വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

Sunday 8 April 2018 3:37 am IST

മുണ്ഡകോപനിഷത്- ഇതും അഥര്‍വവേദത്തിന്റെ ഭാഗമാണ്. മുടി കളയുക എന്ന് അര്‍ത്ഥമുള്ള മുഡി ധാതു (മുഡി ഖണ്ഡനേ) വില്‍ നിന്നാണ് മുണ്ഡകം എന്ന വാക്കുണ്ടാകുന്നത്. കത്തി എന്നും തല മുണ്ഡനം ചെയ്തവന്‍ എന്നും അതിന് അര്‍ത്ഥം പറയാം. ആദ്യത്തെ അര്‍ത്ഥത്തില്‍ മൂര്‍ച്ചയുള്ള കത്തി മുടി എളുപ്പത്തില്‍ കളയുന്നതുപോലെ ഈ ഉപനിഷത്ത് അജ്ഞാനത്തെ എളുപ്പത്തില്‍ ഇല്ലാതാക്കുന്നു എന്ന് പറയാം. രണ്ടാമത്തെ അര്‍ത്ഥത്തില്‍ തല മുണ്ഡനം ചെയ്ത് ബ്രഹ്മവിദ്യയും ആത്മജ്ഞാനവും നേടുവാന്‍ സന്നദ്ധരായിട്ടുള്ളവരാണ് ഈ ഉപനിഷത്ത് പഠിക്കാന്‍ അധികാരികള്‍ എന്നു കരുതാമെന്നും മൃഡാനന്ദസ്വാമികള്‍ പറയുന്നു. രണ്ടു ഖണ്ഡങ്ങള്‍ വീതമുള്ള മൂന്നു മുണ്ഡകങ്ങളായി വിഭജിച്ചിരിക്കുന്ന അതില്‍ ആകെ അറുപത്തിയഞ്ച് മന്ത്രങ്ങളാണ് ഉള്ളത്.

ഈ ഉപനിഷത്തില്‍ ഒരു ആചാര്യപരമ്പരയെ പറയുന്നുണ്ട്. എല്ലാ ദേവന്മാരിലും വെച്ച് ഒന്നാമനായി ബ്രഹ്മാവ് ആവിര്‍ഭവിച്ചു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും രക്ഷകനുമായ അദ്ദേഹം എല്ലാ വിദ്യകള്‍ക്കും അധിഷ്ഠാനമായ ബ്രഹ്മവിദ്യയെ തന്റെ മൂത്തമകനായ അഥര്‍വ്വന് ഉപദേശിച്ചു. അഥര്‍വന്‍ അതിനെ അംഗിര എന്ന ശിഷ്യനും അദ്ദേഹം അതിനെ ഭരദ്വാജഗോത്രക്കാരനായ സത്യവഹനുപദേശിച്ചു. സത്യവഹന്‍ അതിനെ തന്റെ ശിഷ്യനായ അംഗിരസ്സിന് ഉപദേശിച്ചുവത്രേ. 

ഗൃഹസ്ഥനായ ശൗനകന്‍ ഈ അംഗിരസ്സ് എന്ന ഋഷിയുടെ അടുത്തുചെന്ന് വിനയത്തോടും ശ്രദ്ധയോടും കൂടി ഏതൊന്നിനെ അറിഞ്ഞാലാണ് ഇന്ദ്രിയവേദ്യങ്ങളായ എല്ലാ വസ്തുക്കളും അറിഞ്ഞതായി തീരുന്നത് എന്നു ചോദിക്കുന്നു. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ഉപനിഷത്തില്‍ വിസ്തരിച്ചു പറയുന്നത്. ഒന്നാം ഖണ്ഡത്തില്‍ വിദ്യ (അറിവ്) യെ പരവിദ്യ, അപരവിദ്യ എന്നു രണ്ടായി തിരിച്ചിരിക്കുന്നു. ഇഹപരലോകസുഖങ്ങള്‍ നേടാനുള്ള വഴികള്‍ വിവരിക്കുന്ന വേദവേദാംഗങ്ങളെ അപരവിദ്യയില്‍ പെടുത്തിയിരിക്കുന്നു. നിത്യസത്യത്തെ സാക്ഷാത്കരിക്കുവാന്‍ സഹായിക്കുന്ന അറിവാണ് പരവിദ്യ. നിത്യസത്യമായ പരബ്രഹ്മത്തില്‍ നിന്നും ഈ പ്രപഞ്ചം എങ്ങിനെ ഉരുത്തിരിയുന്നു എന്നത് ഉദാഹരണങ്ങളെക്കൊണ്ട് വിവരിക്കുന്നു.

