ആര്‍ഷ സംസ്‌കൃതിയുടെ അപചയമാണ് രാഷ്ട്ര നാശത്തിന് കാരണം: സ്വാമി വിശുദ്ധാനന്ദ സരസ്വതി

Saturday 7 April 2018 4:47 pm IST

 

മയ്യില്‍: ബോംബു കൊണ്ടും തോക്കു കൊണ്ടും രാഷ്ട്രത്തെ നശിപ്പിക്കുന്ന പഴയകാല രീതിയില്‍ നിന്നും ആധുനിക ലോകം വളരെയേറെ മുന്നേറിക്കഴിഞ്ഞു. ഇന്ന് ഒരു രാഷ്ട്രത്തെ നശിപ്പിക്കാന്‍ എല്ലാ ശത്രുക്കളും ഉപയോഗിക്കുന്ന ആയുധമാണ് പൈതൃക സംസ്‌കാരത്തെ അവമതിച്ചുകൊണ്ട് വളരുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ബൗദ്ധീക ആക്രമണമെന്ന് സംപൂജ്യ സ്വാമി വിശുദ്ധാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതനില്‍ നടക്കുന്ന നാലാമത് സമ്പൂര്‍ണ്ണ ശ്രീമദ് ഭഗവത് ഗീതാ ജ്ഞാനയജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമിജി. സ്വന്തം സംസ്‌കൃതിയില്‍ അഭിമാനം തോന്നുന്നവര്‍ മാത്രമാണ് വൈയക്തികവൈജാത്യങ്ങളെ അവഗണിച്ച് സാംസ്‌കാരികമായ തനിമയ്ക്ക് വേണ്ടി ഒന്നിച്ച് നില്‍ക്കുക. ആര്‍ഷ സംസ്‌കാരത്തെ വര്‍ഷസഹസ്രങ്ങളിലൂടെ തകര്‍ക്കാനാവാത്ത വൈദേശികദുഷ്ട് ഈ കഴിഞ്ഞ ദശകങ്ങളില്‍ ഇത്തരം വിഷലിപ്തമായ ചിന്തകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരിക്കുകയാണ്. 

അത്തരം സാംസ്‌കാരിക അപഭ്രംശത്തെ തടഞ്ഞു നിര്‍ത്തുന്നതിന് ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള വിദ്യാലയങ്ങള്‍ നടത്തുന്ന ഇത്തരം ഗീതാപഠന പ്രവര്‍ത്തനങ്ങള്‍ അവാച്യമായ പ്രതിരോധമാണ് ഇവരുടെ മുന്നില്‍ സൃഷ്ടിക്കുന്നത്. വിദേശിയുടെ ബോംബിനേക്കാള്‍ അപകടമാണ് സ്വദേശിയുടെ അപകര്‍ഷതാബോധം. അപകര്‍ഷതാ ബോധമില്ലാത്തൊരു സമൂഹത്തെ വാര്‍ത്തെടുത്ത് രാഷ്ട്രസ്‌നേഹികളുടെ കൂട്ടായ്മകള്‍ വളര്‍ത്താന്‍ ഇത്തരം ഗീതാപഠന യജ്ഞങ്ങള്‍ ഉപകരിക്കട്ടെയെന്ന് സ്വാമികള്‍ പറഞ്ഞു. ഗീതാജ്ഞാനയജ്ഞത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ യജ്ഞ ഹോമാദി കര്‍മ്മങ്ങള്‍ക്ക് പുറമേ വിശേഷാല്‍ സര്‍വ്വൈശ്വര്യ പൂജയും നടന്നു. സാംസ്‌കാരിക സമ്മേളനവും ക്ഷേത്ര ദര്‍ശനവും വിവിധ കലാപരിപാടികളും നടന്ന ഇന്നലെയുണ്ടായ വന്‍ ഭക്തജനപ്രവാഹം യജ്ഞവേദിയെ സജീവമാക്കി. നാളെ ഞായറാഴ്ച നടക്കുന്ന സമ്പൂര്‍ണ്ണ ഗീതാ മന്ത്രജപ ഹവനവും പൂര്‍ണ്ണാഹുതിയും നടക്കുന്നതോടെ ഈ വര്‍ഷത്തെ ഗീതാ ജ്ഞാനയജ്ഞത്തിന് പരിസമാപ്തിയാകും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.