടത്തിയിട്ടുള്ളവര്‍ പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നു, എങ്കിലും ആകാംക്ഷയായിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പറന്നുയര്‍പ്പോള്‍ ചെറുതായൊന്ന് പേടിതോന്നിയെങ്കിലും കൂട്ടിനുള്ളില്‍ അകപ്പെട്ട പക്ഷിക്ക് പറക്കാന്‍ ആകാശം കിട്ടയതുപോലെ,സന്തോഷം തോന്നി. കണ്ണ് അടച്ചും ചെവി പൊത്തിയും ഇരുന്നു. പിന്നീടത് ആസ്വദിച്ചു. സഹയാത്രികരൊക്കെ വിദ്യാസമ്പന്നരും വലിയ പണക്കാരും ഒക്കെയായിരുന്നു. ഞങ്ങള്‍ക്കാണേല്‍ മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. ഗൈഡാണ് എല്ലാം പറഞ്ഞു മനസിലാക്കി തന്നതും യാത്രയിലുടനീളം സഹായിച്ചതും. ഒപ്പം ഉണ്ടായിരുന്നവര്‍ ഞങ്ങളെ  അത്ഭുതജീവികളായിട്ടാണ് കണ്ടത്. പരിചയപ്പെട്ട് കഴിഞ്ഞപ്പോള്‍ അതൊക്കെമാറി. ഈജീപ്റ്റിലെത്തി പിരമിഡും മറ്റ് ചരിത്രസ്മാരകങ്ങളും കണ്ടു''. 

വിജയന്റെ അഭിപ്രായത്തില്‍ ഈജിപ്തും ഇന്ത്യയും തമ്മില്‍ സാമ്യതകള്‍ ഏറെയുണ്ട്. നാഗരികത അധികം എത്തിയിട്ടില്ലാത്ത നാടാണ് ഈജിപ്ത്, അതുകൊണ്ടാവാം സാമ്യം തോന്നിയത്, കൂടാതെ ഏകദേശം ഇന്ത്യന്‍ സംസ്‌കാരം തന്നെയാണ് അവിടേയും. ഒരിക്കല്‍ പോലും പുതുവര്‍ഷാരംഭം ആഘോഷിച്ചിട്ടില്ലാത്ത ഇരുവരും ന്യൂ ഇയര്‍ ആഘോഷിച്ചത്, പുസ്തകങ്ങളിലൂടെ മാത്രം വായിച്ചുകേട്ടിട്ടുള്ള നൈല്‍ നദിയിലെ ഓളപ്പരപ്പിലാണ്. ബോട്ടില്‍ പാട്ടും ഡാന്‍സുമായി ഒരു രാത്രി മുഴുവന്‍ നീണ്ട ആഘോഷം. പണ്ട് കാബറേ ഡാന്‍സ് കാണാന്‍ മറൈന്‍ഡ്രൈവിലുള്ള സീലോഡ് ഹോട്ടലിനു മുന്നില്‍ ചെന്ന് നിന്നിട്ടുണ്ട്. പക്ഷേ അകത്ത് കയറാനുള്ള പണം കൈയില്‍ ഇല്ലാത്തതിനാല്‍ നിരാശയോടെ തിരിച്ചുപോന്നു. ഈജിപ്തിലെത്തിയപ്പോള്‍ ബെല്ലി ഡാന്‍സ് കണ്ടെന്നും വിജയന്‍. ജോര്‍ദ്ദാനിലെത്തി ക്രിസ്തുവിന്റെ കല്ലറയ്ക്ക് മുന്നില്‍ ഇരുവരും മുട്ടുകുത്തിയിരുന്നു പ്രാര്‍ത്ഥിച്ചു. അന്ന് മനസിന് അനുഭവപ്പെട്ട കുളിര് ഇപ്പോഴുമുണ്ട്, മോഹിനി പറഞ്ഞുനിര്‍ത്തി. 

