എക്‌സൈസ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 1.20 ലക്ഷം കേസുകള്‍

Sunday 8 April 2018 3:15 am IST
"undefined"

ആലപ്പുഴ: എക്‌സൈസ് കഴിഞ്ഞവര്‍ഷം 1,20,000 ലഹരി, അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. പുകയില ഉത്പന്നങ്ങള്‍ വിറ്റഴിച്ചതിന് 71, 000 കേസുകളും, ലഹരി വസ്തുക്കളുടെ വില്പന നടത്തിയതിനും കടത്തിയതിനും 6,200 കേസുകളും വിദേശമദ്യവില്പന ഉള്‍പ്പെടെ 38,000 അബ്കാരി കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 1,000 ടണ്‍ പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. 3,000 വാഹനങ്ങളും പിടികൂടി. ഓരോ വര്‍ഷവും കേസുകള്‍ വര്‍ധിച്ചുവരികയാണ്. എത്ര ശക്തമായ നടപടി സ്വീകരിച്ചാലും അനധികൃത പ്രവര്‍ത്തനങ്ങള്‍ കുറയുകയില്ല. കേസുകള്‍ വര്‍ധിക്കുന്നത് കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ബാറുകള്‍ തുറന്ന ശേഷവും വ്യാജവാറ്റ് വര്‍ധിക്കുകയാണ്. ദിവസേന 400 മുതല്‍ 500 ലിറ്റര്‍വരെ കോടയാണ് പിടികൂടുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 3,00,000 ലിറ്റര്‍ കോട പിടിച്ചെടുത്തു. 

  തീവണ്ടി മാര്‍ഗ്ഗവും റോഡുമാര്‍ഗ്ഗവും അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുണ്ട്. ലഹരിവസ്തുക്കളുടെ വില്പനയും ഉപഭോഗവും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ മടിക്കുന്ന സ്ഥിതിവിശേഷം ഇപ്പോഴുമുണ്ട്. ഇതിന് മാറ്റമുണ്ടായാല്‍ എക്‌സൈസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  സംസ്ഥാനത്തെ മറ്റുജില്ലകളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ ആലപ്പുഴ ജില്ല പിന്നിലാണ്. കഴിഞ്ഞ 63 കിലോ കഞ്ചാവ് മാത്രമാണ് ജില്ലയില്‍ പിടികൂടാന്‍ കഴിഞ്ഞത്. മൂന്നു വാഹനങ്ങള്‍ മാത്രമാണ് കസ്റ്റഡിയിലെടുത്തത്. 3,000 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിടിച്ചെടുത്തവയുടെ അളവ് തീരെ കുറവാണ്.

 പത്തുവര്‍ഷം മുമ്പ് താന്‍ സ്‌പെഷ്യല്‍ ഓഫീസറായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സ്പിരിറ്റ് പിടിച്ചെടുത്തത് ആലപ്പുഴ ജില്ലയില്‍ നിന്നായിരുന്നു. മാവേലിക്കര, കായംകുളം, നൂറനാട് എന്നിവിടങ്ങള്‍ സ്പിരിറ്റ് മാഫിയയുടെ കേന്ദ്രങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.