മുരിക്കനു മുന്നേ വിതച്ചവർ

Sunday 8 April 2018 2:30 am IST
ചിലപ്പോള്‍, അങ്ങനെയാണ്, സത്യങ്ങള്‍ കുറച്ച് നേരത്തേക്കെങ്കിലും മുങ്ങിപ്പോയേക്കാം. എന്നാല്‍ അധികകാലം വേണ്ടിവരില്ല, കനല്‍ മൂടിയ സത്യം തെളിഞ്ഞുവരാന്‍. ഇത് നിശ്ചയദാര്‍ഢ്യത്തിലുടെയും, മെയ്ക്കരുത്തിലുടെയും ഒരു നാടിന്റെ ചരിത്രം തിരുത്തിക്കുറിച്ച, ലോകത്തിന് തന്നെ അത്ഭുതമായി മാറിയ കഥയാണ്. ആഴവും, ഒഴുക്കുമുള്ള വേമ്പനാട്ടുകായല്‍ നികത്തി കൃഷി ചെയ്യുകയെന്നത് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന കാലം. കായല്‍ രാജാവായ മുരിക്കുമുട്ടില്‍ തോമസ് ജോസഫ് മുരിക്കന് മുമ്പേ കായല്‍ നികത്തി കൃഷി ചെയ്ത ചരിത്രം, എത്രയോ വര്‍ഷം മുമ്പേ കാവാലത്തിന് സ്വന്തമാണ്. എന്നാല്‍ ചാലയില്‍ ഇരവി കേശവപ്പണിക്കര്‍ എന്ന കര്‍ഷകന്‍ ഇപ്പോഴും കേരളത്തിന് അജ്ഞാതനാണ്. മുരിക്കന്‍, കായല്‍ നികത്തി കൃഷി തുടങ്ങുന്നതിന് മൂന്ന് പതിറ്റാണ്ട് മുമ്പ് കായല്‍ നികത്തി കൃഷിയിറക്കി വിജയിച്ച് വിപ്ലവം സൃഷ്ടിച്ചയാളാണ് കേശവപ്പണിക്കര്‍. പണിക്കര്‍ വേമ്പനാട്ട് കായലിന്റെ ഗതി മാറ്റി ആറ്റുമുട്ടുകായല്‍ കുത്തിയെടുത്ത് കൃഷിയോഗ്യമാക്കിയതാണ് ആദ്യ ചരിത്ര സംഭവം. ഇതാകാം ഒരു പക്ഷേ മുപ്പത്തിരണ്ട് വര്‍ഷത്തിന് ശേഷം മുരിക്കനും കായല്‍ നികത്തി കൃഷി ചെയ്യാന്‍ പ്രേരണയായത്. എന്നാല്‍ കായല്‍ രാജാവായി മുരിക്കന്‍ ചരിത്രത്തില്‍ ഇടം നേടിയപ്പോള്‍, ഇരവി കേശവപ്പണിക്കര്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വിസ്മൃതിയിലായി.
"undefined"

കാവാലത്ത് ചാലയില്‍ കുടുംബത്തിലെ കര്‍ക്കശക്കാരനായ കാരണവരായിരുന്നു ഇരവി കേശവപ്പണിക്കര്‍. ആയിരത്തി എണ്ണുറ്റി മുപ്പതിലാണ് കേശവപ്പണിക്കര്‍ സഹോദരി കുഞ്ഞിപ്പിള്ള ഗൗരിയുമായി കാവാലത്തെ ചാലയില്‍ വീട്ടിലേക്ക് മാറുന്നത്. ആരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വം, സഹായമനസ്‌കന്‍, സമ്പന്നന്‍ ഇതെല്ലാമായിരുന്നു ഇരവി. കായല്‍ നികത്തി കൃഷി എന്ന ആശയം ആരുടെ ആണെന്ന് അറിയില്ലെങ്കിലും ഇരവി കായല്‍ നികത്തി കൃഷി ചെയ്യാന്‍ തീരുമാനിച്ചു. 

