സുഖങ്ങളെ വെടിയുക

Sunday 8 April 2018 3:45 am IST

ദേഹേന്ദ്രിയ പ്രാണമനശ്ചിദാത്മനാം

സംഗാദജസ്രം പരിവര്‍ത്തതേ ധിയഃ

വൃത്തിസ്തമോമൂലതയാജ്ഞലക്ഷണം 

യാവല്‍ ഭവേത്താവദസൗ ഭവോത്ഭവഃ. 31

ബുദ്ധിയുടെ വൃത്തി ദേഹം, ഇന്ദ്രിയങ്ങള്‍, പ്രാണങ്ങള്‍, മനസ്സ്, ആത്മാവ് എന്നിവയുമായുള്ള സംഗംകൊണ്ട് സദാ പരിവര്‍ത്തനം ചെയ്യപ്പെടുന്നു. അങ്ങനെയുള്ള ബുദ്ധി തമോഗുണത്തിന്റെ ആധിക്യത്താല്‍ അജ്ഞാനത്തില്‍ മുഴുകിക്കിടക്കും. അതുവരെ അജ്ഞാനത്തില്‍ നിന്നുണ്ടാകുന്ന സംസാരവും ഉണ്ടായിരിക്കും.

കുറിപ്പ്- മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിവയാണ് അന്തക്കരണം എന്നറിയപ്പെടുന്നത്. ഇതില്‍ ബുദ്ധി, ശരീരം, ഇന്ദ്രിയങ്ങള്‍, പ്രാണങ്ങള്‍, മനസ്സ്, ആത്മാവ് ഇവയുമായുള്ള ചേര്‍ച്ചകൊണ്ട് പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇപ്രകാരമുള്ള ബുദ്ധി തമോഗുണത്തിന്റെ ആധിക്യംകൊണ്ട് അജ്ഞാനത്തില്‍ മുഴുകിക്കിടക്കും. അങ്ങനെ സംസാരം അനുഭവിച്ചുകൊണ്ടിരിക്കുന്നു. തമോഗുണം മാറി സത്ത്വഗുണം വര്‍ദ്ധിക്കുമ്പോള്‍ ആത്മാന്വേഷണം ആരംഭിക്കും. അപ്പോള്‍ സംസാരത്തില്‍ നിന്നു മോചനം ലഭിക്കും.   

നേതിപ്രമാണേന നിരാകൃതാഖിലോ 

ഹൃദാ സമാസ്വാദിതചില്‍ഘനാമൃതഃ

ത്യജേദശേഷം ജഗദാത്തസദ്രസം 

പീത്വാ യഥാംഭഃ പ്രജഹാതി തല്‍ഫലം. 32

ഇക്കാണുന്നതെല്ലാം നേതി( ഇല്ലാത്തതാണ്) എന്ന പ്രമാണത്താല്‍ എല്ലാത്തിനെയും തിരസ്‌കരിക്കണം. മനസ്സുകൊണ്ട് ബ്രഹ്മാനന്ദമായ ആനന്ദത്തെ ആസ്വദിക്കുക. അതോടെ സുഖദുഃഖാനുഭവത്തോടുകൂടിയ ഈ ലോകം നിസ്സാരമാണ് എന്നുറച്ച് അതിനെ വെടിയുക. ഏതുപോലെയെന്നാല്‍ നന്നായി ദാഹിക്കുന്നവന്‍ ജലാംശമുള്ള ഫലം കഴിച്ചാല്‍ അല്‍പം ദാഹംമാറും. എന്നാല്‍ ജലംതന്നെകിട്ടിയാല്‍ അവന്‍ ഫലം ഉപേക്ഷിച്ചിട്ട് ജലം കുടിക്കുമല്ലോ. അതേപോലെ ഈ ലോകത്തില്‍ നിന്നു ലഭിക്കുന്ന സുഖങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ബ്രഹ്മാനന്ദം ഉണ്ടായാല്‍ ലോകസുഖത്തെ ഉപേക്ഷിക്കാന്‍ പ്രയാസമില്ല.

കുറിപ്പ്- ഈ ലോകത്തില്‍ കാണുന്നതെല്ലാം സംസാരത്തിന്റെ ഭാഗമാണ്. ആത്മാവല്ല. ഓരോന്നിനെയായി എടുത്ത് ഇത് ആത്മാവല്ല, ഇത് ആത്മാവല്ല എന്ന് ഉറച്ചിട്ട് എല്ലാറ്റിനെയും ഉപേക്ഷിക്കണം. ലോകത്തില്‍ നിന്നു കിട്ടുന്ന ഓരോ സുഖവും താല്ക്കാലികവും നിസ്സാരവുമാണ്. എന്നാല്‍ സംസാരത്തെ ഉപേക്ഷിക്കുമ്പോള്‍ കിട്ടുന്ന ബ്രഹ്മാനന്ദം സ്ഥിരമാണ്. ദാഹം മാറാന്‍ ജലം അന്വേഷിക്കുന്ന മനുഷ്യന് ജലാംശമുള്ള പഴം കിട്ടാല്‍ അല്‍പം തൃപ്തനാകും. അപ്പോള്‍ ജലം തന്നെ കിട്ടുകയാണെങ്കില്‍ കൈയിലിരിക്കുന്ന പഴത്തെ ഉപേക്ഷിച്ചിട്ട് വെള്ളം കുടിച്ച് ദാഹം മാറ്റും. അതുപോലെ താല്ക്കാലികമായ ഭൗതിക സുഖങ്ങളെ വെടിഞ്ഞിട്ട് ശാശ്വതമായ ബ്രഹ്മാനന്ദത്തെ പ്രാപിക്കണം.

(ആനന്ദാശ്രമത്തിന്റെ തിരുവനന്തപുരം തിരുമല ശാഖാ മഠാധിപതിയാണ് 

ലേഖകന്‍  8111938329)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.