മുതലാളിത്ത വിചാരസംഹിതയുടെ നടപ്പാക്കലിലേയ്ക്ക് രാജ്യം നീങ്ങുന്നു-ബിഎംഎസ്

Sunday 8 April 2018 3:05 am IST

കൊല്ലം: സ്വന്തം താല്‍പര്യങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന ബ്യൂറോക്രാറ്റുകളാണ് ഭരണകൂടങ്ങളെ വഴിതെറ്റിക്കുന്നതെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് അഡ്വ. സി.കെ. സജി നാരായണന്‍. ബിഎംഎസ് സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യസ്‌നേഹികളുടെ അഭിപ്രായങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും അവര്‍ വില കല്‍പ്പിക്കുന്നില്ല. മുതലാളിത്ത വിചാരസംഹിതയുടെ നടപ്പാക്കലിലേക്കാണ് രാജ്യം നീങ്ങുന്നത്. തൊഴിലാളി സമൂഹത്തിനും രാജ്യപുരോഗതിക്കും ഇത് അപകടമാണ്. 

പാര്‍ലമെന്റിന്റെ  അധികാരം ബ്യൂറോക്രാറ്റുകളില്‍ കേന്ദ്രീകരിക്കുന്നു. നിയമനിര്‍മാണ സഭകള്‍ ബഹളത്തില്‍ ആദ്യന്തം ലയിക്കുന്നതിനാല്‍ തൊഴിലാളി ദ്രോഹനടപടികള്‍ ആരുമറിയുന്നില്ല. ഇതിനെ അതിജീവിക്കാന്‍ തൊഴിലാളിസംഘടനകളുടെ കൂട്ടായ്മയും പോരാട്ടങ്ങളും ശക്തിപ്പെടേണ്ടതാണ്. എല്ലാ യൂണിയനുകളും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. പുരോഗതിക്ക് തടസം തൊഴിലാളികളാണെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ വളര്‍ച്ചക്ക് ഓരോ ഭരണകൂടവും പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്ന് സമ്മേളനത്തില്‍ സംസാരിച്ച ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. 

എല്ലാ തൊഴിലാളിസംഘടനകളും ഒന്നിച്ചുനിന്ന് എതിര്‍ത്താല്‍ ഏതുസര്‍ക്കാരിനും തിരുത്തല്‍ വരുത്തേണ്ടിവരുമെന്ന് എഐടിയുസി സംസ്ഥാനസെക്രട്ടറി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു.   

തൊഴിലാളിസംഘടനകള്‍ക്ക് എന്നും നിര്‍ണായകസ്വാധീനമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനമാണതെന്നും യുടിയുസി അഖിലേന്ത്യാ സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. 

ബിഎംഎസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജയന്തിലാല്‍, ക്ഷേത്രീയ സംഘടനാസെക്രട്ടറി എസ്.ദുരൈരാജ്, ദേശീയസമിതിയംഗം എന്‍.എം. സുകുമാരന്‍, സംസ്ഥാന ജനറല്‍സെക്രട്ടറി എം.പി.രാജീവന്‍, വൈസ് പ്രസിഡന്റുമാരായ കെ.ഗംഗാധരന്‍, ബി.ശിവജി സുദര്‍ശന്‍, വി.രാധാകൃഷ്ണന്‍, അഡ്വ.എസ്.ആശാമോള്‍, സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോള്‍ എന്നിവര്‍ സംസാരിച്ചു. 

ഇന്ന് രാവിലെ 10ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രഭാഷണം നടത്തും. 10.30ന് വനിതാസമ്മേളനം അഖിലേന്ത്യ സമിതിയംഗം റീത്ത സൈമണ്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എസ്.ആശാമോള്‍ അധ്യക്ഷയാകും. സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോള്‍, കെ.വിജയലക്ഷ്മിഎന്നിവര്‍ സംസാരിക്കും. വൈകിട്ട് മൂന്നിന് സമാപനസമ്മേളനം ക്ഷേത്രീയസംഘടനാ സെക്രട്ടറി എസ്.ദുരൈരാജ് ഉദ്ഘാടനം ചെയ്യും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.