 ചിലന്തി (എട്ടുകാലി) തന്നില്‍ നിന്നും നൂലുണ്ടാക്കി വല കെട്ടുകയും തന്നിലേക്കു തന്നെ തിരിച്ചെടുക്കുകയും ചെയ്യുന്നത്, എപ്രകാരമാണോ ഭൂമിയില്‍ ഓഷധികള്‍ (സസ്യാദികള്‍) മുളച്ചുപൊന്തുന്നത്, എപ്രകാരമാണോ ജീവനുള്ള പുരുഷനില്‍ മുടിയും രോമങ്ങളും വളരുന്നത് അപ്രകാരം  അക്ഷര (ബ്രഹ്മം)ത്തില്‍ നിന്നും ലോകം ഉണ്ടാകുന്നു. (മുണ്ഡകം 1, ഖണ്ഡം 1, ശ്ലോകം 7)

 രണ്ടാം ഖണ്ഡത്തില്‍ അഗ്നിഹോത്രം, ദര്‍ശപൗര്‍ണ്ണമാസം, ചാതുര്‍മ്മാസ്യം, ആഗ്രയണം, വൈശ്വദേവം മുതലായ വൈദിക കര്‍മ്മങ്ങള്‍, അഗ്നിയുടെ സപ്തജിഹ്വകള്‍ തുടങ്ങിയവയെ വിസ്തരിച്ചു പറയുന്നു. അശ്രദ്ധ കൊണ്ടും മറ്റും കര്‍മ്മാനുഷ്ഠാനങ്ങളില്‍ കുറവു വരുന്നത് ദോഷകരമാണ് എന്ന് എടുത്തുപറയുന്നു. യഥാവിധി അനുഷ്ഠിക്കുന്ന വൈദിക കര്‍മ്മങ്ങളുടെ ഫലങ്ങളായ സ്വര്‍ഗാദിലോകങ്ങളെയും ഇവിടെ വിവരിക്കുന്നു. സുകൃതഫലാനുഭവശേഷം ഭൂമിയിലേക്കുതന്നെ മടങ്ങിവരേണ്ടി വരും എന്നതിനാല്‍ ആ ഫലങ്ങള്‍ നശ്വരങ്ങള്‍ ആണെന്നും കര്‍മ്മം കൊണ്ട് ഒരിക്കലും സംസാര തരണം സാധ്യമല്ലെന്നും ചൂണ്ടിക്കാണിക്കുന്നു. അനശ്വരവും അമൃതവുമായ ബ്രഹ്മപദം പൂകാന്‍ തപസ്സ്, ശ്രദ്ധ, വൈരാഗ്യം, ശമം, ദമം തുടങ്ങിയ ഗുണങ്ങള്‍ അനിവാര്യങ്ങളാണെന്നും മോക്ഷേച്ഛുവായ സാധകന്‍ ഉത്തമനായ ഗുരുവിനെ സമീപിച്ച് സാധനകള്‍ അനുഷ്ഠിച്ച് ബ്രഹ്മജ്ഞാനം നേടുകതന്നെ വേണമെന്നും അംഗിരസ്സ് ഋഷി ഉപദേശിക്കുന്നു.

ബ്രാഹ്മണന്‍ വൈദികകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് നേടിയ സ്വര്‍ഗാദിലോകങ്ങളെ പരീക്ഷിച്ചിട്ട് അവ അനിത്യഫലങ്ങളെ മാത്രം തരുന്നവയാണെന്നു തിരിച്ചറിഞ്ഞ് വൈരാഗ്യത്തെ സമ്പാദിക്കണം. ബ്രഹ്മത്തെ അറിയാന്‍ അയാള്‍ ചമത കൈയ്യില്‍ പിടിച്ചുകൊണ്ട് വേദജ്ഞനും ബ്രഹ്മനിഷ്ഠനും ആയ ഗുരുവിനെ നേരിട്ട് സമീപിക്കണം എന്നാണ് ഋഷി ഉപദേശിക്കുന്നത്. (മുണ്ഡകം 1, ഖണ്ഡം 2, ശ്ലോകം12).