സമ്പത്തുമാത്രം പോരാ, വലിയ രീതിയില്‍ മനുഷ്യപ്രയത്‌നവും ആവശ്യമാണ്. ഇതിന് മുമ്പ് ആരും ഇത് പരീക്ഷിച്ചിട്ടില്ല. വിജയിക്കുമെന്ന് ഉറപ്പില്ല. പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇരവി തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞില്ല. തന്റെ പാടത്തും, പറമ്പിലും പണിയെടുക്കുന്നവരുമായി കൂടിയാലോചിച്ചു. അവരുടെ ഉറപ്പ് മാത്രം മതിയായിരുന്നു ഇരവിക്ക്. അവര്‍ ശ്രമിക്കാമെന്ന് ഉറപ്പ് നല്‍കി. പിന്നീട് ശരവേഗത്തിലായിരുന്നു കാര്യങ്ങള്‍. ഇതിനിടയില്‍ കായല്‍ നികത്തുന്നതിനെതിരെ രാജാവിന് പരാതി ചെന്നു. ഇത് അന്വേഷിക്കാന്‍ ദിവാന്‍ പേഷ്‌ക്കാര്‍ എത്തി. നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നെങ്കിലും അദ്ദേഹം പിന്തിരിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കായലിനോട് മല്ലിട്ട് അവസാനം വിജയം നേടി. 

പേഷ്‌ക്കാരുടെ അന്വേഷണത്തില്‍ കായല്‍ കൃഷിയിടമായാല്‍ ഭക്ഷ്യ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താന്‍  സഹായിക്കുമെന്ന് ബോദ്ധ്യപ്പെട്ടു. ഇരവിയുടെ നിശ്ചയദാര്‍ഢ്യവും, ആത്മവിശ്വാസവും കണ്ട് ദിവാന്‍ അഭിനന്ദിച്ചു. തുടര്‍ന്ന് കൂടുതല്‍ കായല്‍ നികത്തലിന് വേണ്ട എല്ലാ ഒത്താശകളും, സമ്മതപത്രവും നല്‍കി. 

മുപ്പതടി നീളത്തില്‍ തെങ്ങിന്‍ കുറ്റികള്‍ കായലില്‍ അടിച്ച് താഴ്ത്തി. പിന്നീട് മുള ചതച്ച് നിരത്തി അതിനിടയില്‍ ചെളിയും, ചപ്പ്ചവറുകളും, മണ്ണുമിട്ട് ആകെ 159 ഏക്കര്‍ നികത്തി. അതിന്റെ വശങ്ങളില്‍ തെങ്ങിന്‍ തൈ നട്ടു. അടുത്ത വര്‍ഷം മുതല്‍ കൃഷിയും തുടങ്ങി. ആദ്യം നികത്തിയ കായല്‍ ആറ്റ്മുട്ട് കായല്‍ എന്നറിയപ്പെടാന്‍ തുടങ്ങി. കായല്‍ നികത്തി ഇരവി കൃഷി തുടങ്ങിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. മറ്റു രാജ്യങ്ങളിലും അത് ചര്‍ച്ചയായി. ഇരവിയുടെ എന്‍ജിനീയറിങ് പ്രാഗത്ഭ്യത്തെ ജസ്റ്റര്‍ എന്ന അമേരിക്കന്‍ മാഗസിന്‍ വാനോളം പുകഴ്ത്തി.

രണ്ടാമത് നികത്തിയ കായലാണ് രാമരാജപുരം കായല്‍. ദിവാനോടുള്ള ബഹുമാനസൂചകമായാണ് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. മൂന്നാമത്തേതും അവസാനം നികത്തിയ കായലുമാണ് മതികായല്‍. ആറ്റുമുട്ട് കായലും, രാമരാജപുരം കായലിന്റെ പകുതിയും നികത്തിയത് കേശവപ്പണിക്കരായിരുന്നു. പണിക്കര്‍ മരിച്ചതോടെ കാരണവരുടെ സ്ഥാനത്തെത്തിയ രാമകൃഷ്ണപ്പണിക്കരാണ് രാമരാജപുരം കായല്‍ പൂര്‍ണ്ണമായി നികത്തിയത്.  

