ജില്ലാ ആശുപത്രിയില്‍ വൃക്കരോഗ വിദഗ്ധനില്ലാത്ത രോഗികള്‍ക്ക് ദുരിതമാകുന്നു

Saturday 7 April 2018 10:36 pm IST

 

കണ്ണൂര്‍: ജദിനംപ്രതി വൃക്കരോഗികള്‍ക്ക് കൂടി വരുന്ന സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയില്‍ വൃക്കരോഗ വിദഗ്ധനില്ലാത്തത് പാവപ്പെട്ട രോഗികള്‍ക്ക് ദുരിതമായി മാറുന്നു. ഗുരുതരമായി വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ക്കും ചികിത്സ തേടുന്നവര്‍ക്കും യഥാസമയം ചികിത്സയും പരിചരണവും ലഭിക്കാന്‍ സ്വകാര്യ ആശുപത്രികളെ വന്‍ ഫീസ് നല്‍കി ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ജില്ലയില്‍ ജില്ലാ ആശുപത്രിയിലടക്കം വിവിധ ആശുപത്രികളായി 28 ഡയാലിസിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ 2000ത്തിലേറെപ്പോര്‍ ഹിമോ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇത്രയേറെ രോഗികളെ പരിശോധിക്കാന്‍ ജില്ലാ ആശുപത്രിയില്‍ വൃക്കരോഗ വിദഗ്ധനില്ലാത്തത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ജില്ലയിലെ രണ്ട് സഹകരണ ആശുപത്രികളിലും രണ്ട് സ്വകാര്യ ആശുപത്രികളിലും മാത്രമേ നെഫ്രോളജിസ്റ്റുകളുടെ സേവനം ലഭിക്കുന്നുള്ളൂ. വിവിധ സെന്ററുകളില്‍ നിന്നും രോഗം കൂടുതലായാല്‍ ഇത്തരം രോഗികള്‍ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ജില്ലാ ആശുപത്രിയില്‍ ഇത്തരം ആവശ്യങ്ങളുമായെത്തിയാല്‍ പല കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുകയാണ് പതിവെന്നും പരാതിയുണ്ട്. ഡയാലിസിസ് കേന്ദ്രങ്ങളില്‍ നെഫ്രോളജിസ്റ്റിന്റെയും വിദഗ്ദനായ ടെക്‌നീഷ്യന്റെയും സേവനം അനിവാര്യമാണെങ്കിലും ഇപ്പോള്‍ പല സ്ഥലത്തും ഇത് ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലെ നെഫ്രോളജിസ്റ്റുകളുടെ ചികിത്സയിലാണ് കണ്ണൂരിലെ ഏറെ രോഗികളും. ഡയാലിസിസിന് വിധേയമാക്കിക്കൊണ്ട് ഓരോ ദിവസവും ജീവന്‍ നിലനിര്‍ത്തിക്കിട്ടുന്ന ഇവര്‍ക്ക് ഡയാലിസിസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ആകസ്മികമായി ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് മംഗലാപുരത്തോ കോഴിക്കോടോ ചികിത്സ തേടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് പകരം ഇത്തരം രോഗികള്‍ക്ക് സര്‍ക്കാര്‍ തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ജില്ലാ ആശുപത്രിയില്‍ നെഫ്രോജിസ്റ്റിനെ നിയമിക്കണമെന്നും സ്ഥിരം നിയമനം നടത്തുന്നത് വരെ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കണമെന്നും കിഡ്‌നി കെയര്‍ കേരള കണ്ണൂര്‍ പ്രസിഡണ്ട് പി.പി.കൃഷ്ണന്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.