തോൽപ്പിക്കാൻ ഇറങ്ങി തോൽക്കുന്ന പാർട്ടി

Sunday 8 April 2018 3:50 am IST
അതേ സാര്‍, സിപിഎം ചിന്തിക്കും പോലെ അണികളും ജനങ്ങളും വോട്ടുചെയ്യുന്നില്ല. നിങ്ങളുടെ ശക്തി തിരിച്ചറിയാനാവുന്നില്ല. അതാണ് പറഞ്ഞത് ഒന്നും രണ്ടും മൂന്നല്ലെന്ന്. കോടിയേരി പറഞ്ഞാലും കോണ്‍ഗ്രസ്സുകാര്‍ക്ക് സിപിഎം വോട്ടു ചെയ്യില്ല. മറിച്ചും അങ്ങിനെയേ സംഭവിക്കൂ. ബിജെപിയെ തറ പറ്റിക്കാന്‍ ഈ ജീവിതത്തില്‍ പിണറായിക്കും കോടിയേരിക്കും സാധിക്കില്ല. ചെങ്ങന്നൂരിലും സംഭവിക്കുന്നത് അതുതന്നെ. ശോഭന ജോര്‍ജ് പിണറായിക്ക് ശോഭ പകര്‍ന്നേക്കും. പക്ഷേ പാര്‍ട്ടിക്കത് പ്രയോജനപ്പെടില്ല.
"undefined"

ആദ്യം അണികളെ തോല്‍പ്പിച്ചു. പിന്നെ ജനങ്ങളെ തോല്‍പ്പിച്ചു. അതു കഴിഞ്ഞ് രാജ്യത്തെ തോല്‍പ്പിച്ചു. ഇനി ബിജെപിയെ തോല്‍പ്പിക്കണം. എന്തുവില കൊടുത്തും ബിജെപിയെ തോല്‍പ്പിക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതിജ്ഞ. തോല്‍പിക്കാന്‍ ഒരുങ്ങി പോര്‍ക്കളത്തിലിറങ്ങുമ്പോള്‍ സ്വയം തോല്‍ക്കുകയാണ് പാര്‍ട്ടി. ഒന്നാം ലോക്സഭയില്‍ രണ്ടാം കക്ഷിയായ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഒരു പതിറ്റാണ്ടിനുശേഷം പിളര്‍ന്ന് പലതായപ്പോഴും വലുപ്പത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു സിപിഎം. ഇന്ന് തോല്‍പ്പിക്കല്‍മാത്രം മുദ്രവാക്യമാക്കിയ പാര്‍ട്ടി തോല്‍വിയുടെ കയ്പുനീര് കുടിക്കുന്നു. ബംഗാള്‍ പോയി. ത്രിപുര ഉണ്ടല്ലോ എന്ന് സമാധാനിച്ചു. ത്രിപുരയില്‍ കൈക്കിലയില്ലാതെ ബിജെപി സിപിഎമ്മിനെ എടുത്തെറിഞ്ഞു. ത്രിപുരയിലെ ബിജെപിയുടെ വളര്‍ച്ച കാണാന്‍ സാധിച്ചില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയിലെ വിലയിരുത്തല്‍.

ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിനെ സഹായിക്കില്ലെന്ന് പ്രകാശ് കാരാട്ടും കേരള പാര്‍ട്ടിയും.  ത്രിപുര വീണ്ടുവിചാരമുണ്ടാക്കി. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിന് വോട്ട് നല്‍കാനും തയ്യാര്‍ എന്നാണ് കാരാട്ടും കോടിയേരിയും ഒടുവില്‍ പ്രസ്താവിച്ചത്.

ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം കോണ്‍ഗ്രസ്സുമായി ചേരുമ്പോള്‍ തോല്‍ക്കുന്നത് കോണ്‍ഗ്രസ്സ് മാത്രമല്ല സിപിഎമ്മും കൂടിയാണ്. ബംഗാള്‍ ഒന്നാന്തരം ഉദാഹരണം കേരളത്തിലെ ഒന്നാംകിട കക്ഷിയായ സിപിഎം മൂന്നാംകിടയാകാന്‍ പോവുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണം സമീപകാല വാര്‍ത്തകള്‍ തന്നെ

കൊല്ലത്തുനിന്നാണ് സിപിഎമ്മിന്റെ ദയനീയാവസ്ഥ പുറത്തുവന്നത്. ''പ്രവര്‍ത്തകരില്ല. രണ്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റികളില്ലാതായി'' എന്ന വിവരം പുറത്തുവന്നത് പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോഴാണ.് കൊല്ലം വെച്ചൂച്ചിറയിലെ ബ്രാഞ്ചു കമ്മിറ്റികള്‍ ഇല്ലാതായത് അംഗത്വം പുതുക്കാതെയും ലെവി നല്‍കാതെയുമാണ്. വെച്ചൂച്ചിറ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ടോമി വര്‍ഗീസ് പുറത്തായി. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിനുമുമ്പുവരെ അവധിയിലായിരുന്നു. ടോമിയെ ഏരിയാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു ധാരണ. പക്ഷേ അതുണ്ടായില്ല. കവല, വര്‍ക്കല മുക്ക് ബ്രാഞ്ചുകള്‍ പാര്‍ട്ടി ഉപേക്ഷിച്ചു. പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കും, പുതിയ പ്രവര്‍ത്തകര്‍ വരാത്തതുംമൂലം ബ്രാഞ്ച് കമ്മിറ്റി ഉപേക്ഷിച്ചു. ശേഷിച്ചവരെ മണ്ണടിശാല, മാര്‍ക്കറ്റ് കുംഭിത്തോട് എന്നീ ബ്രാഞ്ചുകളുമായി ലയിപ്പിച്ചു.

ഇത് കൊല്ലത്തെമാത്രം ചരിത്രമല്ല. കേരളത്തിലെ ഒട്ടുമിക്ക ബ്രാഞ്ചുകളിലേയും അവസ്ഥയാണ്. പാര്‍ട്ടിയോട് മൊഴിചൊല്ലാന്‍ അണികള്‍ വെമ്പല്‍കൊള്ളുകയാണ്. അണികളും അനുഭാവികളും പാര്‍ട്ടിയോട് വിട ചൊല്ലുകയാണ്. നിലനില്‍പ്പിനായി പൊരുതുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് പാര്‍ട്ടിയുടെ രേഖ തന്നെ വ്യക്തമാക്കുകയാണ്. സിപിഎം പാര്‍ട്ടി റിപ്പോര്‍ട്ട് പറയുന്നു:

''കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും നമുക്ക് തിരിച്ചടിയാണ് ഉണ്ടായത്. ദേശീയതലത്തില്‍ പാര്‍ട്ടിക്ക് നേരിട്ട പരാജയമാണ് പ്രത്യേകം പരിശോധന നടത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. കേരളത്തില്‍ 1980 മുതല്‍ ഒന്നിടവിട്ട ഇടവേളകളില്‍ നമ്മുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് അധികാരത്തില്‍ വരാന്‍ കഴിയുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ സ്തംഭനാവസ്ഥയുണ്ട്. ചില മേഖലകളില്‍ പിറകോട്ടടിയും ഉണ്ടായിട്ടുണ്ട്. 