ഇരവി രാമകൃഷ്ണപ്പണിക്കര്‍ 

1905 ല്‍ ഇരവി കേശവപ്പണിക്കരുടെ മരണശേഷമാണ് ചാലയില്‍ കുടുംബത്തിന്റെ കാരണവ ചുമതല ഇരവി രാമകൃഷ്ണപ്പണിക്കരിലെത്തിയത്. രാമകൃഷ്ണപ്പണിക്കരുടെ അനന്തരവരായിരുന്നു ഡോ. കെ.പി. പണിക്കര്‍, സര്‍ദാര്‍ കെ.എം. പണിക്കര്‍, കുഞ്ഞിലക്ഷ്മിയമ്മ എന്നിവര്‍. പ്രതിഭാശാലിയായ നയതന്ത്രജ്ഞന്‍, സാഹിത്യകാരന്‍, പത്രാധിപര്‍ എന്നിങ്ങനെ ഇന്ത്യയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ ലേഖിതമാണ് സര്‍ദാര്‍ കെ.എം. പണിക്കരുടെ ജീവിതം. 

മതികായല്‍

ഒരിക്കല്‍ തിരുവിതാംകൂറിന് വേണ്ടി  കെ.എം. പണിക്കര്‍ റസിഡന്റ് സായിപ്പിനെ സന്ദര്‍ശിച്ച്  സുപ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്തു. തിരുവിതാംകൂര്‍  ശ്രീമൂലം തിരുനാള്‍ മഹാരാജാവ് സംതൃപ്തനായി. ഇതേ തുടര്‍ന്ന് കൊല്ലം പേഷ്‌ക്കാര്‍ ചാലയില്‍ വീട്ടില്‍ എത്തുകയും ഇഷ്ടമുള്ളത്രയും പുറം കായല്‍ കുത്തിയെടുക്കുന്നതിന് അനുമതി നല്‍കി. എന്നാല്‍ മുന്‍ കാരണവര്‍ ചെയ്ത ദൗത്യം താന്‍ പൂര്‍ത്തിയാക്കിയതേയുള്ളുവെന്നും, ഉള്ളവയെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും പേഷ്‌ക്കാരെ അറിയിച്ചു. 

രാമരാജപുരം കായലിന് ശേഷം വിദ്യാഭ്യാസ രംഗത്തേക്കായിരുന്നു രാമകൃഷ്ണ പണിക്കരുടെ ശ്രദ്ധ. കാലത്തിനനുസരിച്ച് വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തും, ഉള്ള സ്വത്തുക്കള്‍ സംരക്ഷിച്ചും മുന്നോട്ട് പോവുകയെന്നതായിരുന്നു രാമകൃഷ്ണപ്പണിക്കരുടെ തത്ത്വം. നാട്ടിലും, തിരുവിതാംകൂറിലും സുസമ്മതനായിരുന്നു പണിക്കര്‍.  തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് പഠിക്കാനായി കാവാലം എല്‍പി സ്‌കൂള്‍ തുടങ്ങിയത് അക്കാലത്താണ്. എന്നാല്‍ രാജകല്പന ധിക്കരിക്കാനാവാത്തതിനാല്‍ പണിക്കര്‍ ഒരു കായല്‍ കൂടി കുത്തിയെടുത്തു കൃഷിയോഗ്യമാക്കി. ഇതോടെ കായല്‍കുത്ത് മതിയാക്കിയതിനാല്‍ ആ കായല്‍ മതികായല്‍ എന്ന് അറിയപ്പെട്ടു. 

യുദ്ധകാല ക്ഷാമ പരിഹാരമായി കൂടുതല്‍ കൃഷിയിടങ്ങള്‍ ആവശ്യമുള്ളതിനാല്‍ രാജകുടുംബത്തില്‍ നിന്നും, മറ്റു തലങ്ങളില്‍ നിന്നും വന്‍തോതില്‍ പ്രലോഭനവും, സമ്മര്‍ദ്ദവുമുണ്ടായിട്ടും രാമകൃഷ്ണപ്പണിക്കര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. 1903 ല്‍ കായല്‍കുത്തിന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് കായല്‍ കുത്ത് വിഘാതമുണ്ടാക്കുമെന്ന് പറഞ്ഞായിരുന്നു നിരോധനം.