ചേര്‍ത്തലക്കാരനാണ് വിജയന്‍. ജീവിതത്തില്‍ അദ്ദേഹം ആദ്യം കണ്ട നഗരം കൊച്ചിയാണ്. ചെറുപ്പ കാലത്ത് എറണാകുളം ഒരു സ്വപ്ന നഗരമായിരുന്നു. വിവാഹശേഷം കൊച്ചിയിലേയ്ക്ക് താമസംമാറി. പിന്നീട് കൊച്ചിയുടെ മകനായി ജീവിച്ചു. വിവാഹശേഷമുള്ള ആദ്യയാത്ര, തിരുപ്പതിക്കായിരുന്നു. പിന്നീട് എല്ലാവര്‍ഷവും രണ്ടും മൂന്നും തവണ പോകും. ഇപ്പോള്‍ ഏകദേശം 170 ലധികം തവണ രണ്ടുപേരും ചേര്‍ന്ന് പോയിട്ടുണ്ട്. മക്കള്‍ ചെറുതായിരുന്നപ്പോള്‍ അവരേയും ഒപ്പംകൂട്ടിയിരുന്നു. അവരുടെ വിവാഹശേഷം യാത്രയില്‍ ഇരുവരും മാത്രമായി. 

''രാവും പകലും കഷ്ടപ്പെട്ടാണ് യാത്രയ്ക്ക് പണം ഉണ്ടാക്കിയിരുന്നത്. ആ യാത്രകളുടെ സുഖം എത്ര പറഞ്ഞാലും മതിവരില്ല, പറഞ്ഞാല്‍ തന്നെ എത്രപേര്‍ക്കും മനസിലാകുമെന്നും അറിയില്ല, കാരണം ഓരോരുത്തരുടേയും കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും. ഒരുപക്ഷേ ഞാന്‍ ആസ്വദിക്കുന്ന സൗന്ദര്യം എന്റെ ഭാര്യയ്ക്കും ഇഷ്ടപ്പെടണമെന്നില്ല. യുവതലമുറയില്‍പ്പെട്ടവര്‍ ധാരാളംപേര്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ ഓരോരുത്തരും ആദ്യം അവനവന്‍ ജനിച്ചുവളര്‍ന്ന മണ്ണ് കാണണം, ആസ്വദിക്കണം, രുചിക്കണം. പിന്നീട് മറ്റിടങ്ങള്‍. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഞങ്ങള്‍ പോയിട്ടുണ്ട്. കൂടാതെ, ബദരിനാഥ്, കേദാര്‍നാഥ്, ഹരിദ്വാര്‍, ദല്‍ഹി, ഡെറാഡൂണ്‍, ഗംഗോത്രി, വാരാണസി, ഗയ, അമൃത്‌സര്‍, ജയ്പൂര്‍, ആഗ്ര, മഥുര, എന്നിങ്ങനെ ഭാരതത്തിലുടനീളം ഞങ്ങള്‍ യാത്ര ചെയ്തിട്ടുണ്ട്. ദല്‍ഹിയിലെത്തിയപ്പോള്‍, പ്രധാനമന്ത്രിയെ മാത്രം കാണാനായില്ല, മറ്റ് കേന്ദ്രമന്ത്രിമാരെയൊക്കെ കണ്ടു. ഞങ്ങളുടെ ആഗ്രഹങ്ങളില്‍ ഒന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് അദ്ദേഹത്തിന്റയൊപ്പം ഒരു ഫോട്ടോയെടുക്കണമെന്നത്. ഉടന്‍ നടക്കുമെന്നാണ് പ്രതീക്ഷ. ഞങ്ങള്‍ തമ്മില്‍ ചെറിയൊരു സാമ്യവുമുണ്ട്. അദ്ദേഹവും ഒരു ചായക്കടക്കാരനായിരുന്നല്ലോ'' വിജയന്‍ ചേട്ടനും ഭാര്യയും മുഖത്തോടുമുഖം നോക്കി ചിരിച്ചു.

