ചിത്രലേഖയുടെ സ്ഥലം തിരിച്ചെടുക്കാനുളള സര്‍ക്കാര്‍ തീരുമാനം : സിപിഎമ്മിന്റെ ദളിത് വിരുദ്ധത തുറന്നു കാട്ടുന്നതായി

Saturday 7 April 2018 5:37 pm IST

 

കണ്ണൂര്‍: സിപിഎമ്മിന്റെ പാര്‍ട്ടിഗ്രാമത്തിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്ത് ഒടുവില്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നും നിരന്തരമായ അതിക്രമങ്ങളില്‍ സഹികെട്ട് സ്വന്തം നാടും വീടും ഉപേക്ഷിച്ച ദളിത് യുവതിക്കെതിരെ വീണ്ടും സിപിഎം നീക്കം. 

സിപിഎമ്മുകാരുടെ ഭീഷണി കാരണം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും പാലായനം ചെയ്യേണ്ടിവന്ന പയ്യന്നൂര്‍ എടാട്ട് സ്വദേശിയും ഓട്ടോെ്രെഡവറുമായിരുന്ന ദളിത് യുവതിയെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സൗജന്യമായി ചിറയ്ക്കല്‍ പഞ്ചായത്തില്‍ നല്‍കിയ 5 സെന്റ് ഭൂമിയില്‍ നിന്നും സംസ്ഥാന ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് കുടിയിറക്കി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് യുവതിക്കും കുടുംബത്തിനും വീട് നിര്‍മ്മിക്കാനായി നല്‍കിയ മയ്യില്‍ കാട്ടാമ്പളളിയിലെ സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുന്നത് സംബന്ധിച്ച് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ചിത്രലേഖയ്ക്ക് ലഭിച്ചത്. സര്‍ക്കാര്‍ രണ്ടു വര്‍ഷം മുന്‍പു സ്ഥലം അനുവദിച്ച തീരുമാനം റദ്ദാക്കുന്നുവെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

 എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം സിപിഎമ്മും ഇടതുപക്ഷ കക്ഷികളും കാലങ്ങളായി കേരളത്തിലാകമാനം പിന്തുടരുന്ന ദളിത് വിരുദ്ധതയുടെ മറ്റൊരു ഉദാഹരണമായി. സന്നദ്ധ സംഘടനയുടെ സഹായത്തോടെ അഞ്ചു സെന്റില്‍ വീടു നിര്‍മ്മാണം നടന്നു കൊണ്ടിരിക്കേയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ദളിതരുടെ രക്ഷകരെന്ന് സ്വയം ഉദ്‌ഘോഷിക്കുന്ന പാര്‍ട്ടി ഭരണത്തില്‍ ദളിതരോടുളള സമീപനം വ്യക്തമാക്കുന്നതായി ഭൂമി തിരിച്ചെടുക്കല്‍. 

പയ്യന്നൂര്‍ എടാട്ട്് ഓട്ടോറിക്ഷാ സ്റ്റാന്റില്‍ സ്വന്തമായി ഓട്ടോ സര്‍വ്വീസ് നടത്തിയിരുന്ന ചിത്രലേഖ സിപിഎമ്മുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വീടുപേക്ഷിച്ച് നാടുവിടുകയായിരുന്നു. ചിത്രലേഖയുടെ ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച സംഭവം വരെ ഉണ്ടായിരുന്നു. സുഹൃത്തുക്കള്‍ മറ്റൊരു ഓട്ടോറിക്ഷ വാങ്ങി നല്‍കിയെങ്കിലും അതും നശിപ്പിക്കപ്പെടുകയായിരുന്നു. വീടിന് നേരെയും സിപിഎം സംഘം അക്രമം നടത്തുകയുണ്ടായി. ജനിച്ച നാട്ടില്‍ താമസിക്കാനും തൊഴിലെടുക്കാനും സാധിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ മൂന്ന് മാസത്തിലധികം കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ കുടിലുകെട്ടി രാപ്പകല്‍ സമരം നടത്തി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിലും ആഴ്ചകളോളം സമരം നടത്തിയിരുന്നു. തുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്.

വീടുവയ്ക്കാന്‍ തുക നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആ തീരുമാനം നേരത്തെ റദ്ദാക്കിയിരുന്നു. വീടു പണി ഏതാണ്ട് പൂര്‍ത്തിയാവാനിരിക്കെ മനുഷ്യത്വമില്ലാത്ത നടപടിയാണ് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ചിത്രലേഖയുടെ അമ്മയുടെ പേരിലുളള ഭൂമി ചൂണ്ടിക്കാട്ടിയാണ് ചിത്രലേഖയ്ക്ക് ഭൂമിയുണ്ടെന്ന കളളപ്രചാരണം നടത്തി റവന്യൂ അധികൃതര്‍ വീട് നിര്‍മ്മാണം നടക്കുന്ന ചിത്രലേഖയുടെ ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അനാരോഗ്യം മൂലം ഓട്ടോ ജോലി ഉപേക്ഷിച്ച ചിത്രലേഖ കാട്ടാമ്പള്ളിക്കടുത്ത് വാടക വീട്ടിലാണ് കഴിഞ്ഞു വരുന്നത്. കണ്ണൂര്‍ ടൗണില്‍ ഓട്ടോ െ്രെഡവറായ ശ്രീഷ്‌കാന്താണ് ഭര്‍ത്താവ്. അതേസമയം സ്വന്തം ഭൂമിയില്‍ നിന്നും ഭരണകൂടഭീകരത ആട്ടിയിറക്കിയ ചിത്രലേഖയ്ക്ക് വീടും സ്ഥലവും നല്‍കുമെന്ന് സേവാഭാരതി ജില്ല ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.