കായല്‍ രാജാവിന്റെ രംഗപ്രവേശം

ഒന്നാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമം വന്നപ്പോള്‍ വീണ്ടും കായല്‍ നികത്തി കൃഷിയിടം വിപുലപ്പെടുത്തുന്നതിന് വേണ്ടിയാണ് രാജപ്രതിനിധിയായ പേഷ്‌ക്കാര്‍ വീണ്ടും ചാലയിലെത്തിയത്. കായല്‍ നികത്തലില്‍ നിന്നും പൂര്‍ണമായി പിന്മാറിയതിനാല്‍ തങ്ങളെ ഒഴിവാക്കണമെന്ന് പണിക്കര്‍ അഭ്യര്‍ത്ഥിച്ചു. രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത് പകരം കളത്തില്‍ അന്തോണിമാപ്പിളയുടെയും, ചിറയില്‍ തൊമ്മന്‍ മാപ്പിളയുടെയും പേര് നിര്‍ദ്ദേശിച്ചു. പേഷ്‌ക്കാറിന്റെ ആവശ്യപ്രകാരം അവരും കായല്‍ നികത്തി കൃഷി ആരംഭിച്ചു. ഏറ്റവും കൂടുതല്‍ കായല്‍ കുത്തിയെടുത്ത് കൃഷിയോഗ്യമാക്കിയതിന്റെ ഖ്യാതി മുരിക്കനുമാത്രം അവകാശപ്പെട്ടതാണ്.

തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാളിന്റെയും, ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെയും പ്രോത്സാഹനത്തില്‍ 1940 ലാണ് മുരിക്കന്‍ ആദ്യം കായല്‍ കുത്തിയെടുത്തത്. കായലിന്റെ ആഴം കുറഞ്ഞ ഭാഗം കണ്ടെത്തിയാണ് കുത്തിയെടുത്തത്. ചാലയില്‍കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയതിനാല്‍ മുരിക്കന് കായല്‍ നികത്തലിന് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നില്ല. എന്നാലും പ്രയത്‌നം വലുതായിരുന്നു. അന്ന് കുട്ടനാട്ടില്‍ ഉത്സവ പ്രതീതിയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെങ്ങിന്‍ കുറ്റികളും, മരച്ചില്ലകളും കൊണ്ടുവന്നു. തികയാതെ വന്നപ്പോള്‍ മറ്റ് ജില്ലകളില്‍ പോയി ഇവ സംഭരിക്കുകയായിരുന്നു. അന്ന് കുട്ടനാട്ടില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരം നല്‍കിയതും മുരിക്കനായിരുന്നു.

1,848 ഏക്കര്‍ കായലാണ് മുരിക്കന്‍ കൃഷിയോഗ്യമാക്കിയത്. ചിത്തിര കായലില്‍ ആദ്യ നെല്ല് വിത്ത് വിതയ്ക്കാന്‍ തിരുവിതാംകൂര്‍ അമ്മ മഹാറാണിയും, ശ്രീചിത്തിരതിരുനാള്‍ മഹാരാജാവും, മാര്‍ത്താണ്ഡ വര്‍മ്മയും എത്തിയിരുന്നു. ഇതിന്റെ ബഹുമാനാര്‍ത്ഥമാണ് കായലുകള്‍ക്ക് രാജകുടുബാംഗങ്ങളുടെ പേരുനല്‍കിയത്.

ചിത്തിര, റാണി, മാര്‍ത്താണ്ഡം

മുരിക്കന്‍ 1940 ല്‍ നികത്തിയ 740 ഏക്കര്‍ കായലിന് ചിത്തിരയെന്നും, 1945 ല്‍ നികത്തിയ 548 ഏക്കര്‍ കായലിന് മാര്‍ത്താണ്ഡമെന്നും, 1950 ല്‍ നികത്തിയ 560 ഏക്കര്‍ കായലിന് റാണിയെന്നുമായിരുന്നു പേര് നല്‍കിയത്. മുരിക്കന്റെ സഹസികതയും കഠിനപ്രയത്‌നവും മനസ്സിലാക്കിയ രാജാവ് പട്ടും വളയും നല്‍കി അദ്ദേഹത്തെ ആദരിച്ചു. 'കൃഷിരാജന്‍' എന്ന സ്ഥാനപേരും നല്‍കി. 1974 ഡിസംബര്‍ 9ന് മുരിക്കന്‍ അന്തരിച്ചു.