കാണാന്‍ ആഗ്രഹമുള്ള പലതുമുണ്ട്. നേപ്പാള്‍, റഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് ഒക്കെയൊന്ന് കറങ്ങണമെന്നുണ്ട്. ഒരു സ്‌പോണ്‍സറെ കിട്ടണം. അമേരിക്കന്‍ യാത്രയില്‍ തൃപ്തരല്ല ഇരുവരും. അമേരിക്ക മുഴുവന്‍ കണ്ടുതീര്‍ക്കാന്‍ 12 ദിവസം വളരെ കുറവാണ്. ലോസാഞ്ചലസ്, ന്യൂയോര്‍ക്ക്, വാഷിംങ്ടണ്‍, നയാഗ്ര എന്നിവിടങ്ങളില്‍ മാത്രമാണ് പോയത്. ലാറ്റിന്‍ അമേരിക്കയിലൂടെയൊന്ന് കറങ്ങണമെന്നുണ്ട്. അവിടെയുള്ള ചിലിയാണ് അടുത്ത സ്വപ്നം. ലണ്ടണ്‍, പാരിസ്, സിങ്കപ്പൂര്‍, മലേഷ്യ, റോം, വത്തിക്കാന്‍, അമേരിക്ക, ദുബായ്, തായ്‌ലന്റ്, സ്വിറ്റ്‌സര്‍ലാന്റ് അങ്ങനെ നീളുന്നു പോയിട്ടുള്ള രാജ്യങ്ങളുടെ നിര. '' ഈ പ്രായത്തില്‍ ലോകാത്ഭുതങ്ങളില്‍ ചിലത് കാണാനായത് ഞങ്ങളുടെ ഭാഗ്യമാണ്. താജ്മഹല്‍, പിരമിഡ്,  ഈഫല്‍ ടവര്‍,  സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി ഒക്കെ കണ്ടു. ഇപ്പോള്‍ ഈ യാത്ര ചൈന വന്‍ മതില്‍ കാണാനാണ്. എനിക്ക് 67 ഉം ഭാര്യ മോഹിനിക്ക് 65 ഉം ആണ് പ്രായം. വാര്‍ദ്ധക്യ സംബന്ധമായി അസുഖങ്ങളൊന്നുമില്ല, വന്‍മതില്‍ കയറാനാകുമെന്ന വിശ്വാസത്തിലാണ്'' വിജയന്‍ ചേട്ടന്‍ നിറുത്തിയുടനെ, മോഹിനി ചേച്ചി '' എന്താന്ന് അറിയില്ല ഈയിടയായി കാല്‍മുട്ടിന് ചെറിയ വേദനയുണ്ട്, ഞാന്‍ വന്‍മതില്‍ കയറിയില്ലെങ്കിലോ?, ഭര്‍ത്താവായ ഞാനിലേ കൂടെ, നടക്കാന്‍ കഴിയില്ലെങ്കില്‍ എടുത്തുകയറ്റുമെന്ന് വിജയന്‍ ചേട്ടന്‍. ഇതാണ് ഈ പ്രായത്തിലും ഇരുവരുടേയും ഊര്‍ജ്ജം.

എല്ലാ യാത്രകളില്‍ നിന്നും ഞങ്ങള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നത് അതിന്റെ ഓര്‍മ്മകള്‍ മാത്രമാണ്. അതാണ് മറ്റ് എന്തിനേക്കാളും വലതും. കണ്ടുമറന്ന കാഴ്ചകളൊന്നും ഞങ്ങള്‍ക്കില്ല. അമേരിക്കയില്‍ പോയപ്പോള്‍ ഒരു ഭിക്ഷക്കാരന്‍ (നമ്മുടെ നാട്ടിലെ പോലെയല്ല, ഭംഗിയായി വസ്ത്രം ധരിച്ചയാള്‍) റോഡരികിലിരുന്നു യാചിക്കുന്നു. അങ്ങനെ അമേരിക്കയിലെ ഭിക്ഷക്കാരനെയും കണ്ടു. അത് യാത്രയിലെ ഒരു രസകരമായ ഓര്‍മ്മയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.