ഗവർണർ തടഞ്ഞു; ബിൽ പൊളിഞ്ഞു

Sunday 8 April 2018 4:25 am IST

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വഴിവിട്ട പ്രവേശനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ കൊണ്ടുവന്ന സ്വാശ്രയ മെഡിക്കല്‍ ബില്‍ ഗവര്‍ണ്ണര്‍ എസ്. സദാശിവം തടഞ്ഞു. ഇതോടെ അരക്കോടി മുതല്‍ ഒരു കോടി വരെ കോഴ വാങ്ങി നടത്തിയ പ്രവേശനങ്ങള്‍ സാധുവാക്കാന്‍  ഭരണ-പ്രതിപക്ഷങ്ങള്‍ നടത്തിയ ഒത്തുകളിയും അതിനു വേണ്ടി കൊണ്ടുവന്ന നിയമവും പൊളിഞ്ഞു. ഇരു കൂട്ടര്‍ക്കും കനത്ത തിരിച്ചടിയാണ് ഗവര്‍ണ്ണറുടെ നടപടി.

സുപ്രീം കോടതി പുറത്താക്കിയ 180 വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍  നിയമസഭ പാസാക്കിയ ബില്ലാണ് ഗവര്‍ണ്ണര്‍ ഒപ്പിടാതെ തടഞ്ഞുവച്ചത്. ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണിത്. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. ഇതോടെ ബില്‍ അസാധുവായി. 

'പ്രവേശനത്തില്‍ നിര്‍ബന്ധമായും പാലിക്കേണ്ട സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളാണ് ഓര്‍ഡിനന്‍സിലൂടെ ഇല്ലാതായത്. കോടതി ഉത്തരവ് മറികടന്ന് പ്രവേശനം ക്രമപ്പെടുത്തുന്നത് അനുവദിക്കാനാവില്ല തുടങ്ങിയ കാര്യങ്ങള്‍ സുപ്രീംകോടതി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. അതിനാല്‍ നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നല്‍കുന്നില്ല'- എന്ന കുറിപ്പോടെയാണ് ഗവര്‍ണര്‍ ബില്‍ തള്ളിയത്. ബില്ലില്‍ ഒപ്പിടരുതെന്ന് അഭ്യര്‍ഥിച്ച്  ബിജെപി സംഘം ഗവര്‍ണറെ കണ്ടിരുന്നു. 

ബില്‍ ഇന്നലെ രാവിലെയാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. നിയമസെക്രട്ടറി രാജ്ഭവനിലെത്തി ഫയല്‍ കൈമാറുകയായിരുന്നു. ബില്‍ നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ കുറിപ്പോടെയാണ് നല്‍കിയത്. കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടായാല്‍  നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗവര്‍ണര്‍ ബില്‍ തള്ളിയതോടെ ഇതുവരെയുള്ള സര്‍ക്കാര്‍ നടപടികളെല്ലാം അസാധുവായി. ബില്ലിനു മുന്നോടിയായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഇനി ഓര്‍ഡിനന്‍സ് പുറത്തിറക്കണമെങ്കില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നടപടിക്രമങ്ങള്‍ ആദ്യം മുതല്‍ തുടങ്ങണം. മടക്കിയ ബില്‍ വീണ്ടും അയച്ചാല്‍ ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടതായി വരും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബില്‍ വീണ്ടും അയയ്ക്കാനുള്ള സാധ്യതയില്ല.  ബില്ല് തടഞ്ഞത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.