ആയിരക്കണക്കിന് തെഴിലാളികളുടെ വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിന്റെ ഫലമാണ് കായല്‍ നിലങ്ങള്‍. നൂറുകണക്കിന് വള്ളങ്ങള്‍ ഈ ഉദ്യമത്തിന് ഉപയോഗിക്കപ്പെട്ടു. രാപകലില്ലാതെ ജോലി വര്‍ഷങ്ങളോളം തുടര്‍ന്നു. തൊഴിലാളികള്‍ക്കുള്ള ഭക്ഷണവും, താമസവും വള്ളങ്ങളിലായിരുന്നു. ഭക്ഷണം പാകം ചെയ്തിരുന്നത് വള്ളങ്ങളില്‍ തന്നെയായിരുന്നു. അന്ന് ഒരു ഉത്സവ ഛായയില്‍ നടന്ന കായല്‍ നികത്തല്‍ കര്‍ഷക തൊഴിലാളികളുടെ കൂട്ടായ്മയുടെ പ്രതീകം കൂടിയായിരുന്നു.  

ഇതിന്റെ ചുവട് പിടിച്ച് കുട്ടനാട്ടില്‍ നിരവധി കര്‍ഷകര്‍ കായല്‍ നികത്തി കൃഷിയിടമാക്കി. 1,790 ഏക്കര്‍ വരുന്ന ജെ ബ്ലോക്കാണ് വിസ്തൃതിയില്‍ മുമ്പന്‍. അമ്പത്തിരണ്ട് ഏക്കറുള്ള ഓളൂരാന്‍ കായലാണ് ചെറുത്. കുട്ടനാട്ടില്‍ ആകെ 20,000 ഏക്കര്‍ കായല്‍ നിലമുണ്ട്. കായലിന്റെ മുപ്പത്തിരണ്ട് സ്ഥലങ്ങളിലായി വിഭജിച്ച് കിടക്കുന്ന  നിലങ്ങളില്‍ നിന്നുമായി 40,000 ടണ്‍ നെല്ല് വിളയിച്ചിരുന്നു.

പൊതുഖജനാവില്‍ നിന്ന് ഒരു രൂപ പോലും കൈപ്പറ്റാതെയാണ് കര്‍ഷകര്‍ മുഴുവന്‍ കായലും നികത്തിയത്. ജലനിരപ്പില്‍ നിന്ന് ആറുമുതല്‍ പന്ത്രണ്ട് അടിവരെ താഴ്ചയിലാണ് ഓരോ കായല്‍ നിലങ്ങളും. വിത്ത് വിതയ്ക്ക് മുമ്പ് നിലമൊരുക്കാന്‍ പുറംബണ്ട് പൊട്ടിച്ച് തൂമ്പിലൂടെ വെള്ളം നിലത്തേക്ക് കയറ്റും. വെള്ളം നിറയുമ്പോള്‍ ചെളി ഉപയോഗിച്ച് അടയ്ക്കും.അതിന് ശേഷം മോട്ടര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച് വിത്ത് വിതയ്ക്കും. 

മുരിക്കന്‍ ഇത്തരത്തില്‍ രണ്ടായിരത്തോളം ഏക്കര്‍ കായലാണ് നികത്തി കൃഷി യോഗ്യമാക്കിയത്. മുരിക്കന്‍ ലാഭകരമായാണ് കൃഷിനടത്തിയത്. അതിനിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുരിക്കനെതിരെ തിരിഞ്ഞു. മുരിക്കനെ ജന്മിയായി മുദ്രകുത്തി. 1953ല്‍ 'മുരിക്കന്‍ സമരം' എന്ന പേരില്‍ സമരം നടത്തി. പതം(കൂലി) വര്‍ദ്ധനവ് ആവശ്യപ്പെട്ടായിരുന്നു സമരം. നെല്ല് ആയിരുന്നു അന്നത്തെ കൂലി.

