ചികിത്സയുടെ പേരില്‍ പണപ്പിരിവ്: ആറ് പേര്‍ അറസ്റ്റില്‍

Sunday 8 April 2018 3:10 am IST
"undefined"

കട്ടപ്പന: അര്‍ബുദ ചികിത്സ ധനസഹായ നിധിയുടെ മറവില്‍ കാസര്‍ഗോഡ് എംഎല്‍എയുടെ ചിത്രം പതിച്ച് തട്ടിപ്പ് നടത്തിയ ആറംഗ സംഘം വണ്ടന്മേട് പോലീസിന്റെ പിടിയില്‍.

കഴിഞ്ഞ ദിവസം വൈകിട്ട് അണക്കര മേഖലയില്‍ പിരിവ് നടത്തുന്നതിനിടെയാണ് കുടുങ്ങിയത്. സംഘത്തലവന്‍ തിരുവനന്തപുരം സ്വദ്ദേശി ഷിജു മോന്‍ ആണ് തട്ടിപ്പിന്റെ സൂത്രധാരന്‍. വയനാട് ബത്തേരി സ്വദേശികളായ പ്രൈസ് തോമസ്, തോമസ് ഹെന്‍ട്രി, രാജന്‍ ഹരിദാസ്, സിബിന്‍ കുര്യന്‍, മാനന്തവാടി സ്വദേശി സുധിന്‍ തങ്കപ്പന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപഇവര്‍ പിരിച്ചെടുത്തതായി സംശയിക്കുന്നു.

ഓള്‍ കേരള ചങ്ങാതിക്കൂട്ടം എന്ന പേരില്‍ കാന്‍സര്‍, വൃക്കരോഗം കരള്‍രോഗം, മസ്തിഷ്‌ക രോഗം എന്നിവ ബാധിച്ച് കഴിയുന്ന പാവപ്പെട്ടവരെ സഹായിക്കുക എന്ന പേരില്‍ പര്യടനം ആരംഭിച്ചത് 2017 സെപ്റ്റംബര്‍ 22ന്.  ഇതിനായി കാസര്‍ഗോഡ് കേന്ദ്രമായി ചാരിറ്റബിള്‍ സൊസൈറ്റിയും രൂപികരിച്ചിരുന്നു. എംഎല്‍എ എന്‍.എ. നെല്ലിക്കുന്നാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. 

കുറച്ച് സുമനസുകള്‍ നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവര്‍ത്തി എന്ന് കണ്ടാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് എംഎല്‍എ ജന്മഭൂമിയോട് പറഞ്ഞു. താന്‍ പങ്കെടുത്ത പരിപാടിയില്‍ ചെക്ക് നല്‍കിയവര്‍ക്ക് പണം ലഭിച്ചിരുന്നതായും, പിന്നീട് ഇത്തരത്തിലൊരു സംഭവം നടക്കുന്നതായി അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എയുടെ ഫ്‌ളക്‌സ് വച്ച് രണ്ട് വാഹനങ്ങളിലായാണ് സംഘം സഞ്ചരിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ 19,316 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

എസ്‌ഐ ഷനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.