സോളാര്‍ കേസ്: വാദം പൂര്‍ത്തിയായി വിധി പിന്നീട്

Sunday 8 April 2018 3:13 am IST

കൊച്ചി : സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജികള്‍ ഹൈക്കോടതി വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധി പറയാന്‍ മാറ്റി. കേസില്‍ കക്ഷികള്‍ക്ക് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെങ്കില്‍ ഏപ്രില്‍ 13 നകം സമര്‍പ്പിക്കാമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.

സോളാര്‍ കമ്മിഷനെ നിയോഗിച്ചത് നിയമിച്ചത് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണെന്നും ഇതിനാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമപരമല്ലെന്നും ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ വാദിച്ചു. സോളാര്‍ കമ്മിഷന്റെ നടപടികളുമായി സഹകരിച്ചതിനാല്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കാനുള്ള അവകാശമില്ലെന്ന സര്‍ക്കാരിന്റെ വാദം ശരിയല്ല.  33 കേസുകളില്‍ പ്രതിയായ സരിതയെ കമ്മിഷന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തി വിസ്തരിച്ചു. ഇതു കേട്ടു കേള്‍വിയില്ലാത്ത നടപടിയാണെന്നും കപില്‍ സിബല്‍ ആരോപിച്ചു. 

സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാറാണ് ഹാജരായത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് കമ്മിഷനെ നിയോഗിച്ചതെന്നും പൊതുപ്രാധാന്യമുള്ള വിഷയമായതിനാല്‍ കമ്മിഷന് രൂപം നല്‍കാനാണ് അന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അവധി ദിനമായിട്ടും  ഇന്നലെ പ്രത്യേക സിറ്റിംഗ് നടത്തിയാണ് സിംഗിള്‍ബെഞ്ച് വാദം കേട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.