രണ്ടാം മുണ്ഡകത്തിലെ ഒന്നാം ഖണ്ഡത്തില്‍  തീയില്‍ നിന്നും തീപ്പൊരികളുണ്ടാകുന്നതു പോലെ, ഈ പ്രപഞ്ച പ്രതിഭാസങ്ങളെല്ലാം അക്ഷരപുരുഷനില്‍ നിന്നുമുണ്ടാകുന്നു എന്നു കാവ്യാത്മകമായി പറയുന്നതോടൊപ്പം ഇത്തരത്തില്‍ സാക്ഷാല്‍ക്കരിക്കുന്നവന്റെ അവിദ്യാഗ്രന്ഥികള്‍ നശിക്കും എന്നും ചൂണ്ടിക്കാണിക്കുന്നു. രണ്ടാം ഖണ്ഡത്തില്‍ പ്രണവോപാസന കൊണ്ട് സ്വന്തം ആത്മാവില്‍ത്തന്നെ പരമാത്മാവിനെ സാക്ഷാത്കരിക്കാനുള്ള വഴി ഉപദേശിക്കുന്നു. ഈ ഉപാസന കൊണ്ട് മനസ്സിനു പൂര്‍ണ്ണ പ്രകാശം കൈവരുന്നു. തന്മൂലം അജ്ഞാനത്തില്‍ നിന്നും അജ്ഞാനകാര്യങ്ങളില്‍ നിന്നും മോചനം ഉണ്ടാകുന്നു. ഹൃദയാകാശത്തില്‍ കുടികൊള്ളുന്ന ആത്മാവിനെ സാക്ഷാത്കരിക്കുന്നതു വഴി ഹൃദയഗ്രന്ഥി നശിക്കുന്നു. കര്‍മ്മക്ഷയവും ഉണ്ടാകുന്നു. തന്മൂലം മോക്ഷത്തിനുള്ള അര്‍ഹത നേടുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ തേജോഗോളങ്ങളേയും പ്രകാശിപ്പിക്കുന്ന അക്ഷരബ്രഹ്മത്താല്‍ ആവൃതമാണ് ഈ വിശ്വം അഖിലം എന്ന അനുഭൂതിയിലെത്തണം എന്ന് ഉപദേശിക്കുന്നു.

 മൂന്നാം മുണ്ഡകത്തിലെ ഒന്നാം അദ്ധ്യായത്തിലാണ് പ്രസിദ്ധമായ പക്ഷിദ്വയകല്‍പ്പന ഉള്ളത്. ഒരേ വൃക്ഷത്തിലിരിക്കുന്ന രണ്ടു പക്ഷികളേപ്പോലെയാണ് ജീവാത്മാവും പരമാത്മാവും. പരമാത്മാവിന്റെ അംശം തന്നെയാണു താന്‍ എന്ന സത്യം അറിയാത്തതുകൊണ്ട്, അതായത് അജ്ഞാനം കൊണ്ട്, ജീവാത്മാവ് എന്ന പക്ഷി പരമാത്മാവെന്ന പക്ഷിയില്‍ നിന്നും ഭിന്നനാണ് എന്നു കരുതുന്നു. ഈ ഭേദബുദ്ധിമൂലം ഭൗതികകാര്യങ്ങളില്‍ ആസക്തനായി അതുവഴി ജീവിതത്തിലെ കഷ്ടതകളാകുന്ന തിക്തഫലങ്ങള്‍ കഴിച്ച് വിവശനായി ഈ ജീവന് തൊട്ടടുത്ത് മേല്‍പ്പോട്ടുനോക്കി നിസ്സംഗനായി ഇരിക്കുന്ന പരമാത്മാവെന്ന പക്ഷിയെ നോക്കിക്കാണുന്നു. അതോടെ യഥാര്‍ത്ഥ സ്വരൂപബോധം കൈവരുന്നു. തന്മൂലം പുണ്യപാപവിമുക്തനായി ദു:ഖാതീതനായി ആത്മസായൂജ്യം നേടുന്നു. അതിനുള്ള മാര്‍ഗങ്ങളും അനുസരിക്കേണ്ട നിയമങ്ങളും ഈ ഖണ്ഡത്തില്‍ വിവരിക്കുന്നു.

അവസാനത്തെ ഖണ്ഡത്തില്‍ ആത്മസാക്ഷാത്കാരത്തിന്റെ ഫലങ്ങളെ ചമല്‍ക്കാരപൂര്‍ണ്ണമായി വര്‍ണ്ണിക്കുന്നു. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ഏതൊന്നിന്റെ വികാസമാണോ, ഏതൊന്നിന്റെ പ്രകാശത്താലാണോ മറ്റെല്ലാത്തിനും പ്രകാശവും അസ്തിത്വവും ഉണ്ടാകുന്നത് ആ ആത്മതത്വത്തെ അറിഞ്ഞാല്‍ മറ്റെല്ലാം അറിഞ്ഞതു പോലെയാകും. ബ്രഹ്മജ്ഞാനം നേടിയവന്‍ ബ്രഹ്മമായിത്തീരുന്നു. സത്യം മുതലായ സാധനകള്‍കൊണ്ട് മനശ്ശുദ്ധി കൈവന്നവനേ ഈ അറിവുണ്ടാകൂ. ബുദ്ധി കൊണ്ടും യുക്തി കൊണ്ടും ഈ ജ്ഞാനം നേടാന്‍ കഴിയില്ല. ബലഹീനനും അലസനും ഇതു സാധിക്കുകയില്ല. മനശ്ശുദ്ധിയില്ലാത്തവനും ധ്യാനധാരണാദികള്‍ അഭ്യസിക്കാത്തവനും ബ്രഹ്മജ്ഞാനം നേടാന്‍ ഒരുമ്പെടരുതെന്ന മുന്നറിയിപ്പും ഈ ഉപനിഷത്തു നല്‍കുന്നു.

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.