കൃഷി തകര്‍ത്തു

ഭൂപരിഷ്‌കരണ നിയമം വന്നപ്പോള്‍  ചാലയില്‍, മുരിക്കന്‍ തുടങ്ങി നിരവധി കര്‍ഷകരുടെ ഭൂമി സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച് പിടിച്ചെടുത്തു. ഈ പാടമെല്ലാം കര്‍ഷക തൊഴിലാളികള്‍ക്ക് വീതിച്ച് നല്‍കിയെങ്കിലും പിന്നീട് നഷ്ടങ്ങളായിരുന്നു കൂടുതലും. ചിത്തിര, റാണി, മാര്‍ത്താണ്ഡം പാടശേഖരത്തില്‍ സര്‍ക്കാര്‍ നേരിട്ട് കൃഷി ഇറക്കി.  ജില്ലാ കളക്ടര്‍ ചെയര്‍മാനും, തഹസീല്‍ദാര്‍ കണ്‍വീനറുമായ കമ്മറ്റിക്കായിരുന്നു കൃഷിയുടെ ചുമതല. ആദ്യ വര്‍ഷം കൃഷി ലാഭകരമായിരുന്നെങ്കിലും പിന്നീട് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്.

തുടര്‍ന്ന് കര്‍ഷക സംഘങ്ങള്‍ ഉണ്ടാക്കി അവരെ ഏല്‍പിച്ചു. എന്നിട്ടും കൃഷി നഷ്ടമായി. കര്‍ഷക സംഘങ്ങളില്‍ പാര്‍ട്ടിക്കാരെ സിപിഎം തള്ളിക്കയറ്റിയതോടെ സംഘത്തിന് കൃഷിയോടുള്ള താല്‍പ്പര്യം കുറഞ്ഞു. കൃഷിയേക്കാള്‍ അവര്‍ക്ക് താല്‍പര്യം കായലിലെ കക്കയോടായിരുന്നു. കക്ക വാരി അവര്‍ ലക്ഷങ്ങള്‍ കൊയ്തു. കര്‍ഷകര്‍ക്കെന്ന് പറഞ്ഞ് അന്ന് വീതിച്ച് നല്‍കിയ നിലങ്ങള്‍ പലതും ഇടനിലക്കാരും, റിസോര്‍ട്ട് ഉടമകളും കൈവശപ്പെടുത്തി. മാര്‍ത്താണ്ഡം കായലിന്റെ ഒരു ഭാഗം തോമസ് ചാണ്ടി  എംഎല്‍എ കൈയ്ക്കലാക്കിയതായി പരാതി ഇപ്പോഴും നിലനില്‍ക്കുന്നു. പാടം കൈവശമുള്ള യഥാര്‍ത്ഥ കര്‍ഷകര്‍ ഭൂമിയുടെ രേഖകള്‍ക്കായി ഇപ്പോഴും ഓഫീസുകള്‍ കയറിയിറങ്ങുന്നു.

അന്നത്തെ പല സഖാക്കളും ഇതോടെ ജന്മികളായി മാറി. അന്ന് കര്‍ഷകര്‍ക്ക് ലഭിച്ച പാടത്തില്‍ പലതും ഇന്ന് വന്‍കിടക്കാരുടെ കൈകളിലാണ്. പാര്‍ട്ടി വളര്‍ന്നപ്പോള്‍ കുട്ടനാടിന്റെ കാര്‍ഷിക രംഗം തകര്‍ന്നു. മുരിക്കനെന്ന കര്‍ഷകരാജാവ് ഒറ്റയ്ക്ക് ലാഭകരമായി നടത്തിയ കായല്‍ കൃഷി സര്‍ക്കാര്‍ സര്‍വ്വസന്നാഹങ്ങളോടെ നടത്തിയിട്ടും രക്ഷപ്പെട്ടില്ല. ഇവിടെയാണ് മുരിക്കന്റെയും, ചാലയില്‍ പണിക്കന്മാരുടെയും, കായല്‍ നികത്തി കൃഷി ചെയ്ത മറ്റ് കര്‍ഷകരുടെയും പ്രസക്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.