ചക്കാമ്പുഴ ബിആര്‍സി വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

Sunday 8 April 2018 2:00 am IST
പാലാ: രാമപുരം റൂട്ടില്‍ ചക്കാമ്പുഴ ബിആര്‍സി കവാടത്തിനടുത്തുള്ള വളവ് സ്ഥിരം അപകടമേഖലയായി. ബിആര്‍സി കോമ്പൗണ്ടിനോട് ചേര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന മണ്‍തിട്ടയില്‍ കാട്ടുചെടികള്‍ പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. ഇതിനാല്‍ രാമപുരം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ക്ക് ഇവിടെ വഴി കാണാന്‍ പറ്റുന്നില്ല. ഈ ഭാഗത്ത് വളവില്‍ റോഡിന് വീതിയും കുറവാണ്.

 

പാലാ: രാമപുരം റൂട്ടില്‍ ചക്കാമ്പുഴ ബിആര്‍സി കവാടത്തിനടുത്തുള്ള വളവ് സ്ഥിരം അപകടമേഖലയായി. ബിആര്‍സി കോമ്പൗണ്ടിനോട് ചേര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന മണ്‍തിട്ടയില്‍ കാട്ടുചെടികള്‍ പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. ഇതിനാല്‍ രാമപുരം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ക്ക് ഇവിടെ വഴി കാണാന്‍ പറ്റുന്നില്ല. ഈ ഭാഗത്ത് വളവില്‍ റോഡിന് വീതിയും കുറവാണ്. രാമപുരം ഭാഗത്ത് നിന്ന് ഇറക്കമിറങ്ങി വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ബിആര്‍സി വളവില്‍ തൊട്ടടുത്തെത്തുമ്പോഴാണ് എതിര്‍വശത്ത് നിന്നു വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. പലപ്പോഴും വാഹനങ്ങള്‍ സഡന്‍ബ്രേക്ക് ഇടുന്നതുമൂലം അപകടങ്ങള്‍ തലനാരിഴയ്ക്ക് ഒഴിവാകുകയാണ്. ബിആര്‍സി ഓഫീസില്‍ ദിവസേന വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേര്‍ എത്താറുണ്ട്. ഒപ്പം ചക്കാമ്പുഴ ഗവണ്‍മെന്റ് യുപി സ്‌കൂളിലേക്കുള്ള ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇതുവഴിയാണ് വരുന്നത്. ബിആര്‍സി കോമ്പൗണ്ടില്‍ നിന്നും മെയിന്‍ റോഡിലേക്ക് വാഹനങ്ങള്‍ ഇറങ്ങുന്നതും രാമപുരം ഭാഗത്തുനിന്നു വരുന്ന  വാഹന ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കില്ല. ഇതും അപകടത്തിന് കാരണമാകുന്നു.

ഉന്നത നിലവാരത്തില്‍ റോഡ് പണിതതിന് ശേഷം കഴിഞ്ഞ അഞ്ചുമാസത്തിനിടെ നാല് അപകടങ്ങള്‍ ഈ ഭാഗത്ത് ഉണ്ടായതായി ബിആര്‍സി പ്രോജക്ട് ഓഫീസര്‍ രാജീവ് പറയുന്നു. പലരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഈ ഭാഗത്ത് കൂടി സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്നതിനാല്‍ ആശങ്കയിലാണെന്ന് ചക്കാമ്പുഴ ഗവ. യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് തോമസ് പറയുന്നു. പലപ്പോഴും അദ്ധ്യാപകര്‍ വളവില്‍ വന്നുനിന്ന് കുട്ടികള്‍ക്ക് സുരക്ഷിതയാത്ര ഒരുക്കുകയാണ് ചെയ്യുന്നത്.

വളവിലെ മണ്‍തിട്ട ഇടിച്ച് റോഡിന് വീതികൂട്ടുന്നതാണ് പരിഹാരം.  കാഴ്ച മറയ്ക്കുന്ന കാട്ടുചെടികള്‍ നശിപ്പിക്കണം. തത്ക്കാലം മിറര്‍ എങ്കിലും സ്ഥാപിച്ച് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ പരസ്പരം കാണാനുള്ള സൗകര്യം അടിയന്തിരമായി ഒരുക്കണമെന്ന് ബിആര്‍സി ജീവനക്കാരും യുപി സ്‌കൂള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആവശ്യപ്പെടുന്നു. സ്വകാര്യവ്യക്തികള്‍ പുറമ്പോക്ക് ഭൂമി കൈവശം വച്ചിരിക്കുന്നതിനാലാണ് ബിആര്‍സി വളവിലെ റോഡ് വികസനം തടസ്സപ്പെടുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.