അർജ്ജുനൻ സംശയം ചോദിക്കുന്നു

Sunday 8 April 2018 3:40 am IST

പ്രഭോ! എന്ന് വിളിച്ചുകൊണ്ട് അര്‍ജ്ജുനന്‍ ചോദിക്കുന്നു. എന്റെ സന്ദേഹം തീര്‍ത്തുതരാന്‍ അങ്ങ് മാത്രമാണ് സമര്‍ത്ഥന്‍! അതിനാല്‍ അങ്ങയെ 'പ്രഭോ'- എന്ന് വിളിക്കട്ടെ. മാത്രമല്ല, അങ്ങ് കോടി സൂര്യ ബിംബത്തേക്കാള്‍ പ്രകാശിക്കുന്ന സ്വരൂപമുള്ളവനാണ്;  ആ രൂപമാകട്ടെ ചിദ്ഘനമാണ്. വിജ്ഞാനമയവുമാണ്. ഏതായാലും പ്രഭു എന്ന പേര് അങ്ങേക്ക് മാത്രമാണ് അനുയോജ്യം.  ഞാന്‍ അങ്ങയുടെ ഭൃത്യനുമാണ്. ഈ ഭൃത്യന്റെ ദുഃഖം അങ്ങുതന്നെ നശിപ്പിച്ചുതരണം!

പ്രകൃതിയുടെ ദുര്‍ന്നിവാരമായ ഗുണങ്ങളെ-സത്ത്വരജസ്തമസ്സുകളെ-അതി ലംഘിച്ച്, അപ്പുറം എത്തിച്ചേര്‍ന്ന മനുഷ്യന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? പരമപദം സിദ്ധിച്ച ഗുണാതീതന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ആ ലക്ഷണങ്ങള്‍ അറിഞ്ഞാലല്ലേ ഗുണാതീതനെ അറിയാന്‍ കഴിയുകയുള്ളൂ. ഇതാണ് ഒന്നാമത്തെ സംശയം.

ആ ഗുണാതീതന്റെ ആചരണങ്ങള്‍ ഏതുവിധത്തിലുള്ളവയായിരിക്കും? അദ്ദേഹം വൈദിക കര്‍മ്മങ്ങളാണോ ആചരിക്കുക ''ലൗകിക പ്രവൃത്തികളാണോ അനുഷ്ഠിക്കുക'' അതല്ല, തോന്നിയപോലെ, വിവേകശൂന്യമായി പ്രവര്‍ത്തിക്കുമോ? ഇതാണ് രണ്ടാമത്തെ സംശയം.

ഈ മൂന്നുഗുണങ്ങളും വിചിത്രവും പരസ്പര വിരുദ്ധവുമായ സ്വന്തം പ്രഭാവങ്ങള്‍ നിറഞ്ഞ്, തിരമാലയടിച്ച് ഘോരഘോരം അട്ടഹസിക്കുന്ന മൂന്നുസമുദ്രങ്ങള്‍പോലെയാണ്. ഈ ത്രിഗുണ സമുദ്രങ്ങളെ ഗുണാതീതന്‍ എങ്ങനെയാണ് ഭൗതിക പ്രപഞ്ചത്തിന്നക്കരെ ഒറ്റച്ചാട്ടത്തില്‍ എത്തിച്ചേരുന്നത്? 

എന്താണ് ആ ഗുണാതീതന്റെ 

 ആക്രമണത്തിനുള്ള ഉപായം (14-21)

ശ്രീരാമചന്ദ്രന്റെ നിത്യദാസനായ ശ്രീഹനുമാന്‍ നൂറുയോജന വിസ്താരമുള്ള സമുദ്രം ഒരൊറ്റച്ചാട്ടത്തില്‍ മറികടന്ന്, ലങ്കയില്‍ എത്തി എന്നു ശ്രീരാമായണത്തില്‍ വര്‍ണിക്കുന്നുണ്ടല്ലോ. അതിനുള്ള ഉപായം-ശ്രീരാമനാമചിഹ്നിതമായ അംഗുലീയകം.  ആ ഭക്തോത്തമന്റെ കയ്യിലും, ശ്രീരാമനാമം നാക്കിലും ഉണ്ടായിരുന്നു എന്നാണല്ലോ. അതുപോലെ വല്ല ഉപായവും ഈ ഗുണാതീതന്റെ കയ്യിലും ഉണ്ടാകുമോ? ഇതാണ് മൂന്നാമത്തെ സംശയം.

ഈ മൂന്നു ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയാല്‍ മാത്രമേ നമ്മെപ്പോലെയുള്ളവര്‍ക്ക് ഗുണാതീതനായിത്തീരാന്‍ കഴിയുകയുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.