പട്ടുവം പഞ്ചായത്തില്‍ സിപിഎം ഏകാധിപത്യ ഭരണം ആയുര്‍വ്വേദ ആശുപത്രി കെട്ടിട ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും

Saturday 7 April 2018 4:48 pm IST

 

തളിപ്പറമ്പ്: സിപിഎമ്മിന് മൃഗീയ ഭൂരിക്ഷമുള്ള പട്ടുവം പഞ്ചായത്തില്‍ ഏകാധിപത്യ ഭരണം. ഇന്ന് നടക്കാനിരിക്കുന്ന ആയുര്‍വ്വേദ ആശുപത്രി കെട്ടിടോദ്ഘാടനം യുഡിഎഫ് ബഹിഷ്‌ക്കരിക്കും. ലോകബാങ്കിന്റെ ധനസഹായത്തോടെ പട്ടുവം കടവ് റോഡില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ഇന്നു നടക്കുന്നത്. ഗ്രാമ സേവാസംഘം സൗജന്യമായി നല്‍കിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന 10 സെന്റ് സ്ഥലത്താണ് 2 കോടി രൂപ ചെലവഴിച്ച് കെട്ടിടം പണിതത്. ഗ്രാമസേവാസംഘത്തില്‍ സിപിഎം പ്രവര്‍ത്തകരാരും തന്നെ അംഗങ്ങളല്ല. മുന്‍ സിപിഎം നേതാവ് ഗോപാലന്‍ മാസ്റ്ററാണ് സംഘത്തിന്റെ ഇപ്പോഴത്തെ സെക്രട്ടറി. വി.ചന്ദ്രന്‍ മാസ്റ്റര്‍ പ്രസിഡന്റും.

പട്ടുവം പഞ്ചായത്തില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ ഒന്നിലും യുഡിഎഫ് അംഗങ്ങളെ ഭരണസമിതി പങ്കെടുപ്പിക്കാറില്ല. സ്വാഗതസംഘ രൂപീകരണ സമയത്ത് സംഘടിച്ചെത്തുന്ന സിപിഎം പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടിക്കാര്‍ ഇറങ്ങിപ്പോകാന്‍ തക്ക വിധത്തിലുള്ള തര്‍ക്കങ്ങളും മറ്റുമുണ്ടാക്കി സ്വാഗത സംഘം പിടിച്ചെടുക്കുകയാണ് പതിവെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതികള്‍ക്കായി സ്ഥലം വിട്ടുകൊടുക്കുന്നതില്‍ പിന്നോട്ട് നില്‍ക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ ഉദ്ഘാടനച്ചടങ്ങുകള്‍ കൈയ്യടക്കിയിരിക്കുകയാണ്. പദ്ധതിക്ക് സ്ഥലം സംഭാവന ചെയ്തവരെ ഒന്ന് ആദരിക്കാന്‍ പോലും ഇവര്‍ തയ്യാറായിട്ടില്ല. ആശുപത്രിക്ക് സ്ഥലം നല്‍കിയ ഗ്രാമസേവാ സംഘത്തെ പരിപാടിക്ക് ക്ഷണിക്കുകയോ അതിന്റെ ഭാരവാഹികളെ ആദരിക്കുകയോ ചെയ്തിട്ടില്ല. സ്വാഗതസംഘം രൂപീകരണ സമയത്ത് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അത് പരിഗണിക്കാന്‍ പഞ്ചായത്ത് ഭരണകര്‍ത്താക്കള്‍ തയ്യാറാകാഞ്ഞതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിക്കുകയാണ് ചെയ്തത്.

ആശുപത്രിക്ക് സ്ഥലം നല്‍കിയതിനു പുറമെ മംഗലശ്ശേരിയില്‍ ഫിഷ് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിംഗ് സെന്റര്‍ തുടങ്ങാന്‍ മുറിയാത്തോട്ടിലെ ടി.പി.ഗംഗാധരന്‍ 10 സെന്റ് സ്ഥലവും കൂത്താട്ട് ഹൈടെക് അങ്കണവാടി സ്ഥാപിക്കുന്നതിന് അഡ്വ.രാജീവന്‍ കപ്പച്ചേരിയുടെ നേതൃത്വത്തിലുള്ള കുടിവെള്ള പദ്ധതി സൊസൈറ്റി 13 സെന്റ് സ്ഥലവും കയ്യം തടത്തില്‍ അങ്കണവാടി സ്ഥാപിക്കുന്നതിന് കുമ്പക്കര ഉണ്ണിക്കൃഷ്ണന്‍ 4 സെന്റ് സ്ഥലവും പഞ്ചായത്തിന് സംഭാവനയായി നല്‍കിയിട്ടുണ്ട്. മുമ്പ് സ്ഥലം നല്‍കിയവരെ ഗൗനിക്കാത്ത പഞ്ചായത്ത് ഭരണാധികാരികളുടെ നടപടി ഭാവിയില്‍ സ്ഥലം ലഭിക്കുന്നതിന് തടസ്സമാകുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

പട്ടുവം പഞ്ചായത്തില്‍ 13 അംഗങ്ങളില്‍ 10 പേരും സിപിഎമ്മുകാരാണ്. യുഡിഎഫില്‍ 1 കോണ്‍ഗ്രസ്സും രണ്ട് ലീഗും. യുഡിഎഫിന്റെ 3 അംഗങ്ങളെയും പഞ്ചായത്തിന്റെതായ ഒരു പരിപാടിക്കും പരിഗണിക്കാറില്ല. പാര്‍ട്ടി അടിസ്ഥാനത്തില്‍ പരിപാടികള്‍ക്ക് ക്ഷണിക്കാറുണ്ടെങ്കിലും മറ്റ് പഞ്ചായത്തുകള്‍ കാണിക്കുന്ന മാന്യത പട്ടുവം പഞ്ചായത്തില്‍ തീരെയില്ല എന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. അഡ്വ.രാജീവന്‍ കപ്പച്ചേരി, സി.നാരായണന്‍ കെ.ഹമീദ് മാസ്റ്റര്‍ പി.പി.സുബൈര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.