ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: എതിര്‍ സ്ഥാനാര്‍ത്ഥികളെ തല്ലിയൊതുക്കി തൃണമൂല്‍

Sunday 8 April 2018 2:37 am IST
"undefined"

ന്യൂദല്‍ഹി: ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെ മത്സരിക്കാന്‍ അനുവദിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടാവിളയാട്ടം. മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനൊരുങ്ങുന്ന എതിര്‍ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ആക്രമണത്തിന് ഇരയായി. ബങ്കുരയില്‍ നിന്ന് തുടര്‍ച്ചയായ ഒന്‍പതു വട്ടം എംപിയായ മുതിര്‍ന്ന സിപിഎം നേതാവ് ബസുദേവ് ആചാര്യയെ ഇന്നലെ തൃണമൂല്‍ ക്രിമിനല്‍ സംഘം മുളവടികള്‍ കൊണ്ട് അതിക്രൂരമായി മര്‍ദ്ദിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. ഏഴുതവണ എംപിയായിട്ടുള്ള മറ്റൊരു സിപിഎം നേതാവ് രാമചന്ദ്ര ഡോമിനും തൃണമൂല്‍ ആക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

ബീര്‍ബും, ബങ്കാര, മുര്‍ഷിദാബാദ് ജില്ലകളില്‍ വ്യാപകമായ അതിക്രമങ്ങളാണ് അരങ്ങേറുന്നത്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറി ശ്യാമപാദ മണ്ഡലിനെ അടക്കം നിരവധി പേരെ തൃണമൂലുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മിക്ക പഞ്ചായത്തുകളിലും പത്രിക സമര്‍പ്പിക്കാന്‍ പോലും തൃണമൂലുകാര്‍ അനുവദിക്കുന്നില്ല. ബിജെപിയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രില്‍ 9  വരെ നീട്ടിയിട്ടുണ്ട്. മെയ് ഒന്ന്, മൂന്ന്, അഞ്ച് തീയതികളിലായാണ് ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ്. 

മത്സരിക്കാന്‍ അനുവദിക്കാതെ അക്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേയും നടപടികള്‍ക്കെതിരെ പതിനേഴോളം പ്രതിപക്ഷ പാര്‍ട്ടികള്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധ സമരം നടത്തി. സംസ്ഥാനത്തിന്റെ ക്രമസമാധാന നില താറുമാറിലാണെന്നും സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് നടത്താനാവാത്ത സ്ഥിതിയാണെന്നും കാണിച്ച് ബിജെപി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമത്തില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ഇരുനൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കേന്ദ്രസേനയെ വിന്യസിക്കുകയോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. തൃണമൂല്‍ അതിക്രമങ്ങള്‍ക്കെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാനാവാത്ത സ്ഥിതിയാണെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി വെള്ളിയാഴ്ച നടന്ന വാദത്തിനിടെ സുപ്രീംകോടതിയെ അറിയിച്ചു. തൃണമൂലുകാര്‍ക്കെതിരെ വാദിക്കാനെത്തുന്ന അഭിഭാഷകരെ ഹൈക്കോടതിയില്‍ വെച്ചു പോലും കായികമായി നേരിടുകയാണെന്നും രോഹ്തഗി അറിയിച്ചു. സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ വികാസ് സിങ് കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തൃപ്തികരമല്ലെന്നും കേന്ദ്രം വ്യക്തമാക്കി. വാദം പൂര്‍ത്തിയായ ശേഷം വിധി പറയാനാണ് മാറ്റിയത്. 

മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യവിവരം അന്വേഷിക്കുന്നതിനായി മമത ബാനര്‍ജി നേരിട്ടെത്തിയ അതേ ദിവസമാണ് മുന്‍ എംപിമാരും മുതിര്‍ന്ന സിപിഎം നേതാക്കളുമായ ബസുദേവ് ആചാര്യയെയും രാമചന്ദ്ര ദോമിനെയും തൃണമൂലുകാര്‍ അതികൃരമായി ആക്രമിച്ചതെന്നതാണ് വിചിത്രം. കാശിപ്പൂര്‍ ബ്ലോക്ക് ഓഫീസില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നൂറോളം സ്ഥാനാര്‍ത്ഥികളുമായി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോവുകയായിരുന്ന ബസുദേവ് ആചാര്യയെയും സ്ഥാനാര്‍ത്ഥികളെയും കൂട്ടമായെത്തിയ തൃണമൂല്‍ അക്രമി സംഘം മുളവടികളും ഹോക്കിസ്റ്റിക്കുകളുമായാണ് നേരിട്ടത്. 

ബംഗാളിലെ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസ് സംവിധാനങ്ങളും ക്രമസമാധാന തകര്‍ച്ചയുടെ മൂകസാക്ഷികളാണെന്ന് മുന്‍ തൃണമൂല്‍ എംപിയും ബിജെപി നേതാവുമായ മുകുള്‍ റോയ് കുറ്റപ്പെടുത്തി. തൃണമൂല്‍ പാര്‍ട്ടി കേഡര്‍മാരെ പോലെയാണ് പോലീസ് പെരുമാറുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ കുറ്റപ്പെടുത്തി. പരാജയ ഭീതിയിലാണ് തൃണമൂലിന്റെ അതിക്രമങ്ങളെന്നും ബിജെപി നേതാവ് പറഞ്ഞു. ഇരുവരും കൊല്‍ക്കത്തയിലെ മായോ റോഡിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.