കേരളത്തില്‍ ഭൂരിപക്ഷ പാര്‍ട്ടിയല്ലെങ്കിലും ഒറ്റപാര്‍ട്ടി എന്ന നിലയില്‍ ഏറ്റവും ബഹുജന സ്വാധീനമുള്ള പാര്‍ട്ടിയാണ് സിപിഐ(എം). 1957-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 35.38 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഇഎംഎസ് സര്‍ക്കാര്‍ പിരിച്ചുവിട്ടതിനുശേഷം 1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 39.14 ശതമാനം വോട്ടാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ എതിരാളികളുടെ മുന്നണിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബഹുജന സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ അവിഭക്ത പാര്‍ട്ടിക്ക് അന്നു ലഭിച്ച വോട്ടിംഗ് ശതമാനത്തിലേക്ക് സിപിഐ(എം)ന് എത്താന്‍ പിന്നീട് കഴിഞ്ഞിട്ടില്ല. 1967-ല്‍ സിപിഎം സപ്തകക്ഷി മുന്നണിയായി പ്രവര്‍ത്തിച്ചു. സിപിഐ(എം)ന് 24.56 ശതമാനവും സിപിഐക്ക് 8.57 ശതമാനവും വോട്ടാണ് നേടാനായത്. 1970 മുതല്‍ 1980വരെ സിപിഐ (എം) വിരുദ്ധ മുന്നണി ഒരുഭാഗത്തും സിപിഐ(എം) മുന്നണി എതിര്‍ചേരിയുമായി പ്രവര്‍ത്തിച്ചു. ഈ ഘട്ടത്തില്‍ 1970ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ(എം) ന് 23.83 ശതമാനം വോട്ട് ലഭിച്ചു. പാര്‍ട്ടി പിന്താങ്ങിയ സ്വതന്ത്രന്മാരും ചേര്‍ന്ന് മുന്നണിക്ക് 35.07 ശതമാനം വോട്ടു ലഭിച്ചു. 1977-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും 21.4 ശതമാനം വോട്ടാണ് ലഭിച്ചത്. പാര്‍ട്ടി പിന്താങ്ങിയ സ്വതന്ത്രന്മാരും ചേര്‍ന്ന് മുന്നണിക്കു 43.27 ശതമാനം വോട്ട് ലഭിച്ചു. പിന്നീട് 1980ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപംകൊണ്ടു. ആന്റണി കോണ്‍ഗ്രസ്, മാണി കേരള, സിപിഐ, ആര്‍എസ്പി, അഖിലേന്ത്യാ ലീഗ് എന്നിവര്‍ ചേര്‍ന്ന മുന്നണിക്ക് 50.66 ശതമാനം വോട്ടാണ് ലഭിച്ചത്.

മറ്റു കക്ഷികളുടെ കൂടി സഹായത്തോടെയാണ് 40 ശതമാനത്തിലേറെ വോട്ട് നേടാന്‍ നമുക്ക് കഴിയുന്നത്. നമ്മുടെ പാര്‍ട്ടിയുടെ ബഹുജന സ്വാധീനം 40 ശതമാനത്തോളമായി എത്തിയിട്ടില്ല. എല്‍ഡിഎഫിന്റെ ബഹുജന പിന്തുണ 50ശതമാനത്തില്‍ അധികം നേടാന്‍ 1980 ഒഴികെ ഒരു ഘട്ടത്തിലും വിവിധ പാര്‍ട്ടികളുമായി മുന്നണി ഉണ്ടാക്കിയിട്ടും കഴിയുന്നില്ല. 1980ലെ മുന്നണിയില്‍ ആന്റണി കോണ്‍ഗ്രസ്സും മാണി കേരളയും ഉണ്ടായിരുന്നു. ഈ പാര്‍ട്ടികള്‍ മുന്നണി വിട്ടുപോയതിനുശേഷം 1982-ലെ മുന്നണിയിലെ തുടര്‍ച്ചയെന്ന നിലയിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തിച്ചുവരുന്നത്.

യുഡിഎഫിന്റെ പിന്നില്‍ അണിനിരന്നിട്ടുള്ള ബഹുജനങ്ങളെ ആകര്‍ഷിച്ച് സിപിഐ (എം)ന്റെ ബഹുജന അടിത്തറ വിപുലീകരിക്കണം. ഇതുവഴി യുഡിഎഫിനെ ശിഥിലമാക്കാന്‍ കഴിയും. യുഡിഎഫിലേയും കോണ്‍ഗ്രസിലേയും അനൈക്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ ബഹുജന സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ബിജെപി-ആര്‍എസ്എസ് ജാതിമത ബോധം ഉപയോഗിച്ചും, ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയുമാണ് പ്രവര്‍ത്തിക്കുന്നത്. വിശ്വാസികളായ ബഹുജനങ്ങളെ നമ്മുടെ പാര്‍ട്ടിയില്‍നിന്നും അകറ്റാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കുകയും ഹിന്ദുത്വ വര്‍ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ ജനങ്ങളെ അണിനിരത്തുകയും വേണം. 

ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സിപിഐ(എം) കഴിഞ്ഞാല്‍ മറ്റു പാര്‍ട്ടികളില്‍ സിപിഐക്കാണ് സംസ്ഥാനത്താകെ ചില കേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നത്. മറ്റു കക്ഷികളെല്ലാം ചില പ്രത്യേക കേന്ദ്രങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. യുഡിഎഫിനും എന്‍ഡിഎയ്ക്കുമെതിരെ അണിനിരത്താന്‍ കഴിയുന്ന ജനവിഭാഗങ്ങളെ ആകര്‍ഷിച്ച് മുന്നണിയുടെ ബഹുജന അടിത്തറ വിപുലീകരിക്കണം.

പാര്‍ട്ടിയുടെ സ്വതന്ത്ര സ്വാധീന ശക്തി വികസിക്കുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്‌നം. പാവപ്പെട്ടവരില്‍ മഹാഭൂരിപക്ഷം നമ്മുടെ കൂടെ ഉണ്ടായിരുന്ന സ്ഥിതിക്ക് മാറ്റം വന്നുകൊണ്ടിരിക്കുന്നുവെന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കണം. നാലരലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍, 1,80,163 അനുഭാവി ഗ്രൂപ്പ് അംഗങ്ങള്‍, വര്‍ഗബഹുജന സംഘടനകളിലായി 1,62,64,305 അംഗങ്ങള്‍. ഇതില്‍ ഇരട്ടിപ്പ് ഉണ്ടാകുമെങ്കിലും ബഹുജന സംഘടനയിലും വര്‍ഗ സംഘടനയിലും അംഗങ്ങളായി ഒരു കോടിയിലേറെ പേരെങ്കിലും നമ്മളുമായി ബന്ധപ്പെട്ട സംഘടനകളില്‍ ഉണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ 2016-ലെ തെരഞ്ഞെടുപ്പില്‍ നമ്മുടെ മുന്നണിക്ക് ലഭിച്ച വോട്ട് 87,25,939 ആണ്. പാര്‍ട്ടി അംഗങ്ങളും അനുഭാവി ഗ്രൂപ്പു അംഗങ്ങളും വര്‍ഗ ബഹുജന സംഘടനകളിലെ അംഗങ്ങളും നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് നമ്മുടെ സ്വതന്ത്ര ശക്തി വികസിപ്പിക്കുന്നതില്‍ പാര്‍ട്ടി നേരിടുന്ന പ്രധാന പോരായ്മ.''

അതേ സാര്‍, സിപിഎം ചിന്തിക്കുംപോലെ അണികളും ജനങ്ങളും വോട്ടുചെയ്യുന്നില്ല. നിങ്ങളുടെ ശക്തി തിരിച്ചറിയാനാവുന്നില്ല. അതാണ് പറഞ്ഞത് ഒന്നും രണ്ടും മൂന്നല്ലെന്ന്. കോടിയേരി പറഞ്ഞാലും കോണ്‍ഗ്രസ്സുകാര്‍ക്ക് സിപിഎം വോട്ടു ചെയ്യില്ല. മറിച്ചും അങ്ങിനെയേ സംഭവിക്കൂ. ബിജെപിയെ തറ പറ്റിക്കാന്‍ ഈ ജീവിതത്തില്‍ പിണറായിക്കും കോടിയേരിക്കും സാധിക്കില്ല. ചെങ്ങന്നൂരിലും സംഭവിക്കുന്നത് അതുതന്നെ. ശോഭന ജോര്‍ജ് പിണറായിക്ക് ശോഭ പകര്‍ന്നേക്കും. പക്ഷേ പാര്‍ട്ടിക്കത് പ്രയോജനപ്പെടില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രി പറഞ്ഞത് കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്ന്. ത്രിപുര- അത് സത്യമാണ്, ചരിത്രമാണ്. സിപിഎം നിലനില്‍ക്കാന്‍ ജെട്ടിമാറ്റി പിടിക്കണം. ഭാരത ചരിത്രവും ചാരിത്ര്യവും വിസ്മരിക്കുന്ന സിപിഎമ്മിന് ജയിക്കാനാവില്ലെന്ന് മാത്രമല്ല, നിലനില്‍ക്കാനും അര്‍ഹതയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.